വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന്റെ സഹോദരി പിപ്പ മിഡിൽടൺ വിവാഹിതയായി. 41 കാരനായ ജെയിംസ് മാത്യൂസാണ് വരൻ. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ബെര്‍ക്ക്‌ഷെയറിലെ എന്‍ഗില്‍ഫീല്‍ഡിലുള്ള സെന്റ് മാര്‍ക്‌സ് ചർച്ചിലായിരുന്നു വിവാഹം.
പ്രമുഖ ഡിസൈനർ ഗിലേസ് ഡീക്കൺ ഡിസൈൻ വസ്ത്രമാണ് പിപ്പ അണിഞ്ഞത്. വിവാഹത്തിനെത്തിയ ഏവരുടെയും ശ്രദ്ധ പിപ്പയുടെ വസ്ത്രത്തിലായിരുന്നു. എന്നാൽ പിപ്പയോടൊപ്പം ഏവരുടെയും ശ്രദ്ധ പതിഞ്ഞത് കേറ്റിലായിരുന്നു. വധുവിനെ ആനയിക്കാനായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന കുട്ടികളെ നോക്കാനുളള ചുമതല കേറ്റിനായിരുന്നു.
എന്നാൽ കുട്ടികളെ കൊണ്ട് കേറ്റ് ശരിക്കും പാടുപെട്ടു. കുട്ടികൾക്കൊപ്പമുളള കേറ്റിന്റെ ചിത്രങ്ങളിൽനിന്നും ഇത് മനസ്സിലാക്കാം. പള്ളിയിലേക്ക് കയറവേ ശബ്ദമുണ്ടാക്കുന്ന കുഞ്ഞുങ്ങളോട് ഒച്ചയുണ്ടാക്കരുതെന്ന് കേറ്റ് പറയുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.