നീമുച്ച: മധ്യപ്രദേശിലെ നീമുച്ചിൽ നിന്നുള്ള ഈ ദന്പതികളുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മൂന്ന് വയസുള്ള തങ്ങളുടെ കുഞ്ഞിനേയും നൂറു കോടി രൂപയുടെ മുകളിൽ വരുന്ന സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സുമിത് റാത്തോർ എന്ന ബിസിനസുകാരനും ഭാര്യ അനാമികയും. മുപ്പത്തഞ്ച് കാരനായ സുമിതും മുപ്പത്തിനാല് കാരിയായ അനാമികയും സെപ്റ്റംബർ 23ന് ദീക്ഷ(ജൈന മതാചാരപ്രകാരം സന്യാസത്തിനുള്ള ആദ്യ ഘട്ടം) നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ജൈന മതാചാര്യൻ രാം ലാൽ മഹാരാജിന്റെ കീഴിലാണ് ഇവർ സന്യാസം സ്വീകരിക്കുന്നത്.

ഇവരുടെ തീരുമാനം അറിഞ്ഞവരെല്ലാം ചോദിക്കുന്നത് ഒരേ ചോദ്യമാണ്, ‘അപ്പോൾ സന്യാസത്തിനായി മകളെയും ഉപേക്ഷിക്കാൻ പോവുകയാണോ?’. അതിനുള്ള ഉത്തരം പറയുന്നത് അനാമികയുടെ അച്ഛൻ അശോക് ചന്ദിയ്യ ആണ്, ‘എന്റെ പേരക്കുട്ടിയെ ഞാൻ പരിപാലിക്കും’ ബിജെപിയുടെ മുൻ നീമച്ച് ജില്ലാ പ്രസിഡന്റ് കൂടിയാണ് അനാമികയുടെ അച്ഛൻ അശോക് ചന്ദിയ്യ.

എല്ലാം ഉപേക്ഷിക്കരുതെന്ന് ദമ്പതികളെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് അശോക് ചന്ദിയ്യ പറഞ്ഞു. ‘അവരുടെ മതപരമായ വാദങ്ങൾക്ക് എതിരായി ഞങ്ങൾ പ്രതികരിക്കില്ല. മതം വിളിക്കുമ്പോൾ ആർക്കാണ് പോകാതിരിക്കാനാവുക’ ചന്ദാലയ്യ കൂട്ടിച്ചേർത്തു.

സുമിതിന്റെ പിതാവ് രാജേന്ദ്ര സിംഗ് രത്തോറും തീരുമാനത്തെ അംഗീകരിക്കുന്നു. സിമന്റ് കമ്പനികൾക്കായി ചാക്കുകളുണ്ടാക്കുന്ന ഫാക്ടറി ഉടമയാണ് അദ്ദേഹം. “ഞങ്ങൾ ഇത് പ്രതീക്ഷിച്ചു, എന്നാൽ ഇത്ര നേരത്തെ ഉണ്ടാകുമെന്ന് വിചാരിച്ചില്ല’ രാജേന്ദ്ര സിംഗ് പറഞ്ഞു. സുമിതിന്റെയും അനാമികയുടെ തീരുമാനങ്ങൾ അവരുടെ അടുപ്പക്കാർക്കിടയിൽ വലിയ അദ്ഭുതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഓഗസ്റ്റ് 22നാണ് രാം ലാൽ മഹാരാജിനെ കണ്ട് സന്യാസം സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് പ്രകടിപ്പിക്കുന്നത്. അപ്പോൾ അനാമികയുടെ സമ്മതം ചോദിക്കാനായിരുന്നത്രെ മഹാരാജിന്റെ നിർദ്ദേശം. അനാമിക സമ്മതം മൂളിയതോടൊപ്പം താനും സന്യാസിയാകാൻ പോവുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ആദ്യം ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.

നാല് വർഷങ്ങൾക്ക് മുൻപാണ് സുമിതും അനാമികയും തമ്മിൽ വിവാഹം കഴിക്കുന്നത്. ബോർഡ് പരീക്ഷയിൽ നീമച്ചിൽ നിന്ന് ആദ്യമായി സ്വർണ്ണ മെഡൽ നേടിയ ആളാണ് അനാമിക. രാജസ്ഥാനിലെ മോഡി എൻജിനീയറിങ് കോളേജിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. എന്തായാലും സന്യാസം സ്വീകരിക്കുന്നത് വരെ മൗന വ്രതം നടത്തുകയാണിപ്പോൾ ഈ ദന്പതികൾ.

ഇന്ത്യയിൽ 50 ലക്ഷത്തിൽ കുറവ് ജനസംഖ്യയുള്ള ജൈന സമുദായക്കാർ വ്യത്യസ്തമായ ജീവിത ശൈലിയാണ് പിന്തുടരുന്നത്. തികച്ചും സസ്യാഹാരികളാണ് ജൈനമതക്കാർ. ദിഗംബര ജൈന സന്യാസിമാർ ഇപ്പോഴും നഗ്നരായാണ് നടക്കുന്നത്. ആകാശത്തെ വസ്ത്രമാക്കിയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