ന്യൂഡല്‍ഹി: ക്രിസ്മസും പുതുവത്സരവുമൊക്കെ ഗോവയില്‍ ആഘോഷിക്കുന്ന മലയാളികള്‍ ഒരുപാടുണ്ട്. പലരും നേരത്തേ ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഉണ്ടാവും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെയുടെ ഗോവ പാക്കേജ് കേട്ടാല്‍ നിങ്ങളും ഒന്ന് കൊതിച്ച് പോകും. ഒരാള്‍ക്ക് വെറും 400 രൂപ നിരക്കില്‍ ഗോവ ടൂര്‍ വാഗ്ദാനം ചെയ്യുകയാണ് ഇന്ത്യന്‍ റെയില്‍വെ. മൂന്ന് പാക്കേജുകളാണ് ഇത്തരത്തില്‍ റെയില്‍വെ മുന്നോട്ട് വെക്കുന്നത്. ബസിലായിരിക്കും യാത്ര. വടക്കന്‍ ഗോവ, ദക്ഷിണ ഗോവ, വടക്കന്‍ ഗോവയും ദക്ഷിണ ഗോവയും ചേര്‍ന്നുളള പാക്കേജ്. ആദ്യത്തെ രണ്ട് പാക്കേജുകളില്‍ ഒരാള്‍ക്ക് 400 രൂപ വീതമാണ് ഈടാക്കുക. മൂന്നാമത്തെ പാക്കേജിന് ഒരാള്‍ക്ക് 600 രൂപയായിരിക്കും.

-: വടക്കന്‍ ഗോവ പാക്കേജില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍- ഡോണ പൗല, ഗോവ സയന്‍സ് മ്യൂസിയം, മിരാമര്‍ ബീച്ച്, കലാ അക്കാദമി, ഭഗവാന്‍ മഹാവീര്‍ ഗാര്‍ഡന്‍, പഞ്ചിം മാര്‍ക്കറ്റ്, കാസിനോ പോയിന്റ്, റിവര്‍ ബോട്ട് ക്രൂയിസ്, ഓള്‍ഡ് ഗോവ ( സെന്റ്. കാതറിന്‍ ചാപ്പല്‍, ആര്‍ച്ച് ഓഫ് വൈസ്രോയ്, എഎസ്ഐ മ്യൂസിയം, സെന്റ് അഗസ്റ്റിന്‍).

-: ദക്ഷിണ ഗോവ പാക്കേജില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍- ഫോര്‍ അഗ്വാഡ, സന്‍കെറിം ബീച്ച്, കണ്ടോലിം ബീച്ച്, സെന്റ്. ആന്റ്ണി ചാപ്പല്‍, സെന്റ്. അലക്സ് ചര്‍ച്ച്, കലങ്കൂട്ട് ബീച്ച്, ബാഗാ ബീട്ട്, അഞ്ജുന ബീച്ച്, ചപോര ഫോര്‍ട്ട്, വഗേറ്റര്‍ ബീച്ച്. മൂന്നാമത്തെ പാക്കേജ് മുകളില്‍ പറഞ്ഞ രണ്ട് പാക്കേജുകളിലേയും സ്ഥലങ്ങള്‍ക്ക് പുറമെ മാള്‍ ഡി ഗോവ, സാലിഗണ്‍ ചര്‍ച്ച് എന്നിവയും ഉള്‍പ്പെടും.

ബസില്‍ സഞ്ചാരികള്‍ക്ക് വേണ്ട ഭാഷാ സഹായിയായി നിരവധി വിദേശ ഭാഷകള്‍ ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനും ലഭ്യമാണ്. അനുഭവസമ്പത്തുളള ബസ് പൈലറ്റുമാരും ഉണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ ഉറപ്പ് നല്‍കുന്നുണ്ട്. ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ഗോവയിലെ ബോഡിങ് പോയന്റുകള്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്താം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും റെയില്‍വെ അറിയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook