മഹാത്മാഗാന്ധിയും നരേന്ദ്ര മോദിയും ബരാക്ക് ഒബാമയും ഒരുമിച്ച് ആഘോഷിക്കേണ്ട ദിവസമാണിന്ന്. ഓഗസ്റ്റ് 13- ഇടം കൈയ്യരുടെ ദിവസം (International Lefthanders Day). ലോകജനതയുടെ പത്ത് ശതമാനം മാത്രമുള്ള ഇടംകൈയ്യര്‍ക്കായി ഒരു ദിവസം മാറ്റി വച്ചത് 1976 മുതലാണ്.

ഇവര്‍ മൂന്നു പേര്‍ മാത്രമല്ല… മദര്‍ തെരേസ, രത്തന്‍‌ ടാറ്റ, ധീരുഭായ് അംബാനി, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനീകാന്ത്,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി തുടങ്ങിയ ഇന്ത്യക്കാരും സ്റ്റീവ് ജോബ്സ്, വില്യം രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഹെന്‍ററി ഫോര്‍ഡ്, ഗാരി കാസ്പരോവ്, മറഡോണ,ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഐസ്ക്ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍, ഹെലന്‍ കെല്ലര്‍ തുടങ്ങി മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി വരെയുളള ഇന്‍റര്‍നാഷ്ണല്‍ പുലികള്‍ ഉള്‍പ്പെടുന്ന നീണ്ട നിര തന്നെയുണ്ട് ഇടം കയ്യന്‍മാരുടെ പട്ടികയില്‍. ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇടം കൈയ്യരോട് അറിയാതെ ഒരു ബഹുമാനം തോന്നിപ്പോകുമല്ലേ?

Famous Left Handers: വിഖ്യാത ‘ലെഫ്റ്റി’കൾ

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ എഴുത്തുകള്‍ വായിക്കണമെങ്കില്‍ മുഖം നോക്കുന്ന കണ്ണാടി വേണമായിരുന്നു. വലത്തു നിന്ന് ഇടത്തേക്ക് എഴുതിയിരുന്ന അദ്ദേഹം അങ്ങനെ ചെയ്തിരുന്നത് കത്തുകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണെന്ന് വാദങ്ങളുണ്ടായിരുന്നെങ്കിലും സത്യത്തില്‍, അദ്ദേഹം ഇടം കൈയ്യനായിരുന്നു. ബരാക്ക് ഒബാമയെക്കൂടാതെ ഡെറാള്‍ഡ് ഫോര്‍ഡ്, റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്‍റന്‍ എന്നീ അമേരിക്കന്‍ പ്രസിഡന്‍റുമാരും ഇടം കൈയ്യന്‍മാരായിരുന്നു.

‘ഓം ശാന്തി ഓശാന’ എന്ന സിനിമയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ വച്ച് നായികയെ ശല്യപ്പെടുത്തിയ ആളെ നായകനായ നിവിന്‍ പോളി ഇടം കൈ കൊണ്ടാണ് അടിക്കുന്നത്, അതു പോലെ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയില്‍ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന പാട്ടിനിടയ്ക്ക് ഇടം കൈകൊണ്ട് ഗിറ്റാര്‍ വായിക്കുന്നതും കാണാം. ‘പ്രേമ’ത്തില്‍ മേരിക്ക് ജോര്‍ജ് കത്തെഴുതുന്നതും ഇടം കൈ കൊണ്ട് തന്നെ. അങ്ങനെ മലയാള സിനിമയില്‍ ഏക ഇടം കൈയ്യനായ് നിവിന്‍ പോളിയെ തിരിച്ചറിയാന്‍ തുടങ്ങി. മലയാളികള്‍ക്ക് പരിചിതനായ പ്രകാശ് രാജും ഈ പട്ടികയില്‍ തന്നെയുള്ള ആളാണ്.

