കൂൺ ആകൃതിയിലുള്ള ഒറ്റ മോതിരത്തിൽ 24679 വജ്രക്കല്ലുകൾ പതിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് കേരളത്തിലെ ജുവലറി. 2020 ൽ 12,638 വജ്രക്കല്ലുകൾ കൊണ്ട് മോതിരം നിർമ്മിച്ച മീറ്ററ്റ് ജുവലറി ഉടമ ഹർഷിത് ബൻസാലിയുടെ റെക്കോർഡാണ് ഇപ്പോൾ തകർന്നത്.
പിങ്ക് ഓയിസ്റ്റര്‍ മഷ്റൂമിന്റെ മാതൃകയിലുള്ള ‘ദി ടച്ച് ഓഫ് ആമി’ എന്ന മോതിരം മലപ്പുറത്തുള്ള സ്വാ ഡയമണ്ട്സ് (Swa Diamond) ഒരുക്കിയത്. കോഴിക്കോട് സ്വദേശിനി ടി.വി.റിജിഷയാണ് മോതിരം ഡിസൈന്‍ ചെയ്തത്. മൂന്നു മാസം എടുത്താണ് മോതിരത്തിൽ വജ്രം പതിപ്പിച്ചത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ മോതിരം നേടിയിട്ടുണ്ട്.
“ഈ മോതിരം ഇന്ത്യയിൽ നിർമ്മിച്ചതാണ്, മോതിരത്തിന്റെ ഉടമ ഇന്ത്യക്കാരനാണെന്നത് ഞങ്ങൾക്ക് അഭിമാനമാണ്. ‘ദ ടച്ച് ഓഫ് ആമി’ സംസ്ഥാനത്തിന്റെ വജ്രമേഖലയിലെ സംരംഭകത്വത്തിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നു,” സ്വാ ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ അബ്ദുൾ ഗഫൂർ ആനഡിയാൻ പറഞ്ഞു.