തന്റെ വയര്‍ ഇങ്ങനെ വീര്‍ക്കുന്നതിന്റെ കാരണം എന്താണെന്ന് നാല് മാസക്കാലത്തോളം ഹെക്ടര്‍ ഹെര്‍ണാണ്ടസെന്ന 47കാരന് അറിയില്ലായിരുന്നു. ‘തടി കൂടുന്നത് കൊണ്ട് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എനിക്ക് നല്ല തടി ഉണ്ടായിരുന്നു,’ ഹെക്ടര്‍ പറഞ്ഞു. എന്നാല്‍ ഒന്നര വര്‍ഷം മുമ്പാണ് തന്റെ വയറ്റില്‍ 34 കി.ഗ്രാം ഭാരമുളള മുഴയുണ്ടെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്.

പിന്നീട് മുഴ വലുതായി വലുതായി വന്നു. ലൊസാഞ്ചല്‍സ് മെട്രോയിലെ ജീവനക്കാരനായ തന്റെ വയറിന്റെ വലുപ്പം എല്ലാവരും നോക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘വയറ് മറച്ച് വയ്ക്കാനായി വലിയ ജാക്കറ്റ് ഞാന്‍ ധരിക്കും. എന്നാലും മറച്ച് വയ്ക്കാനാവില്ല. ബിയർ ഒരുപാട് കഴിക്കുമായിരുന്നു. അത് കാരണമാകാം വയർ വീര്‍ത്തതെന്നാണ് കരുതിയത്. സുഹൃത്തുക്കളും ഇത് തന്നെ പറഞ്ഞു. പിന്നീട് ബിയർ കഴിക്കുന്നത് ഉപേക്ഷിക്കുയും ചെയ്തു.

എന്നാല്‍ വയറിന്റെ വലുപ്പം കൂടിയതല്ലാതെ കുറഞ്ഞില്ല. ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവന്നെങ്കിലും മാറ്റമൊന്നും കണ്ടില്ല. വയർ വീണ്ടും കൂടിയതോടെ ഷൂവിന്റെ ലേസ് വരെ കെട്ടാന്‍ വേണ്ടി കുനിയാന്‍ പറ്റാതായതായി ഹെക്ടര്‍ പറഞ്ഞു. വയർ വീര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മറ്റ് ശരീരഭാഗങ്ങള്‍ മെലിയുന്നുണ്ടായിരുന്നു. ഇതില്‍ ആശങ്ക തോന്നിയാണ് ഹെക്ടര്‍ 2016ല്‍ ഡോക്ടറെ സമീപിച്ചത്.

എന്നാല്‍ പലര്‍ക്കും വ്യത്യസ്ത രീതിയിലാണ് ശരീരഭാരം വയ്ക്കുന്നതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ 2107ല്‍ ഹെക്ടര്‍ വീണ്ടും മറ്റൊരു ഡോക്ടറെ സമീപിച്ചു. ഡോ.വില്യം സെങ് എന്ന ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെക്ടറിന് ലിപോസാര്‍കോമ എന്ന അപൂര്‍വ്വമായ അര്‍ബുദ രോഗമാണെന്ന് വ്യക്തമായത്.

കൊഴുപ്പ് കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം ഒരു വലിയ മുഴയായി അടിവയറ്റില്‍ രൂപപ്പെടുകയായിരുന്നു. മുഴ വേദന ഉണ്ടാകാത്തത് കാരണമാണ് ഹെക്ടര്‍ ഇത് അമിതവണ്ണം മാത്രമാണെന്ന് ധരിച്ചത്. രക്തസമ്മര്‍ദ്ദം ഉളളത് കാരണം മുഴയുടെ ലക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന്റേതാണെന്നും കരുതി. വിവരം അറിഞ്ഞ് താന്‍ അന്ന് ഞെട്ടിപ്പോയെന്ന് ഹെക്ടര്‍ പറഞ്ഞു. ജൂലൈയില്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ മുഴ നീക്കം ചെയ്തു. 34 കിലോ ഭാരമുളള മുഴയായിരുന്നു അത്.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വിലയ മുഴയായിരുന്നു ഇതെന്ന് ഡോക്ടര്‍ സെങ് പറഞ്ഞു. ഭാഗ്യവശാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മുഴ പടര്‍ന്നിരുന്നില്ല. എന്നാല്‍ ശസ്ത്രക്രിയയില്‍ ഹെക്ടറിന്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടതായി വന്നു. മുഴ കാരണം വൃക്ക പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. മുഴ തിരികെ വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഹെക്ടറിനോട് ഡോക്ടര്‍മാര്‍ അറിയിച്ചത്. വന്നാല്‍ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗം. നാല് മാസം കൂടുമ്പോള്‍ അദ്ദേഹം ഇപ്പോള്‍ സിടി സ്കാനിന് വിധേയനാകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook