സുന്ദരിയായി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ക്കു പിറകേ പലരും പായുന്നതിന്റെ കാരണവും ഇതാണ്. ഫാഷന്‍ ലോകത്തെ കൈപിടിയിലൊതുക്കിയ പല മലയാളികളുമുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലെ രേണുക സി. ശേഖര്‍ എന്ന കൊച്ചിക്കാരിയെ മലയാളികള്‍ക്ക് പരിചയം കുറവായിരിക്കും. പക്ഷേ, ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനമായ ഇറ്റലിയിലെ മിലനില്‍ രേണുകയെന്ന ഡിസൈനറെ അറിയാത്ത ഫാഷന്‍ പ്രേമികള്‍ വിരളമാണ്. കാരണം, തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി ഫാഷന്‍ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു രേണുക.

renuka shekar, fashion designer, italian fashion designer, kochi, fashion

യൂറോപ്പിലെ പല സ്ഥാപനങ്ങളും ഇന്നു രേണുകയുടെ ഡിസൈനുകള്‍ക്കായാണു കാത്തിരിക്കുന്നത്. രാജ്യാന്തര അവാര്‍ഡായ എല്‍വിഎംഎച്ചിന്റെ ബെസ്റ്റ് യങ് ഇന്നൊവേറ്റീവ് ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും വോഗ് മാസികയുടെ ബെസ്റ്റ് ഡിസൈനര്‍ക്കുള്ള അവാര്‍ഡ് രണ്ട് തവണ നേടിയതും രേണുകയുടെ കരിയറിലെ വന്‍ നേട്ടങ്ങളില്‍ ചിലതു മാത്രം. തന്റെ അടുത്ത സുഹൃത്തിന്റെ പേരില്‍ രേണുക തുടങ്ങിയ ‘രചന’ എന്ന ഇന്തോ വെസ്റ്റേണ്‍ ബ്രാന്‍ഡിന് വടക്കേ ഇന്ത്യയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല സ്വീകരണം ലഭിച്ചു. അതിന്റെ ഭാഗമായി 2015 ല്‍ കൊച്ചിയില്‍ ഫാഷന്‍ ഷോയയും സംഘടിപ്പിച്ചിരുന്നു ഈ ഫാഷന്‍ മേക്കര്‍. ഡിസൈനിങ്ങില്‍ മാത്രം ഒതുങ്ങാതെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡോറിയ ഫാഷന്‍ ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് രേണുകയെന്ന യുവ ഡിസൈനര്‍.

renuka shekar, fashion designer, italian fashion designer, kochi, fashion

രേണുക മകൾക്കൊപ്പം, മോഡലിനൊപ്പം

ഫാഷനെന്ന പാഷന്‍

തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്ത് ജനിച്ചു വളര്‍ന്ന രേണുകയ്ക്ക് സ്‌കൂള്‍ കാലത്തുതന്നെ ഫാഷനും ഡിസൈനിങ്ങുമെല്ലാം ഇഷ്ട വിഷയങ്ങളായിരുന്നു. ടെക്സ്റ്റൈല്‍ ഡിസൈനിങ് പഠിച്ച അമ്മ രമണിയുടെ അഭിരുചികള്‍ രേണുകയ്ക്ക് പ്രോത്സാഹനമായി. അതുകൊണ്ടുതന്നെ പ്ലസ് ടു കഴിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിഎസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പഠിച്ച രേണുക ആദ്യം കുറച്ചുനാള്‍ അധ്യാപികയായും പിന്നീട് കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു. കരിയര്‍ മെച്ചപ്പെടുത്താന്‍ കൊച്ചിയില്‍നിന്ന് തന്റെ തട്ടകം ബെംഗളൂരുവിലേയ്ക്ക് പതുക്കെ മാറ്റി.

പ്രമുഖ ഡിസൈനറായ മനോവിരാജ് ഖോസ്ലയുടെ കൂടെ ജോലി ചെയ്ത രേണുകയ്ക്ക് ബെംഗളൂരുവിലെ ഫാഷന്‍ ലോകം പുതിയ വഴികളൊരുക്കുകയായിരുന്നു. ഫ്രീലാന്‍സായും അഡിഡാസ് പോലുള്ള പ്രമുഖ കമ്പനികള്‍ക്കുവേണ്ടിയും ജോലി ചെയ്യുന്നതിനിടയില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ 10 വര്‍ഷത്തെ പരിചയം രേണുകയ്ക്ക് വലിയ അവസരങ്ങള്‍ക്കായുള്ള വാതില്‍ തുറന്നു. പിന്നീട് അവിടെനിന്ന് രേണുക നേരെ പറന്നത് ഫാഷന്റെ തലസ്ഥാനത്തേക്കാണ്, മിലനിലേക്ക്.

