ജറുസലേം: പാലസ്തീന്‍ യുവതിയുടെ കുഞ്ഞിന് മുലയൂട്ടുന്ന ഇസ്രയേലി നഴ്സിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഹൃദയങ്ങള്‍ കീഴടക്കി പ്രചരിക്കുന്നു. കാറപകടത്തില്‍ മാരകമായി പരുക്കേറ്റ യുവതിയുടെ കുഞ്ഞിന് ഉല ഒസ്ട്രോസ്കി സാക്ക് എന്ന ഇസ്രയേലി നഴ്സാണ് മുലയൂട്ടിയത്. ഇസ്രയേലില്‍ വെച്ചുണ്ടായ ബോംബാക്രമണത്തില്‍ യമന്‍ അബു റമീല എന്ന ഒമ്പത് മാസം മാത്രം പ്രായമായ കുട്ടിയുടെ പിതാവും കൊല്ലപ്പെട്ടിരുന്നു. പിന്നീടാണ് മാതാവ് കാറപകടത്തിലും പരുക്കേറ്റ് ഗുരുതരാവസ്ഥയിലായത്.

ആദ്യം ഒരു കുപ്പിയില്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് നഴ്സ് മുന്നോട്ട് വന്നത്. ഒരു ജൂതയായ താന്‍ മുല കൊടുക്കാന്‍ സമ്മതിച്ചപ്പോള്‍ കുട്ടിയുടെ അമ്മയുടെ സഹോദരി അത്ഭുതപ്പെട്ടതായി സാക്ക് പറയുന്നു. എന്നാല്‍ ലോകത്തെ ഏതൊരു അമ്മയും ഇതിന് തയ്യാറാകുമെന്നാണ് സാക്ക് പറഞ്ഞത്.

അഞ്ച് തവണ താന്‍ കുട്ടിയെ മുലയൂട്ടിയതായും സന്തോഷത്താല്‍ കുട്ടിയുടെ ബന്ധു തന്നെ ആലിംഗനം ചെയ്തെന്നും സാക്ക് പറയുന്നു. കാറപകടത്തെ തുടര്‍ന്ന് ഹദസസ് ഇന്‍ കേരേം ആശുപത്രിയിലാണ് കുഞ്ഞിനേയും അമ്മയേയും പ്രവേശിപ്പിച്ചത്.

കുട്ടിക്ക് മുലയൂട്ടുന്ന ചിത്രം സാക്ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് കുട്ടിയെ മുലയൂട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ആയിരക്കണക്കിന് പേരാണ് കുട്ടിയുടെ അടുത്തെത്താന്‍ ആക്രഹം പ്രകടിപ്പിച്ചത്. ഇസ്രയേലിലെ ഹൈഫയില്‍ നിന്നു പോലും കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മമാര്‍ താത്പര്യം കാണിച്ചുവെന്ന് സാക്ക് പറയുന്നു.

കുഞ്ഞിനും അമ്മയ്ക്കുമൊപ്പം ഒരു ബന്ധുവാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ആസുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയാല്‍ കുഞ്ഞിന് മുലയൂട്ടാനുള്ള സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധു പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook