International Women’s Day 2021 Date: എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമ്പോഴും യാത്ര ദൈർഘ്യമേറിയതാണെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലായിട്ടാണ് ഈ ദിനം കടന്നു വരുന്നത്.

ചരിത്രവും പ്രാധാന്യവും

അന്താരാഷ്ട്ര വനിതാ ദിനം ഇപ്പോൾ ഒരു നൂറ്റാണ്ടിലേറെയായി ആഘോഷിക്കപ്പെടുന്നു. പലരും ഇതിനെ ഒരു ഫെമിനിസ്റ്റ് വിഷയമായി കരുതുന്നുണ്ടെങ്കിലും അതിന്റെ വേരുകൾ തൊഴിലാളി പ്രസ്ഥാനത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1911 ൽ ജർമ്മനിയിൽ നിന്നുള്ള മാർക്സിസ്റ്റായ ക്ലാര സെറ്റ്കിനിൽ ആണ് ഈ ദിനാചരണം ആദ്യമായി സംഘടിപ്പിച്ചത്.

1857 ൽ ജർമ്മനിയിലെ വീഡെറാവിലാണ് സെറ്റ്കിൻ ജനിച്ചത്. അദ്ധ്യാപികയായി പരിശീലനം നേടിയ അവർ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി (എസ്പിഡി) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇന്ന് രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് എസ്പിഡി. അവൾ തൊഴിലാളി പ്രസ്ഥാനത്തിന്റെയും സ്ത്രീ പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നു.

1880 കളിൽ, ജർമ്മൻ നേതാവ് ഓട്ടോ വോൺ ബിസ്മാർക്ക് സോഷ്യലിസ്റ്റ് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയപ്പോൾ, സെറ്റ്കിൻ സ്വിറ്റ്സർലൻഡിലേക്കും ഫ്രാൻസിലേക്കും സ്വയം അടിച്ചേൽപ്പിക്കപ്പെട്ട പ്രവാസത്തിലേക്ക് പോകാൻ നിർബന്ധിതയായി. ഈ സമയത്ത്, അവർ നിരോധിത സാഹിത്യങ്ങൾ എഴുതി വിതരണം ചെയ്തു, അക്കാലത്തെ പ്രമുഖ സോഷ്യലിസ്റ്റുകളെ കണ്ടുമുട്ടി. സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ രൂപീകരണത്തിലും സെറ്റ്കിൻ ഒരു പ്രധാന പങ്ക് വഹിച്ചു.

ജർമ്മനിയിൽ തിരിച്ചെത്തിയപ്പോൾ, 1892 മുതൽ 1917 വരെ സ്ത്രീകൾക്ക് വേണ്ടിയുള്ള എസ്‌പി‌ഡിയുടെ ദിനപത്രമായ ഡൈ ഗ്ലീച്ചൈറ്റിന്റെ (‘സമത്വം’) പത്രാധിപരായി. എസ്‌പി‌ഡിയിൽ, സെറ്റ്കിൻ തീവ്ര ഇടതുപക്ഷ ചിന്തകയും വിപ്ലവകാരിയുമായ റോസ ലക്സംബർഗുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്റർനാഷണൽ സോഷ്യലിസ്റ്റ് വിമൻസ് കോൺഗ്രസിന്റെ സഹസ്ഥാപകയായി മൂന്ന് വർഷത്തിന് ശേഷം 1910 ൽ നടന്ന സമ്മേളനത്തിൽ അവർ ഫെബ്രുവരി 28 ന് എല്ലാ രാജ്യങ്ങളിലും വനിതാദിനം ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു.

17 രാജ്യങ്ങളിൽ നിന്നുള്ള 100 വനിതകൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ യൂണിയനുകൾ, സോഷ്യലിസ്റ്റ് പാർട്ടികൾ, വർക്കിംഗ് വിമൻസ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും വനിതാ നിയമസഭാംഗങ്ങളും പങ്കെടുത്തിരുന്നു. വനിതാ ദിനാചരണമെന്ന നിർദേശം അവർ ഏകകണ്ഠമായി അംഗീകരിച്ചു. 1911 ൽ ആദ്യമായി വനിതാ ദിനം ആചരിച്ചു.

രണ്ട് വർഷത്തിന് ശേഷം, 1913 ൽ തീയതി മാർച്ച് 8 ലേക്ക് ദിനാചരണം മാറ്റി. ഇപ്പോഴും ആ ദിനത്തിൽ തന്നെ എല്ലാ വർഷവും വനിതാദിനം ആഘോഷിക്കുന്നത് തുടരുന്നു.

ഈ വർഷത്തെ പ്രമേയം

വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക (#ChooseToChallenge) എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം. “വെല്ലുവിളിക്കപ്പെട്ട ലോകം ഒരു ജാഗ്രതയുടെ ലോകമാണ്, വെല്ലുവിളികളിൽ നിന്ന് മാറ്റം വരുന്നു” എന്ന് ഇത് സൂചിപ്പിക്കുന്നു.

ഈ വർഷം, തടഞ്ഞുനിർത്തുന്ന എല്ലാ കാര്യങ്ങളെയും വെല്ലുവിളിക്കാനും വനിതകളുടെ മികച്ച സഖ്യമുണ്ടാക്കാനും തിരഞ്ഞെടുക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook