ലോക വനിതാദിനത്തിന്റെ ഈ വർഷത്തെ ക്യാംപെയിൻ തീം പുറത്തിറങ്ങി. #PressforProgress ആണ് ഇത്തവണത്തെ ക്യാംപെയിൻ തീം. സ്ത്രീയ്ക്കും പുരുഷനും ഇടയിലെ അന്തരം കുറച്ച് ലിംഗസമത്വം ഉറപ്പുവരുത്തുകയാണ് ഇത്തവണത്തെ തീമിലൂടെ ലക്ഷ്യമിടുന്നത്.

മാർച്ച് എട്ടിനാണ് ലോകവനിതാ ദിനം. വനിതാദിനത്തിൽ തുടക്കമിടുന്ന ഈ ക്യാംപെയിൻ വർഷം മുഴുവൻ നീണ്ടുനിൽക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി വിവിധ ഗ്രൂപ്പുകൾ ഈ ഹാഷ്ടാഗിലൂടെ ലിംഗസമത്വത്തെക്കുറിച്ചുളള ബോധവൽക്കരണം നടത്തും. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഇതിനോടകം ക്യാംപെയിന് പിന്തുണ അറിയിച്ചിട്ടുണ്ട്. #BeBoldforChange ആയിരുന്നു കഴിഞ്ഞ വർഷത്തെ ക്യാംപെയിൻ തീം.

1910 ൽ ഡെൻമാർക്കിൽ നടന്ന ഇന്റർനാഷണൽ വുമൺസ് കോൺഫറൻസിലാണ് ജർമനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവർത്തകയുമായ ക്ലാരാ സെറ്റ്കിൻ വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. 17 രാജ്യങ്ങളിൽനിന്നുളള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു ക്ലാര ഈ ആശയം അവതരിപ്പിച്ചത്. സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിക്കുകയും അടുത്ത വർഷം 1911 മുതൽ വനിതാ ദിനം ആചരിച്ചു തുടങ്ങുകയും ചെയ്തു.

1975 ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8 ലോക വനിതാ ദിനമായി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