scorecardresearch

19-ാം വയസ്സിൽ ബ്രിട്ടനിലെ യുവ കോടീശ്വരന്മാരിൽ ഒരാളായി മാറിയ ഇന്ത്യൻ വംശജന്റ കഥ

ഞാനൊരു സ്റ്റാറാണെന്ന് അയാൾ അതിൽ എഴുതിയിരുന്നു. അത് വായിച്ചപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചു. എനിക്ക് സ്വയം അഭിമാനം തോന്നി

19-ാം വയസ്സിൽ ബ്രിട്ടനിലെ യുവ കോടീശ്വരന്മാരിൽ ഒരാളായി മാറിയ ഇന്ത്യൻ വംശജന്റ കഥ

ലണ്ടൻ: സ്കൂൾ പഠനകാലത്ത് ഉച്ചയൂണിന്റെ സമയത്ത് കിട്ടുന്ന ഇടവേളയിൽ ഒട്ടുമിക്ക യുവാക്കളും ഫുട്ബോൾ കളിക്കുകയോ ഗേൾ ഫ്രണ്ടുമായി ചാറ്റ് ചെയ്യുകയോ ആണ് പതിവ്. പക്ഷേ അക്ഷയ് രൂപറേലിയ ആ സമയത്തെ ഓരോ വിലപ്പെട്ട നിമിഷവും വീടുകളും സ്ഥലങ്ങളും വിൽപന നടത്താനാണ് ശ്രമിച്ചത്. ഈ ശ്രമം ഒരിക്കലും പരാജയപ്പെട്ടില്ല. ബ്രിട്ടനിലെ യുവകോടീശ്വരന്മാരിൽ ഒരാളാക്കി അക്ഷയ്‌യെ മാറ്റിയതും ഈ ശ്രമത്തിന്റെ ഫലമാണ്.

ഇപ്പോൾ അക്ഷയ്ക്ക് 19 വയസ്സാണ്. 16 മാസങ്ങൾക്കു മുൻപ് അക്ഷയ് തുടങ്ങിയ ഓൺലൈൻ റിയൽ എസ്റ്റേറ്റ് സംരംഭമായ ‘ഡോർസ്റ്റെപ്സ് ഡോട് കോ ഡോട് യുകെ’ യുകെയിലെ വൻകിട റിയൽ എസ്റ്റേറ്റ് ഏജൻസികളിൽ ഇന്ന് 18-ാം സ്ഥാനത്തുണ്ട്. ഒരു വർഷത്തിനിടെ 12 മില്യൻ പൗണ്ട്സിന്റെ (ഏകദേശം 103.3 കോടി രൂപ) വളർച്ചയാണ് അക്ഷയ്‌യുടെ സംരംഭത്തിനുണ്ടായത്.

സ്കൂളിൽ പഠിക്കുന്ന സമയത്ത് റെയ്നർ സ്ഥാപകൻ മിഷേൽ ഒ ലിയറിയുടെ ബയോഗ്രഫി വായിച്ചതിൽനിന്നാണ് സ്വന്തമായി ഒരു സംരംഭം എന്നതിനെക്കുറിച്ച് അക്ഷയ് ചിന്തിച്ചു തുടങ്ങിയത്. ”ലിയേറി 4.99 പൗണ്ട്സിനാണ് വിമാനങ്ങൾ വിൽപന നടത്തി തുടങ്ങിയത്. ഉപഭോക്താക്കൾക്ക് അവർക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവിലും അവർ പ്രതീക്ഷിച്ചതിനെക്കാളും മികച്ച ഉൽപ്പന്നവും നൽകാൻ കഴിഞ്ഞാൽ നിങ്ങളെ തേടി ഉപഭോക്താക്കൾ എത്തുമെന്നും നിങ്ങളുടെ ബിസിനസ് വളരുമെന്നുമാണ് ലിയേറിയുടെ കാഴ്ചപ്പാട്. ഇതാണ് താനും ബിസിനസിൽ നടപ്പിലാക്കിയതെന്ന്” അക്ഷയ് ഡെയ്‌ലി മിററിനോട് പറഞ്ഞു.

ലിയറിയുടെ വാക്കുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഓൺലൈനായി വസ്തു ഇടപാടുകൾ നടത്തുന്നതിന് ഒരു വെബ്സൈറ്റ് തുടങ്ങി. ബന്ധുക്കളിൽനിന്നും കടം വാങ്ങിയും വായ്പയെടുത്തും വെബ്സൈറ്റ് തുടങ്ങി. ആദ്യ കാലങ്ങളിൽ ഉപഭോക്താക്കളുടെ കോളുകൾ അറ്റന്റ് ചെയ്യാനായി കോൾ സെന്റർ വാടകയ്ക്ക് എടുത്തു. ക്ലാസിൽ ആയിരിക്കുന്ന സമയത്ത് വരുന്ന കോളുകൾക്ക് തിരിച്ച് വീട്ടിലെത്തി കഴിഞ്ഞശേഷം മറുപടി നൽകും.