അധികമാര്‍ക്കും അറിയാത്ത മറ്റൊരു കാര്യമുണ്ട്. ‘ഒരു അഭിഭാഷകന്‍റെ കേസ് ഡയറി’ എന്ന സിനിമയില്‍ മമ്മൂട്ടി, ചേട്ടനായ് അഭിനയിച്ച ജഗതി ശ്രീകുമാറിന്‍റെ ഡയറിക്കുറിപ്പ് വായിച്ച് ഇടം കൈ കൊണ്ട് തിരുത്തിയെഴുതുന്ന രംഗമുണ്ട്. എന്നാല്‍ വലം കൈ കൊണ്ട് എഴുതുകയും എതിരാളികളെ അടിച്ചിടുകയും ഭക്ഷണം വിളമ്പുകയുമൊക്കെ ചെയ്യുന്ന മമ്മൂട്ടിയെയാണ് ബാക്കി സിനിമകളില്‍ കാണുന്നത്. അങ്ങനെ രണ്ട് കൈകൊണ്ടും എഴുതാനാകുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് മനസ്സിലാക്കാം.

Read More: International Left Handers Day: Are left-handed people more intelligent?

രണ്ട് വര്‍ഷം മുന്‍പ് ഗോവയില്‍ ഇടം കൈയ്യര്‍ക്കായി ഒരു മ്യൂസിയം തുടങ്ങി. ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ് മ്യൂസിയത്തിന്‍റെ മാതൃകയില്‍, പ്രശസ്തരായ ഇടം കൈയ്യരുടെ രൂപങ്ങളാണ് ഈ മ്യൂസിയത്തിലുളളത്. ഇന്ത്യന്‍ ലെഫ്റ്റ് ഹാന്‍ഡര്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ മ്യൂസിയം ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ മ്യൂസിയമാണെന്നും അവകാശപ്പെടുന്നു. ഇടം കൈയ്യരുടെ പ്രശ്നം സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഇങ്ങനെയൊരു മ്യൂസിയം സ്ഥാപിച്ചത് വഴി ഉദ്ദേശിച്ചതെന്ന് സംഘാടകര്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു.

ഇടംകൈയ്യൻ, ഇടംകൈയ്യൻമാർ ഉണ്ടാകുന്നത്, പ്രശസ്ത ഇടംകൈയ്യൻമാർ, famous left handers, left handers in indian cricket team, famous lefties, International Letfhanders Day. , left handedness, iemalayalam

പെൻസിൽ കമ്പനിയ്ക്ക് കത്തെഴുതിയ അമ്മ

രണ്ട് വര്‍ഷം മുന്‍പ് ഒരമ്മ തന്‍റെ നാലര വയസ്സുകാരിയായ മകളുടെ സങ്കടത്തിന് പരിഹാരം തേടി ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് അധികൃതര്‍ക്ക് ഒരു കത്തെഴുതിയത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കയും ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. സ്കൂളില്‍ വച്ച്, പെന്‍സില്‍ ഷാര്‍പ്നര്‍ തന്‍റെ കൂട്ടുകാരെ പോലെ ഉപയോഗിക്കാനാവാത്തതിന്‍റെ സങ്കടവുമായെത്തിയ ഇഷയെ അവളുടെ അമ്മ ശ്വേത ആശ്വസിപ്പിച്ചു. തന്‍റെ മകള്‍ക്ക് ഇടം കയ്യാണ് കൂടുതല്‍ വഴങ്ങുക എന്നത് നേരത്തെ തന്നെ ശ്വേത തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ശ്വേത സിങ്ങെന്ന അമ്മ, മകള്‍ ഇഷയുടെ വിഷമം ഹിന്ദുസ്ഥാന്‍ പെന്‍സില്‍സിനെ അറിയിച്ചു. ഇടം കൈയ്യന്മാര്‍ക്കായുള്ള പെന്‍സില്‍ ഷാര്‍പ്നര്‍ തേടി കുറേ നടന്നെന്നും, ഒടുവില്‍ വില ചോദിച്ചപ്പോള്‍ 700 രൂപ മുതല്‍ 1200 രൂപ വരെയാണ് പറഞ്ഞതെന്നും കാണിച്ച് ശ്വേത ഇടംകൈക്കാരിയായ തന്‍റെ മകളുടെ പ്രശ്നം പെന്‍സില്‍ നിര്‍മാതാക്കളെ അറിയിച്ചു.

