ഇന്ന് രാജ്യാന്തര പൂച്ചദിനം. ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ 2002 മുതൽ ആരംഭിച്ചതാണ് ഇന്റർനാഷണൽ ക്യാറ്റ് ഡേ. എല്ലാ വർഷവും ഓഗസ്റ്റ് 8 ആണ് രാജ്യാന്തര പൂച്ചദിനമായി ആഘോഷിക്കുന്നത്. വേൾഡ് ക്യാറ്റ് ഡേ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഫെബ്രുവരി പതിനേഴിനാണ് ആഘോഷിക്കുന്നത്. റഷ്യയിൽ ഇത് മാർച്ച് ഒന്നിനാണ്.
അടുക്കളപ്പുറത്തും വീടിനകത്തുമൊക്കെ കാലുരുമ്മി നടക്കുന്ന പാവം ജീവികളാണ് നമുക്ക് പൂച്ചകൾ. കാഴ്ചയിലും ശബ്ദത്തിലുമൊക്കെ പതിഞ്ഞ രൂപവും ശബ്ദവുമൊക്കെയാണെങ്കിലും തീർത്തും നിസ്സാരക്കാരായി കാണാൻ കഴിയില്ല പൂച്ചകളെ, വേഗതയുടെ പര്യായമായി നമ്മൾ കാണുന്ന ചീറ്റപ്പുലികളുടെ കുടുംബക്കാരാണ് ഇവർ.
പൂച്ചയോടുള്ള മനുഷ്യന്റെ പ്രണയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചരിത്രത്തിൽ പോലുമുണ്ട് വിശ്വവിഖ്യാതരായ ചില പൂച്ചകളും പൂച്ചപ്രേമികളും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെ താമസക്കാരനായ ലാറിയെന്ന പൂച്ചയാണ് ചരിത്രത്തിലെ രാജകീയനായ പൂച്ചകളിൽ ഒരാൾ. മാർഗറ്റ് താച്ചർ പ്രധാനമന്ത്രിയായ കാലത്ത് അനാഥപൂച്ചയ്ക്കു വേണ്ടി ചീഫ് മോസർ എന്നൊരു തസ്തിക തന്നെ ആരംഭിച്ചിരുന്നു. അതുപോലെ ലോകം മുഴുവൻ വിറപ്പിച്ച നെപ്പോളിയന് പൂച്ചയെ ഭയമായിരുന്നെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൂച്ചകളെ കുറിച്ച് എഴുതപ്പെട്ട ധാരാളം പുസ്തകങ്ങളുണ്ട്. ടി.എസ്.എലിയറ്റിന്റെ ഓൾഡ് പോസം ബുക്ക് ഓഫ് പ്രാക്റ്റിക്കൽ ക്യാറ്റ്സ്, ഡോക്ടർ സീസിന്റെ ദ ക്യാറ്റ് ഇൻ ദ ഹാറ്റ്, ലിൻഡ പി.കേസിന്റെ ദ ക്യാറ്റ് എന്നിവയൊക്കെ ഇതിൽ ചിലതുമാത്രം.
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ വളർത്തുപൂച്ചയാണ് എഡ്വാർഡ്. എഡ്വാർഡിനൊപ്പമുള്ള ആലിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
പൂച്ചയും മനുഷ്യനും തമ്മിൽ
വളർത്തു മൃഗങ്ങളിൽ നായയാണോ പൂച്ചയാണോ മനുഷ്യന്റെ മികച്ച സഹചാരിയെന്ന തർക്കം മൃഗസ്നേഹികൾക്കിടയിൽ വർഷങ്ങളായി ഉള്ളതാണ്. എന്നാൽ പൂച്ചസ്നേഹം നേരന്പോക്കു മാത്രമല്ല, മനുഷ്യരുടെ ആരോഗ്യത്തിൽ പൂച്ചയ്ക്കും കാര്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യാന യൂണിവേഴ്സിറ്റി മീഡിയ സ്കൂൾ.
ഇന്ത്യാന യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, പൂച്ചകളെ കുറിച്ചുള്ള വീഡിയോകൾ വ്യക്തികളെ രസിപ്പിക്കുന്നതിനൊപ്പം കാഴ്ചക്കാരിൽ പ്രസരിപ്പും പോസ്റ്റീവ് വികാരങ്ങളും ഉണർത്തുന്നുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പൂച്ചകളെ നിരീക്ഷിക്കുന്നതും അവരുടെ ചലനങ്ങൾ കണ്ടിരിക്കുന്നതുമൊക്കെ നെഗറ്റീവ് ചിന്തകളും ഉത്കണ്ഠയും മുഷിപ്പും വിഷാദവുമൊക്കെ അകറ്റുമെന്നാണ് കണ്ടെത്തൽ.
വളർത്തുമൃഗമായി പൂച്ചയെ വളർത്തുന്നതുവഴി ആരോഗ്യകരമായ ഗുണങ്ങൾ കൂടി മനുഷ്യന് ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു കുഞ്ഞിന്റെ ഒരു വയസ്സുവരെയുള്ള കാലയളവിൽ, വളർത്തുമൃഗമായി പൂച്ച വീട്ടിലുണ്ടെങ്കിൽ അത് കുഞ്ഞിന്റെ പ്രതിരോധശേഷി ദൃഢമാക്കുമെന്നും ശ്വാസകോശസംബന്ധമായ അണുബാധകൾക്ക് എതിരെയുള്ള പ്രതിരോധശക്തി ഇത്തരം കുട്ടികളിൽ കൂടുതലായിരിക്കുമെന്നാണ് ഫിൻലാൻഡിലെ കുപിയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും യൂറോപ്യൻ യൂണിയനിലും നടന്ന പഠനങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതകൾ കുറയ്ക്കാൻ പൂച്ചയുടെ സാന്നിധ്യത്തിനു കഴിയുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നനോളജി ഇൻഫർമേഷന്റെ നിരീക്ഷണത്തിലും പറയുന്നുണ്ട്.
ഓട്ടിസമുള്ള കുട്ടികളിൽ വളർത്തുപൂച്ചകളുമായുള്ള ഇടപെടലുകളും മറ്റും അവരുടെ സാമൂഹികമായ കഴിവുകൾ മെച്ചപ്പെടുത്തുമെന്നും അവരുടെ മാനസികാരോഗ്യത്തിന് സഹായിക്കുമെന്നും ചില പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.