ഒരു ദിവസം സുസെക്സിൽ താമസിക്കുന്ന ഒരു വ്യക്തി അയാളുടെ വീടും അതിനോട് ചേർന്നുളള വസ്തുവും വിൽപന നടത്തി തരുമോയെന്നു ചോദിച്ചു. ഞാൻ എന്റെ സഹോദരിയുടെ ബോയ്ഫ്രണ്ടിനെയും കൂട്ടി സുസെക്സിലുളള അയാളുടെ വീടിന്റെ ഫോട്ടോയെടുക്കാൻ പോയി. എന്നെ അവിടെവരെ കാറിൽ കൊണ്ടുപോകുന്നതിന് അവനു ഞാൻ 40 പൗണ്ട് നൽകി. കാരണം അപ്പോൾ ഞാൻ ഡ്രൈവിങ് ടെസ്റ്റ് ജയിക്കുകയോ എനിക്ക് സ്വന്തമായി കാറോ ഉണ്ടായിരുന്നില്ല. അഞ്ചു ബെഡ് റൂമും സ്വിമ്മിങ് പൂളും ഉളള വലിയ വീടായിരുന്നു അത്. മൂന്നാഴ്ചയ്ക്കുളളിൽ ഞാൻ വീടും സ്ഥലവും വിറ്റു നൽകി.

സ്കൂളിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എന്റെ മൊബൈലിലേക്ക് വസ്തു കച്ചവടം നടത്തിക്കൊടുത്ത ഉടമയുടെ ഇ-മെയിൽ വന്നത്. ഞാനൊരു സ്റ്റാറാണെന്ന് അയാൾ അതിൽ എഴുതിയിരുന്നു. അത് വായിച്ചപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചു. എനിക്ക് സ്വയം അഭിമാനം തോന്നി. ഞാൻ ഒരു വീട് കച്ചവടം ചെയ്തിരിക്കുന്നു. എനിക്ക് പുറത്ത് പോയി അത് ആഘോഷിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് വീട്ടിൽ പോകണം. കാരണം പരീക്ഷയുടെ സമയമാണ്. അതിനുവേണ്ടി പഠിക്കണം. ഞാൻ ഒരു പിസ വാങ്ങിച്ചു ആഘോഷിച്ചു.

കോട്ടും സൂട്ടും ധരിച്ച് കാറിൽ എത്തുന്ന ഏജന്റുകൾ വെറും വാക്കുകൾ പറയുന്നതല്ലാതെ വീടുകൾ കച്ചവടം ചെയ്യുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി. മാത്രമല്ല അവർ വസ്തു ഉടമകളിൽനിന്നും വലിയ തുക ഫീസായി ഈടാക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. സാധാരണ ഓൺലൈൻ ഏജന്റുകളിൽനിന്നും വ്യത്യസ്തമായി ഞാൻ വെബ്സൈറ്റിൽ വീടുകളുടെയും വസ്തുക്കളുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആവശ്യക്കാരെ പ്രോൽസാഹിപ്പിച്ചു. കൂടാതെ വസ്തു കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവരോട് സത്യസന്ധമായി കാര്യങ്ങൾ പറയണമെന്ന് ആവശ്യപ്പെട്ടു. അത് ബിസിനസിന്റെ വളർച്ചയെ കൂടുതൽ സഹായിച്ചു. വസ്തു വിൽപന നടത്തേണ്ടതിന്റെ ആവശ്യം എന്താണെന്നും അവർ പ്രതീക്ഷിക്കുന്ന വിലയും സത്യസന്ധമായി പറഞ്ഞാൽ കച്ചവടം കൂടുതൽ സുഗമമാകും.

വീടുകൾ പെട്ടെന്ന് വിൽപന നടന്നതോടെ കൂടുതൽ ആവശ്യക്കാർ അക്ഷയ്‌യെ തേടിയെത്തി. ഇതിനോടകം 100 മില്യൻ പൗണ്ട്സ് വിലവരുന്ന വസ്തുക്കൾ അക്ഷയ് കച്ചവടം ചെയ്തു കഴിഞ്ഞു. മാത്രമല്ല 12 ജീവനക്കാർ അക്ഷയ്‌യുടെ കീഴിൽ ജോലി ചെയ്യുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് ആന്റ് മാത്തമാറ്റിക്സിൽ പഠിക്കാൻ അക്ഷയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ ബിസിനസ് കുറച്ചു കൂടി വളർത്താനായി അക്ഷയ് ഈ അവസരം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്.

അക്ഷയ്‌യുടെ മാതാപിതാക്കൾ ബധിരരാണ്. തന്റെ വളർച്ചയിൽ മാതാപിതാക്കൾ അഭിമാനം കൊളളുന്നതായി അക്ഷയ് പറഞ്ഞു. ബ്രിട്ടനിലെ യുവ കോടീശ്വരന്മാരിൽ ഒരാളായി മാറിയെങ്കിലും അക്ഷയ് ഇതുവരെ ഒരു കാർ സ്വന്തമാക്കിയിട്ടില്ല. തനിക്ക് ഇപ്പോഴാണ് ഡ്രൈവിങ് ലൈസൻസ് കിട്ടിയതെന്നും ഉടൻ തന്നെ ഒരു കാർ സ്വന്തമാക്കുമെന്നാണ് അക്ഷയ് പറയുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Indian origin teenager akshay ruparelia aged 19 is uks youngest millionaire