നടരാജ്, അപ്സര പെന്‍സിലുകളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സിലിന് ശ്വേതയുടെ കത്തിന്‍റെ ഗൌരവം മനസ്സിലായി. ഹിന്ദുസ്ഥാന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്വേതയെ ഫോണില്‍ വിളിച്ച് സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മറുപടി കത്ത് വന്നു ശ്വേതയ്ക്ക്. ഒപ്പം ഇഷയ്ക്ക് സമ്മാനമായി ഇടം കയ്യര്‍ക്കുള്ള പെന്‍സില്‍ ഷാര്‍പ്പ്നറുകളും. ഭാവിയില്‍ കൂടുതല്‍ ഷാര്‍പ്പ്നറുകള്‍ വിപണിയിലിറക്കുമെന്ന് ഉറപ്പും കൊടുത്തു.

വലിയൊരു പ്രശ്നത്തിന്‍റെ ചെറിയൊരു പരിഹാരം മാത്രമാണ് ഈ സംഭവം. ലോകജനതയുടെ അഞ്ച് മുതല്‍ പത്ത് ശതമാനമാളുകള്‍ നേരിടുന്ന പ്രശ്നത്തെയാണ് ശ്വേത കത്തിലൂടെ അവതരിപ്പിച്ചത്.

ലോകം ഉണ്ടായപ്പോള്‍ മുതല്‍ വലംകയ്യര്‍ക്കാണ് ആധിപത്യം. പോരാത്തതിന് നന്നേ ചെറുപ്പത്തില്‍ കേള്‍ക്കുന്ന, ഇനിയും ലോജിക്ക് മനസ്സിലാകാത്ത ചില കഥകളും. വലം കൈ ദൈവത്തിന്‍റേത്, ഇടം കൈ ചെകുത്താന്‍റേത്. ഇടം കൈ കൊണ്ട് ചോറ് തിന്നാന്‍ തുടങ്ങുന്ന കുഞ്ഞുകൈയില്‍ തുടര്‍ച്ചയായി അടി കിട്ടുമ്പോള്‍ പതിയെ ആ കൈ പിറകോട്ട് പോകും. വലം കൈ മുന്നിലേക്കും വരും. പല ഇടതുപക്ഷക്കാരും വലതുപക്ഷത്തേക്ക് ചാഞ്ഞത് ഇങ്ങനെയാണ്. മലയാളത്തില്‍ മാത്രമല്ല, ലാറ്റിനില്‍ ഉള്‍പ്പെടെ പല ഭാഷകളിലും ഇടതിനേയും വലതിനേയും വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്.ഇടംകൈയ്യൻ, ഇടംകൈയ്യൻമാർ ഉണ്ടാകുന്നത്, പ്രശസ്ത ഇടംകൈയ്യൻമാർ, famous left handers, left handers in indian cricket team, famous lefties, International Letfhanders Day. , left handedness, iemalayalam

ഇടം കൈയ്യരുണ്ടാകുന്നതെങ്ങനെ?

ധാരാളം പഠനങ്ങള്‍ ഇതു സംബന്ധിച്ചുണ്ടായിട്ടുണ്ടെങ്കിലും കാരണം മുഴുവനായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിന്‍റെ ഘടനയിലുള്ള പ്രത്യേകതകളാകാം കാരണം. സെറിബ്രം, സെറിബെല്ലം, മെഡുല ഒബ്ലാംഗേറ്റ എന്നിങ്ങനെ തലച്ചോറിന്‍റെ പ്രധാനഭാഗങ്ങളില്‍ സെറിബ്രത്തെ രണ്ട് അര്‍ധഗോളങ്ങളായി തിരിച്ചിട്ടുണ്ട്. കോര്‍പ്പസ് കലോസമെന്ന ഭാഗമാണ് ഈ അര്‍ധഗോളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഇതില്‍ ഇടത് പകുതി ശരീരത്തിന്‍റെ വലതു ഭാഗത്തെയും വലത്തെ പകുതി ശരീരത്തിന്‍റെ ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു.

