Latest News

ഭർത്താവിനെ തേടി ലണ്ടനിൽ നിന്നും കേരളത്തിലേക്കൊരു യുവതി

പാക്കിസ്ഥാനിൽ വേരുകളുള്ള ബ്രിട്ടീഷുകാരിയാണ് മറിയം ഖാലിഖ്. തികച്ചും അപ്രതീക്ഷിതമായാണ് മലയാളിയായ കുന്നമ്പത്ത് നൗഷാദ് ഹൂസൈനെ മറിയം പരിചയപ്പെടുന്നത്.

Mariyam Khaliq

മറിയം ഖാലിഖ് എന്ന 34 കാരി ഒരിക്കലും കേരളം മറക്കില്ല. കേരളത്തിൽ നിന്ന് തനിക്കുണ്ടായ അനുഭവവും മറക്കില്ല. സ്‌നേഹിച്ച് വിവാഹം കഴിച്ച പുരുഷനെ തേടി കേരളത്തിലെത്തിയ മറിയത്തിന് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വേദനിക്കുന്ന അനുഭവമാണ് കിട്ടിയത്. ഇംഗ്ളണ്ടിൽ ജീവിക്കുന്ന മറിയത്തെ കേരളത്തിലെത്തിച്ചത് ഭർത്താവ് ഹുസൈനെ തേടിയുള്ള യാത്രയാണ്. പാക്കിസ്ഥാനിൽ വേരുകളുള്ള ബ്രിട്ടീഷുകാരിയാണ് മറിയം ഖാലിഖ്. തികച്ചും അപ്രതീക്ഷിതമായാണ് മലയാളിയായ കുന്നമ്പത്ത് നൗഷാദ് ഹൂസൈനെ മറിയം പരിചയപ്പെടുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇരുവരും അടുത്തത്. ആ സമയത്ത് സ്കോട്‌ലൻഡിൽ പഠിച്ചു കൊണ്ടിരിക്കയായിരുന്നു ഹുസൈൻ. ഫെയ്സ്ബുക്കിലൂടെയുള്ള സൗഹൃദം പിന്നെ പ്രണയമായി. 18 മാസം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ 2013 ൽ ഇരുവരും വിവാഹിതരായി.

Mariyam Khaliq, UK native

വിവാഹത്തിനു ശേഷമായിരുന്നു മറിയത്തിന്റെ ജീവിതം മാറിമറഞ്ഞത്. ഒരു വർഷത്തിന് ശേഷം മാതാപിതാക്കളുടെ സമ്മതം വാങ്ങി തിരിച്ചെത്താമെന്ന് ഉറപ്പ് നൽകി ഹൂസൈൻ കേരളത്തിലേക്ക് പോയി. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിച്ച് കേരളത്തിലേക്ക് കൂടെ കൊണ്ടുപോകാമെന്ന വാഗ്‌ദാനം നൽകിയാണ് ഹുസൈൻ പോയതെന്ന് മറിയം പറയുന്നു. പോയതിന് ശേഷം ഹുസൈന്റെ ഒരു വിവരവുമില്ലായിരുന്നു. ഫോൺ വിളികൾക്ക് മറുപടിയില്ലാതായി. സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം ബ്ളോക്ക് ചെയ്തു. അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹം സത്യമായിരുന്നു. പക്ഷേ ഹുസൈൻ എന്തു കൊണ്ടിത് ചെയ്തെന്ന് അറിയില്ല- മറിയത്തിന്റെ വാക്കുകൾ.

എന്നാൽ തന്നെ വിട്ട് പോയ ഹുസൈനെ അങ്ങനെ വിട്ടുകളയാൻ മറിയം തയാറല്ലായിരുന്നു. ചാവക്കാടിലെ അക്കലാട് സ്വദേശിയാണിദ്ദേഹമെന്നതിനപ്പുറം ഹുസൈന്റെ നാടിനെ കുറിച്ച് മറിയത്തിന് വലിയ ധാരണയില്ലായിരുന്നു. കൂടാതെ പണ്ടെപ്പോഴോ കാണിച്ച വലിയ ഗേറ്റോട് കൂടിയ ഒരു വീടിന്റെ ചിത്രവുമായിരുന്നു ആകെയുള്ള കച്ചിതുരുമ്പ്. ആ ചിത്രവും അറിയാവുന്ന വിവരങ്ങളും മറിയം കേരളത്തിലുള്ള സ്‌നേഹിത എന്ന സംഘടനയ്ക്ക് അയച്ചു കൊടുത്തു. അഡ്വ.സുധ ഹരിദാസ്, മുഹമ്മദ് ഇസ്മയിൽ എന്നിവർ മറിയത്തിന്റെ സഹായത്തിനെത്തി. ഇവർ ഹുസൈനുമായി ബന്ധപ്പെട്ടു. എന്നാൽ മറിയത്തെ അറിയില്ലെന്ന രീതിയിലായിരുന്നു ഹുസൈന്റെ പെരുമാറ്റമെന്ന് സുധ ഹരിദാസ് പറഞ്ഞു. തുടർന്ന് 2015 ജനുവരിയിൽ മറിയം കടൽ കടന്ന് ചാവക്കാടെത്തി. എന്നാൽ മറിയത്തെ കണ്ട ഭാവം പോലും ഹുസൈൻ കാണിച്ചില്ല. തുടർന്ന് മറിയം പൊലീസിൽ പരാതി കൊടുത്തു. കോടതി മറിയത്തിന് ഹുസൈന്റെ വീട്ടിൽ താമസിക്കാനുള്ള അനുവാദം കൊടുത്തു.

