ആർആർആർ ടീമിനെയും ഇന്ത്യയേയും സംബന്ധിച്ച് വളരെ അഭിമാനപൂർവ്വമായ നിമിഷമാണ് ഇന്ന്. മികച്ച ഒർജിനൽ സോങ്ങ് വിഭാഗത്തിലാണ് ആർആർആറിലെ ‘നാട്ടു നാട്ടു’ പുരസ്കാരം നേടിയത്. ആർ ആർ ആർ ടീമിനു വേണ്ടി എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സംവിധായകനായ രാജമൗലി, അഭിനേതാക്കളായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും ഓസ്കാർ വേദിയിൽ എത്തിയിരുന്നു.
ഓസ്കാർ വേദിയിൽ ജൂനിയർ എൻടിആർ ധരിച്ച ഡിസൈനർ കോട്ടാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. ഒരു കടുവയെ ഓർമ്മപ്പെടുത്തുന്ന എംബ്രോയ്ഡറി വർക്കാണ് ഈ കോട്ടിന്റെ സവിശേഷത.
ആർആർആറിലെ ഒരു നടൻ എന്ന രീതിയിൽ മാത്രമല്ല ഇന്ത്യക്കാരൻ എന്ന നിലയിൽ കൂടിയാണ് താനീ വേദിയിൽ നിൽക്കുന്നതെന്ന് ജൂനിയർ എൻടിആർ മാധ്യമങ്ങളോട് പ്രതികരിച്ചു. “കടുവ ഇന്ത്യയുടെ ദേശീയ മൃഗമാണ്. ഞാൻ ഈ വസ്ത്രം ധരിക്കുമ്പോൾ അത് എന്നോടൊപ്പം കൊണ്ടുവന്നു,” തന്റെ വസ്ത്രത്തെ കുറിച്ച് ജൂനിയർ എൻടിആറിന്റെ വാക്കുകളിങ്ങനെ. ഡിസൈനർ ഗൗരവ് ഗുപ്തയാണ് ഈ ഡ്രസ്സ് ഡിസൈൻ ചെയ്തത്.
ഭാര്യ ഉപാസനയ്ക്ക് ഒപ്പമാണ് രാം ചരൺ എത്തിയത്. “ഉപാസന ഗർഭിണിയാണ്. ആറുമാസം പിന്നിടുമ്പോൾ, ഗോൾഡൻ ഗ്ലോബ്‌സ് മുതൽ ഓസ്കാർ വേദി വരെ, കുഞ്ഞ് ഞങ്ങൾക്ക് വളരെയധികം ഭാഗ്യം നൽകുന്നു.” രാം ചരൺ പറഞ്ഞു. “എനിക്കറിയില്ല. ഇതെന്റെ പാട്ടാണെന്ന് തോന്നുന്നില്ല, ഇത് നമ്മുടെ പാട്ടാണ്, ഇനി ഇത് ജനങ്ങളുടെ പാട്ടാണ്. വ്യത്യസ്‌ത സംസ്‌കാരങ്ങളും വ്യത്യസ്‌ത പ്രായ വിഭാഗങ്ങളും അവരുടേതായി ഏറ്റെടുത്തിട്ടുണ്ട്. ഞങ്ങൾ ചെയ്‌തതിനേക്കാൾ മികച്ച ജോലി അവർ ചെയ്യുന്നു. അവർ ഇതിനെ മുന്നോട്ട് കൊണ്ടുപോകുന്നു, അവരാണ് ഇതിന് ഓസ്‌കാർ നേടിതന്നത്.”