ലോജിക്കലായ കാര്യങ്ങള്‍, ഭാഷ, കണക്ക്, സയന്‍സ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കുന്നത് സാധാരണഗതിയില്‍ ഇടത്തെ പകുതിയാണ്. വികാരങ്ങള്‍, സ്ഥലങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍, സര്‍ഗാത്മകത ഇതൊക്കെ നിയന്ത്രിക്കുന്നത് വലത്തെ പകുതിയും. ഇടത് വശത്തിന് സ്വാധീനം കൂടുതലുളളവരില്‍ തലച്ചോറിന്‍റെ വലത്തെ പകുതിയുടെ അര്‍ധഗോളം കൂടുതല്‍ കാര്യക്ഷമമാകും. അതനുസരിച്ചായിരിക്കും ആ വ്യക്തിയുടെ ചലനങ്ങളും ചിന്തകളുമെല്ലാം. വലം കൈയ്യരെ അപേക്ഷിച്ച് ഇടതു കൈ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ കോര്‍പ്പസ് കലോസത്തിന്‍റെ വലുപ്പം കൂടുതലായതായി കണ്ടെത്തിയിട്ടുണ്ട്.

ഇടം കൈയ്യരെ വലത്തേക്കാക്കുമ്പോള്‍

സമൂഹമാധ്യമങ്ങളില്‍ മക്കളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. ‘പ്രണയം’ സിനിമയിലെ അനുപം ഖേറിന്‍റെ ചെറുപ്പകാലം അഭിനയിച്ചത് ആര്യനാണ്. പിന്നെ ‘കൂദാശ’, ‘ലില്ലി’ എന്നീ സിനിമകളിലും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ‘ബേണ്‍ മൈ ബോഡി’ എന്ന ഹ്രസ്വചിത്രത്തിന്‍റെ സംവിധായകനുമാണ് ആര്യന്‍. ഭാര്യ സൌമ്യയുടെയും മക്കളായ സനയുടെയും പീലിയുടെയും കനിയുടെയും വിശേഷങ്ങള്‍ നല്ല രസകരമായി എഴുതുന്നതിലൂടെയും ആര്യന്‍ സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്.

കഴിഞ്ഞ ദിവസം, ആര്യന്‍ ഇടം കൈകൊണ്ട് സ്ലേറ്റില്‍ വരയ്ക്കുന്ന ഇളയ മകള്‍ കനിയുടെ ചിത്രം ഒരു കുറിപ്പോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഇടം കയ്യാനാകുക എന്ന എന്‍റെ സ്വപ്നം മൂന്നാമത്തെ മകളിലൂടെ സാക്ഷാത്ക്കരിക്കുകയാണ്,’ എന്നായിരുന്നു കുറിപ്പ്.

“ഇടംകയ്യനാണെന്ന് സംശയം തോന്നിയപ്പോഴേ അമ്മ എന്നെ തിരുത്താന്‍ തുടങ്ങി. ഇടം കൈ കൊണ്ടെഴുതുന്നത് എന്തോ മോശം കാര്യമാണെന്ന് തോന്നിയിട്ടാകാം അമ്മ അത് തിരുത്തിയത്. സ്കൂളില്‍ പ്രാര്‍ത്ഥനയുടെ സമയത്ത് വലതു കൈയ്യിലെ തള്ളവിരല്‍ ഇടത് കൈയ്യിലെ തള്ളവിരലിന് മീതെയാകണം എന്ന് ഓര്‍മിപ്പിച്ചിരുന്ന ഒരു ടീച്ചറുണ്ടായിരുന്നു എനിക്ക്. പക്ഷേ, ഇടതോ വലതോ എന്ന സംശയം എപ്പോഴുമുണ്ടായിരുന്നത് കൊണ്ട്, എല്ലാ കാര്യങ്ങളിലും അതുണ്ടായി.