ഹുസൈന്റെ വീട്ടിുകാരിൽ നിന്ന് നല്ല സ്വീകരണമല്ല മറിയത്തിന് ലഭിച്ചത്. “അവർ തന്നെ ഭീഷണിപ്പെടുത്തുകയും മോശമായ വാക്കുകൾ പ്രയോഗിക്കുകയും ചെയ്‌തു. മരുമകളായി എന്നെ സ്വീകരിക്കാൻ അവരാരും തയാറല്ലായിരുന്നു. പാക്കിസ്ഥാൻ വേരുകളുള്ള എന്നെ ഒരു തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചു. ചാവക്കാടേയ്ക്കുള്ള എന്റെ വരവ് തടയാൻ പൊലീസ് സഹായം വരെ അവർ തേടി”- മറിയം പറയുന്നു. എന്നാൽ ഒരു ഒത്തുതീർപ്പിന് ഹുസൈന്റെ കുടുംബത്തെ നിർബന്ധിപ്പിക്കാൻ ഒക്ടോബറിൽ മറിയം വീണ്ടും കേരളത്തിലെത്തി. എന്നാൽ അപ്പോഴേയ്ക്കും ഹുസൈൻ വേറൊരു വിവാഹം കഴിച്ചിരുന്നു.

തുടർന്ന് മറിയം ലണ്ടനിൽ പോയി വിവാഹമോചന നടപടികൾ പൂർത്തിയാക്കി. ഈ വർഷം ജനുവരി 19 ന് മറിയം വീണ്ടും കേരളത്തിലെത്തി. രണ്ടാമതൊരു വിവാഹം കഴിച്ച ആളുമായി ഒരു കേസ് നടത്തുന്നതിനോ അയാളോട് നിയമയുദ്ധം ചെയ്യുന്നതിനോ അർത്ഥമില്ലെന്ന് കണ്ടതിനാൽ കോടതിയ്ക്ക് പുറത്തൊരു ഒത്തു തീർപ്പിനാണു മറിയ എത്തിയതെന്നു അഡ്വ. സുധ ഹരിദാസ് പറഞ്ഞു. ഇപ്പോൾ എല്ലാം കഴിഞ്ഞു. ഹുസൈനുമായുള്ള എല്ലാ ബന്ധങ്ങളും തീർത്ത് മറിയം തിരിച്ച് ലണ്ടനിലേയ്ക്ക് പറന്നു കഴിഞ്ഞു.

Mariyam Khaliq@ Kerala

ഈ വാക്കുകൾ ഓരോ മലയാളിയെയും നാണിപ്പിക്കും

മറിയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ഹുസൈന്റെ വാക്കുകൾ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ഇംഗ്ളണ്ടിൽ ഒരു സ്ഥിരകാല താമസത്തിനുള്ള വിസ കിട്ടാൻ വേണ്ടി മാത്രമാണ് മറിയത്തെ വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ വിസയ്ക്കാണ് 2010 ൽ ഇംഗ്ളണ്ടിലെത്തുന്നത്. വിസയുടെ കാലാവധി തീരാറായപ്പോൾ അത് നീണ്ടി കിട്ടാനുള്ള ഏക പോംവഴി വിവാഹമായിരുന്നു. അതിനപ്പുറം മറിയവുമായി തനിയ്ക്ക് വൈകാരിക ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒന്നിച്ചൊരു ജീവിതത്തിന് താൽപര്യമില്ലായിരുന്നെന്ന് മറിയത്തോട് പറഞ്ഞിരുന്നു. ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെടാനായിട്ടാണ് കേരളത്തിലേക്ക് തിരിച്ചെത്തിയതെന്ന് ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന ഹുസൈൻ പറയുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Kerala thrissur uk woman traces husband to kerala divorces him after long legal battle

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com