ടൊറൊന്റോ: വിദ്യാർത്ഥിനിയുടെ രോഗ വിവരം മനസിലാക്കി പ്രത്യേക ബിരുദധാന ചടങ്ങ് സംഘടിപ്പിച്ച് ബിരുദം കൈമാറിയ സർകലാശാല അധികൃതരുടെ നടപടി പ്രശംസിക്കപ്പെടുന്നു. കാനഡയിലെ ടൊറൊന്റോ യൂണിവേഴ്സിറ്റിയാണ് ക്യാൻസർ ബാധിച്ച തങ്ങളുടെ വിദ്യാർത്ഥിനിക്കായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യക്കാരിയായ പേഴ്സില്ല വൈഗാസിനാണ് സർവകലാശാലാ പിഎച്ച്ഡി ബിരുദം നൽകിയത്.

ജൂലൈയിലായിരുന്നു പേഴ്സില്ലയുടെ ബിരുദ ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാൽ കാൻസർ ബാധിതയായ പേഴ്സില്ലക്ക് ജൂലൈ വരെ ആയുസ് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് അടിയന്തിരമായി ചടങ്ങ് സംഘടിപ്പിച്ചത്.

കർണാടകയിലാണ് പേഴ്സില്ല ജനിച്ചു വളർന്നത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ആദ്യം ദുബായിലും പിന്നീട് കാനഡയിലെ ടൊറൊന്റോയിലും എത്തി. 2005ലാണ് പേഴ്സില്ല മകൾക്കും ഭർത്താവിനുമൊപ്പം കാനഡയിൽ താമസം ആരംഭിക്കുന്നത്. പേഴ്സില്ലക്ക് ടൊറൊന്റോയിൽ മികച്ച ജോലി ലഭിച്ചെങ്കിലും തന്റെ സ്വപ്നമായ പിഎച്ച്ഡി ചെയ്യാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് പേഴ്സില്ല ടൊറൊന്റോ സർവകലാശാലയിലെത്തുന്നത്.

2015ലാണ് ജീവിതത്തെ തകിടം മറിച്ച ക്യാൻസർ രോഗം ഇവർക്ക് സ്ഥിരീകരിച്ചത്. ആദ്യം പിത്തരസനാളിയിൽ ബാധിച്ച കാൻസർ പിന്നീട് കരൾ, അണ്ഡാശയം, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് പടരുകയായിരുന്നു. 2016 ജനുവരിയിൽ ആറ് മാസം കൂടിയേ പേഴ്സില്ല ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. എങ്കിലും അസാമാന്യ മന:ക്കരുത്ത് കൈമുതലാക്കി പേഴ്സില്ല തന്റെ പിഎച്ച്ഡി പൂർത്തിയാക്കുകയായിരുന്നു.

എന്നാൽ തന്റെ സ്വപ്നമായ പിഎച്ച്ഡി ബിരുധം സ്വീരിക്കാനാകാതെ ഇഹലോക വാസം വെടിയേണ്ടി വരുമോ എന്ന് പേഴ്സില്ല ഭയന്നു. ഇത് മനസിലാക്കിയാണ് യൂണിവേഴ്സിറ്റി അടിയന്തിരമായി ബിരുദധാന ചടങ്ങ് മെയ് 9ന് സംഘടിപ്പിച്ചത്.

”കാൻസർ ആണെന്നറിഞ്ഞിട്ടും ഞാൻ ഒരിക്കലും കണ്ണീരൊഴുക്കിയിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ മരിക്കുമെന്നത് ഒരു വസ്തുതയാണ്. ആറ് മാസത്തെ ആയുസാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. പക്ഷേ കീമോതെറാപ്പിയിലൂടെ എനിക്ക് ഒരു വര്‍ഷത്തേക്ക് കൂടി ജീവിതം നീട്ടിക്കിട്ടി. അതെന്റെ ഭാഗ്യമായി കരുതുന്നു. പക്ഷേ, അസുഖത്തിന് മുന്നിൽ അത്രവേഗം കീഴടങ്ങാൻ ഞാന്‍ തയ്യാറായിരുന്നില്ല. എനിക്കെന്റെ മകള്‍ എന്റെ മുന്നില്‍ വളരുന്നത് കാണണമായിരുന്നു. അവള്‍ക്ക് വെറും 14വയസേ ആയിരുന്നുള്ളൂ. എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ അഭിമാനമുണ്ട്. ഇനി ഭാവിയെക്കുറിച്ച് എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല, ഒന്നൊഴികെ. എന്റെ മകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് കാണണമെന്നുണ്ട്.” പേഴ്സില്ല പറയുന്നു.

പേഴ്സില്ലയുടെ ഈ ആഗ്രഹം സാധ്യമായാലും ഇല്ലെങ്കിലും വിധിയുടെ മുന്നിൽ കീഴടങ്ങാതെ പോരാടിയ ഇവരുടെ ജീവിതം അവിസ്മരണീയ മാതൃകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