കുടുംബത്തോടൊപ്പം കേരളത്തിനകത്ത് ഒരു വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്ന ആരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുക മൂന്നാറും വാഗമണും വയനാടും ആലപ്പുഴയുമൊക്കെയാകും. ചെറുപ്പക്കാരാണെങ്കിൽ മീശപ്പുലിമയിൽ മഞ്ഞു പെയ്യുന്നതൊക്കെ കണ്ട് മടുത്തു. സ്ഥിരം ഡെസ്റ്റിനേഷനുകളിൽ നിന്ന് ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് നിങ്ങളെ കാത്തിരിപ്പുണ്ട്. കാട്ടിലെ മഴയുടെ സൗന്ദര്യമാസ്വദിച്ച് പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങി പ്രകൃതി ഒരുക്കിയ സ്വിമ്മിങ് പൂളിൽ കിടന്ന് വെള്ളച്ചാട്ടം ആസ്വദിക്കാനാണ് കേരാളാംകുണ്ട് നിങ്ങളെ വിളിക്കുന്നത്.

ഒരു സുഹൃത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഞങ്ങളെ കേരളാംകുണ്ടിലേക്കെത്തിച്ചത്. അത്ര ആകർഷണീയമായിരുന്നു കേരളാംകുണ്ടിന്റെ ചിത്രങ്ങൾ. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ദേശീയ സാഹസിക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ മലപ്പുറം ജില്ലയിലെ ആദ്യ ടൂറിസം കേന്ദ്രമാണ് കേരളാംകുണ്ട്. പശ്ചിമഘട്ട പർവതനിരയുടെ നിഴലിൽ, സമുദ്രനിരപ്പിൽ നിന്നും 1350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുമ്പൻമലയുടെ അടിവാരത്തിലാണ് ഈ വെള്ളച്ചാട്ടം. മലമുകളിലെ വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീർചോലകൾ സംഗമിച്ചാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ അപൂർവ്വയിനം സസ്യ-ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം.

KeralamKundu

മലപ്പുറം ജില്ലയിലെ പ്രമുഖ നഗരമായ പെരിന്തൽമണ്ണയിൽ നിന്ന് 28 കിലോമീറ്റർ യാത്രചെയ്താൽ കരുവാരക്കുണ്ട് എത്താം. കരുവാരക്കുണ്ടിൽ നിന്ന് ആറ് കിലോമീറ്ററാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. ഇതിൽ നാല് കിലോമീറ്റർ വരെ സാധാരണ റോഡ് ഉണ്ട്. ബാക്കി രണ്ട് കിലോമീറ്റർ ഓഫ് റോഡ് ആണ്. ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്നവർക്ക് തികച്ചും അനുയോജ്യമാണ് ഈ രണ്ട് കിലോമീറ്റർ കാട്ടു പാത. ബുള്ളറ്റ് റൈഡേഴ്സിനും ഈ യാത്ര ഏറെ പ്രിയങ്കരമാകും. ഇതൊന്നുമല്ലെങ്കിൽ ബേസ് പോയിന്റിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. 300 രൂപയാണ് ജീപ്പുകൾ ഈടാക്കുന്നത്. കല്ലുപാകിയ കാട്ടു പാതയിലൂടെയുള്ള നടത്തവും രസകരം തന്നെ.

വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും കാണാം. പത്ത് രൂപയാണ് പ്രവേശന ഫീസ്. ഒരു ലഘു ഭക്ഷണശാലയും ഉണ്ട്. മുൻകൂട്ടി ഓർഡർ നൽകുന്നതിനനുസരിച്ച് ഇവിടെ നിന്നും ഊൺ തയ്യാറാക്കി തരും. ചായയും അത്യാവശ്യം വേണ്ട മറ്റു സാധനങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.