എഴുതുമ്പോഴും അടുക്കളയില്‍ എന്തെങ്കിലും അരിയുമ്പോഴുമെല്ലാം അല്‍പം സമയമെടുക്കും. ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം ഇടം കൈ ഉപയോഗിക്കുന്നത് മാറ്റിയിട്ടില്ല,” ഇടം കയ്യനായ തന്നെ വലംകയ്യനായക്കിയതാകാം ഇതിന് കാരണമെന്ന് ആര്യന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ഇപ്പോ ഗാന്ധിജിയെപ്പോലെ എനിക്കും രണ്ട് കൈ കൊണ്ടും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും,” ആര്യന്‍ തമാശ കലര്‍ത്തി പറഞ്ഞതാണെങ്കിലും പൊതുവെ സംഭവിക്കുന്നത് ഇതാണ്. ഇടം കൈയ്ക്ക് കൂടുതല്‍ സ്വാധീനമുള്ളവരെ വലത് കൈയിലേക്ക് മാറാന്‍ പരിശീലിപ്പിക്കുമ്പോള്‍ ക്രമേണ ഇക്കൂട്ടര്‍ക്ക് രണ്ടും വഴങ്ങാന്‍ തുടങ്ങും.

പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായിരുന്ന ഡോ. ക്ലെയര്‍ പൊറാക്കും ഈ വസ്തുത ശരിവയ്ക്കുന്നുണ്ട്. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും വലതു കൈ കൊണ്ടെഴുതാന്‍ ഇക്കൂട്ടരെ നിര്‍ബന്ധിക്കുന്നത് ഇപ്പോഴില്ലെങ്കിലും ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഈ കീഴ്വഴക്കം ഇപ്പോഴും തുടരുന്നുണ്ട്. ക്രമേണ ഇവര്‍ വലം കൈ കൊണ്ടെഴുതാന്‍ തുടങ്ങുമെങ്കിലും മറ്റ് കാര്യങ്ങളെല്ലാം ഇടം കൈ കൊണ്ട് ചെയ്യുന്നത് തുടരും. അങ്ങനെ ഇവര്‍ രണ്ട് കൈകളും ഒരു പോലെ വഴങ്ങുന്നവരാകുമെന്നും ക്ലെര്‍ക്ക് പറയുന്നു.

ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോ.ക്ലെയര്‍ പൊറാക്ക് Lateral Preferences and Human Behaviour, Laterality: Exploring the Enigma of Left-Handedness എന്നിങ്ങനെ രണ്ട് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.ഇടംകൈയ്യൻ, ഇടംകൈയ്യൻമാർ ഉണ്ടാകുന്നത്, പ്രശസ്ത ഇടംകൈയ്യൻമാർ, famous left handers, left handers in indian cricket team, famous lefties, International Letfhanders Day. , left handedness, iemalayalam

ഇടം കൈയ്യരെ വലം കൈയ്യരാക്കാന്‍ ശ്രമിക്കുമ്പോള്‍ മസ്തിഷ്ക്കത്തിന്‍റെ പ്രവര്‍ത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തിയ പാക്കിസ്ഥാന്‍ എഴുത്തുകാരന്‍ വസിയോ അലി ഖാന്‍ അബ്ബാസി വിശദീകരിക്കുന്നു. സര്‍ഗാത്മകതയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന തലച്ചോറിന്‍റെ വലതു വശത്തിന്‍റെ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമാകില്ല. പകരം ലോജിക്കലായുള്ള കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഇടതു വശം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. അതോടെ വ്യക്തിയുടെ യഥാര്‍ത്ഥത്തിലുള്ള സ്വഭാവം നേരെ തിരിയുന്നു. കൂടാതെ കൈയ്യക്ഷരം നന്നാക്കാനും കത്രികയും കത്തിയും ഉപയോഗിക്കാനുമൊക്കെ ഇവര്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരും. മാത്രമല്ല, ചിലപ്പോള്‍ സംസാരത്തിലും തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വസിയോ അബ്ബാസി ചൂണ്ടിക്കാട്ടുന്നു.

ചുരുക്കത്തില്‍ കുഞ്ഞ് ഇടം കൈകൊണ്ട് കുത്തി വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേടിപ്പിച്ച് വലം കൈയിലേക്ക് പെന്‍സില്‍ മാറ്റാതെ വെറുതെ വിടുക. വലം കൈയ്യരുടെ ലോകത്തില്‍ ഇടം കൈയ്യരായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്. ഇടത്-വലത് രാഷ്ട്രീയപാര്‍ട്ടികളെ ഒരു പോലെ കാണുന്ന ലോകം ഇടം കൈയ്യരെക്കൂടി ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമാകട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook