ദിവസവും പല്ല് തേക്കുന്നത് പോലെ, ദിവസവും മുടി ചീകുന്നതും പ്രധാനമാണ്. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ദിനംപ്രതി പിന്തുടരേണ്ട മുടി സംരക്ഷണ ദിനചര്യ കൂടിയാണിത്.
വരണ്ട മുടിയുള്ളവരോ മുടികൊഴിയുമെന്ന് ഭയപ്പെടുന്നവരോ കൂടുതൽ മുടിയിഴകൾ നഷ്‌ടപ്പെടാതിരിക്കാൻ മുടി ചീകാൻ മടിക്കാറുണ്ടെന്ന് ഡെയ്‌ഗ ഓർഗാനിക്‌സിന്റെ സ്ഥാപകയായ ആർതി രഗുറാം പറയുന്നു. ”പക്ഷേ, മുടി ചീകുന്നതിന് ചില ശാസ്ത്രീയ ഗുണങ്ങളുണ്ട്. രാവിലെയും, വൈകുന്നേരം കിടക്കുന്നതിന് മുമ്പും എന്നിങ്ങനെ ദിവസത്തിൽ രണ്ടുതവണ ഒട്ടുമിക്കപേരും മുടി ചീകാറുണ്ട്. മുടിയുടെ നീളവും ഘടനയും അനുസരിച്ച് ഓരോ വ്യക്തിയും ഇതിൽ വ്യത്യാസം വരാം. ഉദാഹരണത്തിന്, നീളമുള്ള മുടിയുള്ള ആളുകൾ ദിവസത്തിൽ മൂന്ന് തവണയെങ്കിലും മുടി ചീകണം, ”അവർ ഉപദേശിച്ചു.
രഘുറാമിന്റെ അഭിപ്രായത്തിൽ ദിവസവും മുടി ചീകിയാലുള്ള ഗുണങ്ങൾ
തലയോട്ടിയിലെ രക്തയോട്ടം വർധിക്കും
മുടി ചീകുന്നതിലൂടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിക്കും. ഇത് രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. മുടിയുടെ വേരുകളെ പോഷിപ്പിക്കുന്നു, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.
അഴുക്കും പൊടിയും നീക്കി തലയോട്ടിയെ വൃത്തിയാക്കും
ദിവസവും മുടി ചീകുന്നതിലൂടെ തലയോട്ടിയിലും മുടിയിലും അടിഞ്ഞ് കൂടിയിട്ടുള്ള പൊടിയും അഴുക്കും മാറി മുടി വൃത്തിയാക്കാൻ സഹായിക്കുന്നു. തലയോട്ടിയിലെ സുഷിരങ്ങൾ അടഞ്ഞുപോകാതെ സംരക്ഷിക്കുകയും മുഷിഞ്ഞതും താരൻ നിറഞ്ഞതുമായ മുടിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
മുടിയുടെ ഉള്ള് കൂട്ടും
ഇടയ്ക്കിടെ മുടി ചീകുന്നത് മുടിയുടെ തിളക്കം നിലനിർത്താനും ഉള്ള് കൂട്ടാനും സഹായിക്കുന്നു. മുടി ആരോഗ്യകരവും പുതുമയുള്ളതുമായി കാണപ്പെടും. മുടിയിൽ കുരുക്കുകളോ കെട്ടുകളോ ഉണ്ടാകുന്നത് തടയും. എണ്ണമയമുള്ള തലയോട്ടിയുള്ള ആളുകൾക്ക് പതിവായി മുടി ചീകുന്നത് ഗുണം ചെയ്യും.
മുടി ചീകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുടിക്ക് അനുയോജ്യമായ ചീപ്പ് ഉപയോഗിക്കുക. തടി കൊണ്ടുള്ള ചീപ്പാണ് ഉത്തമം.
- മുടി മുകളിൽനിന്നും ചീകുന്നതിനു പകരം കുറേശെ വീതമെടുത്ത് ചീകുന്നതാണ് നല്ലത്
- തലയോട്ടിയിൽ വല്ലാതെ അമർത്തി ചീകരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും
- മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് ചീകരുത്
- നനഞ്ഞ മുടി ചീകരുത്. ഇങ്ങനെ ചെയ്താൽ മുടി പെട്ടെന്നു പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.