scorecardresearch
Latest News

ജീവിക്കാനുളള അവകാശം ഞങ്ങള്‍ക്കുമുണ്ട്: വിനീത് സീമ

മുഖത്ത് ചായം പൂശി അഭിനയവേദികളില്‍ എത്തിയിരുന്ന വിനീത് ഇന്നു ചായമിടുന്നത് മറ്റുള്ളവര്‍ക്കുവേണ്ടിയാണ്. അഭിനയത്തോട് പൂര്‍ണമായും വിടപറഞ്ഞ് മേക്കപ്പ് രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് വിനീത്.

ജീവിക്കാനുളള അവകാശം ഞങ്ങള്‍ക്കുമുണ്ട്: വിനീത് സീമ

ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ നടന്നു കയറി വിജയം നേടിയ ചുരുക്കം ചില ഭിന്നലിംഗക്കാരില്‍ ഒരാളാണ് വിനീത് സീമ. മലയാളികള്‍ക്ക് വിനീതിനെ അറിയാം. കോമഡി ഷോകളിലൂടെ ഏവരുടെയും മനം കവര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സുന്ദരി. മുഖത്ത് ചായം പൂശി അഭിനയവേദികളില്‍ എത്തിയിരുന്ന വിനീത് ഇന്നു ചായമിടുന്നത് മറ്റുള്ളവര്‍ക്കുവേണ്ടിയാണ്. അഭിനയത്തോട് പൂര്‍ണമായും വിടപറഞ്ഞ് മേക്കപ്പ് രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് വിനീത്. കേരളത്തിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍ കൂടിയാണ്. ബ്രൈഡല്‍ മേക്കപ്പാണ് വിനീത് പ്രധാനമായും ചെയ്യുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ വിനീതിന്റെ കൈവിരുതില്‍ സുന്ദരിയായ പെണ്‍കുട്ടികള്‍ നിരവധി. ഭിന്നലിംഗക്കാരെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന സമൂഹത്തില്‍ ഒറ്റയ്ക്ക് പോരാടി നേടിയ ജീവിതം ആസ്വദിക്കുകയാണ് വിനീത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈനിനോട് വിനീത് സംസാരിക്കുന്നു.

മേക്കപ്പ് രംഗത്തേക്കുള്ള കടന്നുവരവ്?
കോമഡി ഷോകളിലൂടെ മലയാളികള്‍ക്ക് എന്നെ പരിചയമാണ്. അഭിനയ രംഗത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ക്ക് പരിമിതിയുണ്ട്. ഒരിക്കല്‍ അഭിനയം നിര്‍ത്തേണ്ടി വന്നാല്‍ പിന്നെന്തു ചെയ്യുമെന്നു ആലോചിച്ചു. ഡിസൈനിങ്ങും മേക്കപ്പുമായിരുന്നു അപ്പോള്‍ മുന്നിലുണ്ടായിരുന്നത്. അതില്‍ മേക്കപ്പ് തിരഞ്ഞെടുത്തു.

മേക്കപ്പ് പഠിച്ചിട്ടുണ്ടോ?
കോമഡി ഷോയിലൊക്കെ ഞാന്‍ തന്നെയാണ് മേക്കപ്പ് ചെയ്തിരുന്നത്. അപ്പോള്‍ പലരും നന്നായിട്ടുണ്ടെന്നു പറയുമായിരുന്നു. കുറച്ചു കൂടി പഠിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ പഠിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സാണ് പഠിച്ചത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു പഠനം.

vineeth, seema, transgender, makeup, artist

മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയിലുള്ള വളര്‍ച്ച?
തുടക്കത്തില്‍ പരസ്യ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുമായിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും അവസരം വന്നു. എന്നാല്‍ ഷൂട്ടിങ് സെറ്റുകളില്‍ പോയി മേക്കപ്പ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ബ്രൈഡല്‍ മേക്കപ്പിലേയ്ക്ക് തിരിഞ്ഞത്. ഈ സമയത്ത് ഒരുപാട് പേര്‍ പിന്തുണയുമായത്തി. അങ്ങനെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി.

