scorecardresearch
Latest News

കീറ്റോ ഡയറ്റ് വൃക്ക തകരാറിലേക്ക് നയിക്കുമോ? വിദഗ്ധർ പറയുന്നു

കീറ്റോ ഡയറ്റ് പിൻതുടർന്ന നടി മിസ്തി മുഖർജി വൃക്ക തകരാർ മൂലം മരിച്ചതോടെ ഡയറ്റ് ഉയർത്തുന്ന അപകടങ്ങളെ കുറിച്ച് ആശങ്കകൾ ഏറെയാണ്

Keto diet, Misti Mukherjee death, Misti Mukherjee keto diet death, can keto diet cause death, Misti Mukherjee kidney failure, Misti Mukherjee death news

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഫിറ്റ്നസ് പ്രേമികൾക്കിടയിൽ പ്രശസ്തി നേടിയ ഒന്നാണ് കീറ്റോ ഡയറ്റ്. നിരവധി പേരാണ് കീറ്റോ ഡയറ്റിലൂടെ മാസങ്ങൾകൊണ്ട് ശരീരഭാരം കുറച്ച് പുത്തൻ മേക്ക് ഓവർ നടത്തിയിരിക്കുന്നത്. എന്നാൽ കീറ്റോ ഡയറ്റ് പിൻതുടർന്ന നടി മിസ്തി മുഖർജി വൃക്ക തകരാർ മൂലം മരിച്ചതോടെ ഡയറ്റിനെ കുറിച്ച് ആളുകൾ ആശങ്കാകുലരാണ്.

മിസ്തി മുഖർജി കീറ്റോ ഡയറ്റ് പിൻതുടർന്നു വരികയായിരുന്നുവെന്നും അതിനെ തുടർന്നാണ് ആരോഗ്യം മോശമായതെന്നുമാണ് നടിയുടെ കുടുംബത്തിന്റെ പ്രസ്താവന. മിസ്തിയുടെ മരണം കീറ്റോ ഡയറ്റ് ഉയർത്തുന്ന അപകടങ്ങളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്.

Read in English: Death by diet: How risky is keto? Experts answer

എന്താണ് കീറ്റോ ഡയറ്റ്?

ശരീരത്തിനു ആവശ്യമായ ഊർജം സാധാരണമായി ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ (കാര്‍ബോഹൈഡ്രേറ്റ്) നിന്നുമാണ്. എന്നാൽ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുകയാണ് കീറ്റോ ഡയറ്റില്‍. ശരീരത്തിലെ അന്നജത്തിന്റെ അളവ് കുറയുന്നതോടെ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാകും. ശരീരം കൊഴുപ്പിനെ അംമ്ലങ്ങളാക്കിയും പിന്നീട് കീറ്റോണുകളാക്കിയും മാറ്റുന്നു. ഈ കീറ്റോണുകളെ ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നതോടെ ശരീരഭാരം കുറയും.

കീറ്റോ വഴി, രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നതിനാൽ പ്രമേഹരോഗികളും ഈ ഡയറ്റ് വ്യാപകമായി പിന്തുടർന്നു വരുന്നുണ്ട്. അപസ്മാരബാധയുള്ള കുട്ടികളിൽ ജ്വരസന്നി കുറയ്ക്കാനാണ് പ്രാഥമികമായി കീറ്റോ ഡയറ്റ് ഉപയോഗിക്കുന്നത് എന്നാണ് പോഷകാഹാര വിദഗ്ധ രുചി ശർമ ചൂണ്ടികാണിക്കുന്നത്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, ഓട്ട്‌സ്, കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര എന്നിവയെല്ലാം കീറ്റോ ഡയറ്റിൽ ഒഴിവാക്കപ്പെടും. പകരം വെണ്ണ, നെയ്യ്, ബീഫ്, മട്ടണ്‍, മീന്‍, മുട്ട, നാടന്‍ കോഴി ,വെളിച്ചെണ്ണ, ഒലിവോയില്‍ എന്നിവയെല്ലാം കീറ്റോ ഡയറ്റിന്റെ ഭാഗമാവും.

keto diet, Misti Mukherjee death, Misti Mukherjee keto diet death, can keto diet cause death, Misti Mukherjee kidney failure, Misti Mukherjee death news

കീറ്റോ ഡയറ്റ് വൃക്ക തകരാറിലേക്ക് നയിക്കുമോ?

“ഇത് അപൂർവ്വമായൊരു കേസാണ്. മുൻപ് രോഗമുണ്ടാവുകയും ആ വ്യക്തി ഡയറ്റ് പിന്തുടരുകയും ചെയ്താൽ ഇങ്ങനെ സംഭവിക്കാം. കീറ്റോ ഡയറ്റ് പിൻതുടരുന്ന ഒരാൾക്ക് കൂടിയ അളവ് കൊഴുപ്പിനും പ്രോട്ടീനുമൊപ്പം കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റും ആവശ്യമാണ്. ഇത്തരത്തിൽ ഒരു വ്യക്തി ഡയറ്റ് തുടരുമ്പോൾ അത് വൃക്കകളെ ബാധിക്കും,” നടി മിസ്തി മുഖർജിയുടെ മരണത്തെ കുറിച്ച് ഫോർട്ടീസ് ഹോസ്‌പിറ്റലിലെ കൺസൽട്ടന്റ് ഫിസിഷനായ ഡോ. പ്രദീപ് ഷാ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ആളുകൾ സംസ്കരിച്ച ചീസ്, വെണ്ണ എന്നിവ ഉപയോഗിച്ച് കീറ്റോ ചെയ്യുന്നത് കാണാറുണ്ട്. ദീർഘനാൾ ഇത് തുടരുമ്പോൾ, കൊളസ്ട്രോൾ ലെവൽ ഉയരാനുള്ള സാധ്യതയേറെയാണ്. പ്രോട്ടീന്റെ അളവ് കൂടുന്നതും വൃക്കകളിൽ സമ്മർദ്ദം ചെലുത്തും. കീറ്റോയിലൂടെ ഉയർന്ന അളവ് പ്രോട്ടീൻ ശരീരത്തിൽ എത്തുന്നതും വൃക്കയ്ക്ക് താങ്ങാനാവില്ല. ” രുചി ശർമ പറയുന്നു.

ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് വലിയ അളവിൽ കുറയുന്നതും വൃക്കകൾക്ക് അമിത അധ്വാനം വരുന്നതും ക്രമേണ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കാം. കീറ്റോ പോലുള്ള ഡയറ്റുകൾ പിൻതുടരുന്നവർ ആറുമാസം ഡയറ്റ് പിൻതുടർന്ന് പിന്നീട് ഒന്നോ രണ്ടോ മാസങ്ങൾ അവധിയെടുത്ത് വീണ്ടും ആരംഭിക്കുന്നതാവും ആരോഗ്യകരമെന്നും രുചി ശർമ അഭിപ്രായപ്പെടുന്നു.

Keto diet, Misti Mukherjee death, Misti Mukherjee keto diet death, can keto diet cause death, Misti Mukherjee kidney failure, Misti Mukherjee death news

കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഏതൊരു ഡയറ്റും ദീർഘകാലത്തേക്ക് പിൻതുടരുകയാണെങ്കിൽ അവ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും പാലിയോ ഡയറ്റും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും രുചി ശർമ വ്യക്തമാക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിലെ ഭക്ഷണരീതിയുടെ ആധുനികമായ ഒരു രീതിയാണ് പാലിയോ ഡയറ്റ് അഥവാ സ്റ്റോൺ- ഏജ് ഡയറ്റ്.

പഞ്ചസാരയുടെ അളവ് കൂടിയ കൃത്രിമമായി നിർമ്മിക്കുന്ന ശീതളപാനിയങ്ങൾ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ എന്നിവ തുടർച്ചയായി കഴിക്കുന്നതും വൃക്കകളെ ബാധിക്കും. പ്രിസർവേറ്റീവ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ കൂടിയ അളവിൽ സോഡിയവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇവയും വൃക്കയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കും.

“പലതരം രോഗങ്ങൾ, ടോക്സിൻ, മരുന്നുകൾ എന്നിവ വൃക്കസംബന്ധമായ തകരാറുകൾക്ക് കാരണമാകുമെങ്കിലും, വൃക്കരോഗങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ്. ഇവ വൃക്കകളുടെ അതിലോലമായ രക്തക്കുഴലുകളെയും കോശങ്ങളെയും ഈ അവസ്ഥകളെ കാര്യമായി കണക്കിലെടുത്തില്ലെങ്കിൽ വിട്ടുമാറാത്ത വൃക്കരോഗവും വൃക്കകൾ തകരാറിലാവുന്നതുമാവും അനന്തര ഫലം,” രുചി ശർമ പറയുന്നു.

കീറ്റോ ഡയറ്റ് പിൻതുടരുന്നതിനു പകരം കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തിയും ഹൃദയത്തിനും ശരീരത്തിനും ഗുണകരമായ ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുന്നതുമാണ് ആരോഗ്യകരമെന്നാണ് രുചി ശർമ നിർദ്ദേശിക്കുന്നത്. പഴങ്ങൾ, പല നിറങ്ങളിലുള്ള പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് നീക്കിയ പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിൽ പതിവാക്കുക. ഒപ്പം വ്യായാമവും ദിനചര്യയുടെ ഭാഗമാക്കുക, ശരീരം വിയർക്കുമ്പോൾ അത് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളും.

Read more: കൊറോണക്കാലത്ത് കഴിക്കേണ്ട ഭക്ഷണം; കീറ്റോ ഡയറ്റ് വേണ്ടേ വേണ്ട

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Keto diet death by diet how risky is keto experts answer