ഇളയ മകൻ ആനന്ദിന്റെ വിവാഹ ഒരുക്കങ്ങളിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയും കുടുംബവും. ആനന്ദിന്റെ ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർച്ചന്റ് ആണ് വധു. വിവാഹത്തിനു മുന്നോടിയായി നടന്ന മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രശസ്ത ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ഡിസൈൻ ചെയ്ത ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള കസ്റ്റംമെയ്ഡ് ലെഹങ്ക സെറ്റാണ് മെഹന്ദി ആഘോഷങ്ങൾക്കായി രാധിക അണിഞ്ഞത്. ഈ മൾട്ടി കളർ ലെഹങ്കയിൽ ഓറഞ്ച്, നീല, മഞ്ഞ, ഗോൾഡ് എന്നിവയുടെ വ്യത്യസ്ത ഷേഡുകളിൽ എംബ്രോയിഡറി വർക്കും ചെയ്തിട്ടുണ്ട്. ലെഹങ്കയ്ക്ക് ഒപ്പം മരതകം കൊണ്ടുള്ള ഒരു പോൾക്കി ചോക്കർ നെക്ലേസും അതിനു ചേരുന്ന കമ്മലുകളും മാങ് ടിക്കയുമായിരുന്നു രാധിക അണിഞ്ഞത്.
ഫാർമസി ഗ്രൂപ്പായ എൻകോർ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ആയ വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക. ന്യൂയോർക്ക് യൂനിവേഴ്സിറ്റിൽ നിന്നും പൊളിറ്റിക്സ് ആൻഡ് എക്ണോമിക്സിൽ ബിരുദ പഠനം നേടിയ രാധിക മികച്ചൊരു നർത്തകി കൂടിയാണ്. ഭരതനാട്യം അടക്കമുള്ള ക്ലാസിക്കൽ നൃത്തകലകളിൽ രാധിക പ്രാവിണ്യം നേടിയിട്ടുണ്ട്. ഭാവന താക്കറാണ് രാധികയുടെ ഗുരു.
റിയൽ എസ്റ്റേറ്റ് ശൃംഖലയായ ഇസ്പ്രാവയിൽ സെയിൽസ് എക്സിക്യൂട്ടീവായാണ് രാധിക തന്റെ കരിയർ ആരംഭിച്ചത്. ഇപ്പോൾ എൻകോർ ഹെൽത്ത്കെയർ ഡയറക്ടർ ബോർഡ് അംഗമാണ്.
യു.എസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയ ആനന്ദ് അംബാനി നിലവിൽ റിലയൻസ് കമ്പനിയുടെ ഊർജ വിഭാഗത്തിന്റെ തലവനാണ്. അമ്മ നിതയ്ക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ മേൽനോട്ടം വഹിക്കുന്നതും ആനന്ദാണ്.