ബ്രൈഡല്‍ മേക്കപ്പ്?
നാലു വര്‍ഷമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായിട്ടുണ്ട്. തിരുവനന്തപുരത്താണ് താമസം. ഇവിടെയുള്ളവരാണ് പ്രധാനമായും എന്നെ തേടിയെത്തുന്നത്. കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നും ആവശ്യക്കാര്‍ വിളിക്കാറുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള വധുക്കളെയും അണിയിച്ചൊരുക്കാറുണ്ട്. ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തിരക്കു കാരണം പലതും ഒഴിവാക്കുകയാണ്. ബ്രൈഡല്‍ മേക്കപ്പ് വളരെ രസകരമായ ഒന്നാണ്. പല പല മുഖങ്ങള്‍ക്ക് ചായമിടുന്നത് വ്യത്യസ്തമായ അനുഭവമാണ്. മേക്കപ്പും ഹെയറും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. സഹായികളായി നാലു പേര്‍ കൂടെയുണ്ട്.

vineeth-seema-transgender

വിനീതിനൊപ്പം എന്തു കൊണ്ട് സീമ എന്ന പേര്?
സീമ എന്ന പേര് ഇഷ്ടമാണ്. ഒരു പേര് കൂടെ ചേര്‍ക്കുമ്പോള്‍ എന്തെങ്കിലും അര്‍ഥമുണ്ടായിരിക്കണമെന്നു തോന്നി. സീമ എന്നാല്‍ അതിര്‍വരമ്പ്, പരിമിതി എന്നെല്ലാമാണര്‍ത്ഥം. ആ വാക്കിന് എന്നോടൊരടുപ്പമുണ്ടെന്ന് തോന്നി. അങ്ങനെ സീമ എന്ന പേര് കൂടെ കൂട്ടി.

ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മനസ്സിലാക്കുന്നതെപ്പോള്‍?
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് മറ്റുള്ളവരെപ്പോലെയല്ല ഞാന്‍ എന്നറിയുന്നത്. അന്ന് കൂടെ ഉണ്ടായിരുന്നവരെല്ലാം ഒറ്റപ്പെടുത്തി. ക്ലാസിലും പുറത്തും ഒറ്റയ്ക്കായി. പലപ്പോഴും പഠിക്കാന്‍ പോലും തോന്നാറില്ലായിരുന്നു. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ഞാന്‍ ശരിക്കും ഒറ്റപ്പെട്ടു. നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്നതിനാല്‍ എന്നെപ്പോലെയുള്ളവര്‍ വേറെയും അവിടെയുണ്ടെന്നു അറിയില്ലായിരുന്നു. എന്നാല്‍ നഗരത്തിലെത്തിയപ്പോള്‍ ഒരുപാട് പേരെ പരിചയപ്പെട്ടു. പതുക്ക പതുക്കെ ചിന്താഗതികള്‍ മാറി. ഞാന്‍ ഇങ്ങനെയാണെന്നും എന്നെ അംഗീകരിക്കുന്നവര്‍ മാത്രം അംഗീകരിച്ചാല്‍ മതിയെന്നുമുള്ള ചിന്ത വന്നു. പിന്നെ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല.

vineeth, seema, transgender, makeup, artist

സമൂഹത്തിന്റെ പ്രതികരണമെന്തായിരുന്നു?
മറ്റുള്ളവരെപ്പോലെയല്ല, ഏതൊരു കാര്യവും തുടക്കത്തില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍. സ്വന്തം വീട്ടുകാര്‍ പോലും ആദ്യം അംഗീകരിച്ചില്ലായിരുന്നു. സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നില്ല. കളിയാക്കല്‍, ഒറ്റപ്പെടല്‍, അവഗണന ഇതെല്ലാം സമൂഹത്തില്‍നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കലാരംഗത്ത് എത്തിയ ശേഷം വലിയ സ്വീകാര്യതയും പിന്തുണയുമാണ് കിട്ടുന്നത്.

ഒറ്റയ്ക്കല്ലെന്നുള്ള തിരിച്ചറിവ്?
നഗരത്തിലെത്തിയ ശേഷമാണ് എന്നെപ്പോലെ ഒരുപാട് പേര്‍ ഉണ്ടെന്നറിയുന്നത്. ഒരു ദിവസം വഴിമധ്യേ രണ്ടു മൂന്നു പേര്‍ വന്ന് സംസാരിച്ചു. നമ്മളെല്ലാം ഒരു പോലെയാണെന്നു പറഞ്ഞു. ആദ്യം അതിശയം തോന്നി. പിന്നീട് സന്തോഷമായി. ഈ സമൂഹത്തില്‍ ഞാനൊറ്റയ്ക്കല്ലെന്നു ബോധ്യമായി. ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായിരുന്ന ഭയം, സമ്മര്‍ദം, ദുഃഖം എല്ലാം മാറി. ഒരുപാട് പേര്‍ ഇത്തരത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷവും ഒപ്പം സങ്കടവും തോന്നി. സമൂഹത്തിലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എങ്കിലും പിന്നോട്ട് പോവാന്‍ ഞങ്ങള്‍ തയ്യാറല്ല.

കലാരംഗത്തേയ്ക്കുള്ള വരവ്?
സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കലാരംഗത്തുണ്ടായിരുന്നു. സ്റ്റേജ് പരിപാടികളാണ് ആദ്യം ചെയ്തു തുടങ്ങിയത്. റിയാലിറ്റി ഷോയിലെത്തുന്നത് 2007 ലാണ്. പക്ഷേ അവിടെ നമുക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ഒരുപാട് പരിമിതികളുണ്ട്.

vineeth, seema, transgender, makeup, artist

വിനീത് സീമയിലെ കലാകാരിയോടുള്ള പ്രേക്ഷക പ്രതികരണം?
നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചിട്ടുള്ളത്. ഒരു ബുദ്ധിമുട്ടും അവരില്‍ നിന്നുണ്ടായിട്ടില്ല. കലാകാരിയെന്ന നിലയിലുള്ള അംഗീകാരം എപ്പോഴും കിട്ടിയിട്ടുണ്ട്. എല്ലാവരുടെ മുഖത്തും ഒരു ചിരിയുണ്ടാവും. നേരത്തെ അറിയുന്ന ആളോടെന്ന പോലെയാണ് പെരുമാറ്റം. എല്ലായ്‌പ്പോഴും പരിഗണനയും പിന്തുണയും പ്രേക്ഷകരില്‍നിന്ന് ലഭിക്കാറുണ്ട്.

ഇപ്പോള്‍ കലാരംഗത്ത് കാണാറേയില്ലല്ലോ?
അഭിനയ ജീവിതം ഞാന്‍ വിട്ടുകഴിഞ്ഞു. അഭിനയത്തോട് പഴയ പോലെ താല്‍പര്യവുമില്ല. രണ്ടു വര്‍ഷമായി അഭിനയം നിര്‍ത്തിയിട്ട്. അഭിനയത്തില്‍നിന്നും കിട്ടുന്ന വരുമാനവും കുറവായിരുന്നു. ഇടയ്ക്ക് സ്റ്റേജ് പരിപാടികള്‍ ചെയ്യുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി അതും ഇല്ല. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും മേക്കപ്പിലാണ്.

ദിനേശെന്ന ജീവിത പങ്കാളി?
പതിനൊന്നു വര്‍ഷമായി ദിനേശനൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട്. വിവാഹ ജീവിതമെന്നല്ല ലീവിങ് ടുഗെതര്‍ എന്നു പറയുന്നതാണിഷ്ടം. പരസ്പരം മനസ്സിലാക്കി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു. എന്തിനും കൂടെ നില്‍ക്കുന്ന വ്യക്തിയാണ്. തൃശ്ശൂര്‍ സ്വദേശിയായ ദിനേശ് ഒരു ബയോ കെമിസ്റ്റാണ്. സ്റ്റേജ് പരിപാടി കണ്ട ദിനേശ് നന്നായിരുന്നുവെന്ന് പറയാനാണ് ആദ്യം എന്നെ വിളിക്കുന്നത്. പിന്നെ അത് സൗഹൃദമായി വളര്‍ന്നു. തൃശ്ശൂരില്‍ വച്ചാണ് ആദ്യം കാണുന്നത്. ദിനേശിന് എന്നെയും എന്റെ സാഹചര്യങ്ങളെ കുറിച്ചും നന്നായിട്ടറിയാമായിരുന്നു. പരസ്പരം മനസ്സിലാക്കിയ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. രണ്ടു പേരുടെയും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. പക്ഷേ ഞങ്ങള്‍ എതിര്‍പ്പുകളെ അവഗണിച്ച് ഒരുമിച്ച് ജീവിച്ചു.

vineeth, seema, transgender, makeup, artist

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ കുറിച്ച്?
സംഘടനകള്‍ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷേ ഞാന്‍ അതിലൊന്നും അംഗമല്ല. ഞങ്ങള്‍ക്ക് ജോലി ചെയ്യാനും നല്ല ജീവിത സാഹചര്യങ്ങളൊരുക്കാനുമായിരിക്കണം സംംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ഇതിനായി ശ്രമിക്കുന്നത്.

ഭാവി സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍
തിരുവനന്തപുരത്തെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാവണം. പിന്നെ തിരുവനന്തപുരത്ത് സ്വന്തമായൊരു വീട് വേണം. അതിന് അച്ഛമ്മയുടെ പേരിടണം- ശാരദ. ഒന്നില്‍നിന്നും ഒളിച്ചോടാതെ സമൂഹത്തിനു മുന്നില്‍ അധ്വാനിച്ച് ജീവിച്ച് കാണിക്കണം. എല്ലാവരെയും പോലെ ഇവിടെ ജീവിക്കാനുളള അവകാശം ഞങ്ങള്‍ക്കുമുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Interview with transgender bridal makaup artist vineeth seema