ഈ വര്‍ഷം യാത്ര പോകാന്‍ പറ്റിയ 19 സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്ന് സിഎന്‍എന്‍. നല്ല ഭക്ഷണം, പ്രകൃതി ഭംഗി, സൂര്യന്‍, കടല്‍, മണല്‍, ഹൗസ ബോട്ടുകള്‍, സംസ്‌കാരം, വനം അങ്ങനെ മനോഹരമായ വിരുന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സിഎന്‍എന്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നാശം വിതച്ച മഹാപ്രളയത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നാശനഷ്ടങ്ങള്‍ സംസ്ഥാനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പ്രകൃതി ഭംഗിയും വിനോദ സഞ്ചാര മേഖലയും സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ചാരികളെ സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നാട് കടല്‍ത്തീരങ്ങള്‍ക്കും കായലുകള്‍ക്കും പ്രസിദ്ധി നേടിയതാണ്. സര്‍ഫിങിന് താത്പര്യമുള്ളവര്‍ക്ക് കോവളത്തേക്കും വെറുതേയിരുന്നൊന്നു റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്കലയിലേക്കും വണ്ടി വിടാം. മരത്തടികള്‍ കൊണ്ടു നിര്‍മ്മിച്ച വാടക ഹൗസ് ബോട്ടുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ സമയം ചെലവഴിക്കാം. ഒരു വൈകുന്നേരത്തേയ്ക്കു മുതല്‍ ഒരാഴ്ചത്തേയ്ക്ക് വരെ വാടകയ്‌ക്കെടുക്കാവുന്ന ഹൗസ് ബോട്ടുകള്‍ ലഭ്യമാണ്.

തേയില തോട്ടങ്ങള്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് മൂന്നാര്‍ പോകാം. പിന്നെ പെരിയാര്‍ നാഷണല്‍ പാര്‍ക്ക് വന്യജീവി സങ്കേതവുമുണ്ട്. ഇവിടെ ട്രെക്കിങ്ങിന് ഏറ്റവും മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാറിലെ സുഗന്ധവ്യഞ്ജനങ്ങള്‍ മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ലഭിക്കുന്ന സ്വാദേറിയ ഭക്ഷണവുമാണ് സഞ്ചാരികളെ കൊതിപ്പിക്കുന്ന മറ്റൊരു ഘടകമായി സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ചെമ്മീന്‍ കറി മിസ്സാക്കരുതെന്ന് പ്രത്യേകം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