വെള്ളച്ചാട്ടത്തിന് മുകളിൽ നിർമിച്ചിരിക്കുന്ന ഇരുമ്പുപാലത്തിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനാവും. പക്ഷേ വെറുതെ അങ്ങനെ സൗന്ദര്യം ആസ്വദിച്ച് നിൽക്കാൻ ആർക്കും സാധിക്കില്ല. പ്രകൃതി ഒരുക്കിയ നീന്തൽ കുളം കണ്ടാൽ ഒരു കുളിപസ്സാക്കാതെ ആർക്കും മടങ്ങാനാവില്ല. പക്ഷേ കുളിക്കാൻ അൽപ്പം സാഹസികമായി തന്നെ താഴെയിറങ്ങണം. ഇരുന്പുപാലത്തിൽ നിന്ന് താഴേക്ക് കെട്ടിയിട്ടിരിക്കുന്ന കയറിൽ പിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങണം. നേരത്തെ വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് നിന്ന് തഴേക്ക് ചാടാൻ സൗകര്യമുണ്ടായിരുന്നെങ്കിലും അപകട സാധ്യത മുൻനിർത്തി അത് തടഞ്ഞിരിക്കുകയാണ്.

കടപ്പാട്: കേരളാംകുണ്ട് ഫെയ്സ്ബുക്ക് പേജ്

മഴക്കാലത്ത് പാറകളിൽ തെന്നലുള്ളതിനാൽ വളരെ ശ്രദ്ധിച്ച് വേണം വെള്ളത്തിലിറങ്ങാൻ. തണുത്തുറഞ്ഞ വെള്ളത്തിലേക്കാണ് നിങ്ങൾ ഇറങ്ങുന്നത്. ആദ്യ മുങ്ങലിൽ തന്നെ തണുപ്പിനെ നിങ്ങൾക്ക് കീഴടക്കാനാകും. പിന്നെ വെള്ളച്ചാട്ടത്തിന് കീഴിൽ പ്രകൃതിയുടെ സംഗീതവും ആസ്വദിച്ച് നീരാടാം. ആർഭാടമായിത്തന്നെ. അനുഭൂതിയും ഉന്മേഷവും നിറഞ്ഞ കുളി.

കുടുംബവുമായി ഇവിടെയെത്തുന്നവർ പ്രവൃത്തി ദിവസങ്ങൾ തെരഞ്ഞെടുത്താൽ തിരക്ക് വളരെ കുറവായിരിക്കും. കുളത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതാകും സുരക്ഷിതം. വെകിട്ട് അഞ്ച് മണി വരെയാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനാവുക.

മഴക്കാലത്ത് കേരളാംകുണ്ടിലെത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മഴക്കാലമായാൽ വെള്ളച്ചാട്ടത്തിലെ പാറകളിൽ നല്ല വഴുക്കൽ ഉണ്ടാവും, കാല് തെന്നി വീണ് ഗുരുതരമായ അപകടം ഉണ്ടാവാൻ സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ പാറക്കെട്ടിനു മുകളിൽ നിന്നും വെളളത്തിലോട്ട് ചാടാതിരിക്കുക. ഇരുന്പുപാലത്തിൽ കെട്ടിയിട്ടിരിക്കുന്ന കയർ വഴി മാത്രം വെള്ളത്തിലിറങ്ങുക. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്തേക്ക് മഴ കുറവാണെങ്കിലും മലമുകളിൽ മഴ പെയ്ത് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. അതു കൊണ്ട് വെള്ളച്ചാട്ടത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. സാഹസികതയോടൊപ്പം അൽപം ഉത്തരവാദിത്വം പുലർത്തിയാൽ തീർത്തും സുരക്ഷിതമായി കേരളാംകുണ്ടും വെള്ളച്ചാട്ടവും കുളിയും ആസ്വദിക്കാം.

കടപ്പാട്: ഫെയ്സ്ബുക്ക്

കേരളാംകുണ്ട് ദൂരം:

തിരുവനന്തപുരം- 374 കിലോമീറ്റർ

കൊച്ചി- 185 കിലോമീറ്റർ

കോഴിക്കോട്- 84 കിലോമീറ്റർ

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ: 37 കിലോമീറ്റർ

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ: 66 കിലോമീറ്റർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