renuka shekar, fashion designer, italian fashion designer, kochi, fashion

രേണുക മകൾക്കൊപ്പം

ഫാഷന്‍ തലസ്ഥാനത്തേയ്ക്ക്

ഇറ്റലിയിലെ മിലന്‍ അവസരങ്ങളുടെ വലിയൊരു വാതായനമാണ് രേണുകയ്ക്ക് തുറന്നുകൊടുത്തത്. ഒട്ടേറെ പ്രശസ്ത ഡിസൈനര്‍മാരുമായുള്ള പരിചയവും പുതിയ പ്രോജക്ടുകളും ഫാഷന്‍ ഷോകളും രേണുകയ്ക്ക് വളര്‍ച്ചയിലേക്കുള്ള പടവുകളായിരുന്നു. അതിനുള്ള പ്രോത്സാഹനമെന്നോണം എല്‍വിഎംഎച്ചിന്റെയും വോഗിന്റെയും അവാര്‍ഡുകള്‍ രേണുകയെ തേടിയെത്തി. ഇറ്റലിയില്‍ സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാനും രേണുകയ്ക്ക് അവസരം ലഭിച്ചു. കരിയറില്‍ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഒന്നര വര്‍ഷത്തിനു മുന്‍പ് ബെംഗളൂരുവില്‍ അഡോറിയ ഫാഷന്‍ ഹൗസ് തുടങ്ങിയത്. പക്ഷേ സംരംഭത്തേക്കാളുപരി തന്റെ ഡിസൈനിങ്ങിനാണു പ്രാധാന്യം നല്‍കുന്നതെന്നു രേണുക പറയുന്നു. കൊച്ചിയില്‍ രണ്ടു തവണ ഫാഷന്‍ ഷോ സംഘടിപ്പിച്ചിട്ടുള്ള രേണുക വിദേശത്തടക്കം നിരവധി ഫാഷന്‍ ഷോകള്‍ക്ക് കോര്‍ഡിനേറ്ററായിട്ടുണ്ട്.

രേണുക മോഡലുകൾക്കൊപ്പം

രേണുക മോഡലുകൾക്കൊപ്പം

മലയാളികളുടെ ഫാഷന്‍ സെന്‍സ്

കേരളത്തിലെ ആളുകള്‍ക്ക് ഇപ്പോള്‍ ഫാഷന്‍ സെന്‍സ് കൂടിയിട്ടുണ്ടെന്നു രേണുക പറയുന്നു. എന്നാല്‍ ഇവിടെ സന്ദര്‍ഭത്തിനനുസരിച്ചുള്ള വസ്ത്രധാരണം കുറവാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ അതിനാണു പ്രാധാന്യം നല്‍കുന്നത്. വില കൂടിയ വസ്്രത്തെക്കാള്‍ നമുക്ക് സൗകര്യപ്രദമായത് നന്നായി ധരിക്കുന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. ഫാഷനല്ല മറിച്ച് ഓരോ ട്രെന്‍ഡാണ് ഇവിടെ സ്വീകരിക്കുന്നത്. വെസ്റ്റേണ്‍ വേഷങ്ങളിലാണ് കൂടുതല്‍ പരീക്ഷണങ്ങളെങ്കിലും തനിക്കേറെ ഇഷ്ടം സാരിയാണെന്നും രേണുക.

renuka shekar, fashion designer, italian fashion designer, kochi, fashion

രേണുക മോഡലുകൾക്കൊപ്പം

തീരാത്ത യാത്രകള്‍

യാത്രകളോട് രേണുകയ്ക്ക് എന്നും ഹരമാണ്. സമയം കിട്ടുമ്പോഴെല്ലാം നാലു വയസ്സുകാരി മകള്‍ തന്‍വിയോടൊത്ത് യാത്ര ചെയ്യും. തന്റെ ഏറ്റവും വലിയ പ്രചോദനവും തന്‍വിയാണെണാണ് ഈ അമ്മയുടെ സാക്ഷ്യം. എല്ലാറ്റിനും പിന്തുണയുമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഗിരീഷ് കുമാറും ഒപ്പമുണ്ട്. യാത്രകളോടൊപ്പം പുതിയ ഡിസൈനുകള്‍ക്കായുള്ള ഗവേഷണവും രേണുക നടത്തുന്നു. എഴുത്തും വായനയും പാട്ടുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രേണുക ഇനിയും ഉയരങ്ങള്‍ സ്വപ്നം കാണുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook