മാനസികാരോഗ്യ രംഗത്ത് ഇന്ത്യ പിന്നിലെന്ന് ലോകാരോഗ്യ സംഘടന. വിഷാദ രോഗം, അമിത ഉത്കണ്ഠ, ബൈപോളർ ഡിസോർഡർ എന്നീ രോഗങ്ങൾ ഇന്ത്യയിൽ കൂടുന്നു എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഇന്ത്യയിൽ വിഷാദ രോഗികൾ കൂടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.

വിഷാദ രോഗിക​ളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് തൊട്ട് പിന്നിലായ് ചൈനയും, അമേരിക്കയും ഉണ്ട്. 2015-2016 വർഷങ്ങളിൽ നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ (എൻഎംഎച്ച്എസ്) പ്രകാരം ഇന്ത്യയിൽ ആറിൽ ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് വേണ്ട ചികിത്സ നൽകണമെന്നാണ് പറയുന്നത്. കൗമാരക്കാരിലാണ് വിഷാദ രോഗം കൂടുതലായ് കണ്ടു വരുന്നത്.

നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനസംഖ്യയുടെ 6.5 ശതമാനം ആളുകൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ വിവിധ കാംപെയിനുകൾ നടത്തിയിട്ടും വിഷാദ രോഗത്തെ തുടർന്ന് ഉണ്ടാകുന്ന ആത്മഹത്യയിൽ കാര്യമായ കുറവ് വരുത്താനായിട്ടില്ലെന്നാണ് സർവ്വേയിൽ പറയുന്നത്.

മാനസിക രോഗത്തെ കുറിച്ച് തുറന്ന് പറയാൻ പലർക്കും മടിയാണ്. വിഷാദ രോഗിയായിരുന്നെന്ന് തുറന്ന് പറഞ്ഞ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ നേതൃത്വത്തിലുളള ‘ദി ലിവ് ലവ് ലോഫ് ഫൗണ്ടേഷന്റെ’ (ടിഎൽഎൽഎഫ്) ആഭിമുഖ്യത്തിൽ വിഷാദ രോഗത്തിന് എതിരെ ബോധവത്കരണങ്ങൾ നടത്തുന്നുണ്ട്. ഇതിലൂടെ കൂടുതൽ സെലിബ്രറ്റികൾ തുറന്ന് പറയാൻ തയ്യാറാകുമെന്നും അതിലൂടെ മാനസിക ബുദ്ധിമുട്ടുകൾ തുറന്ന് പറയാനുള്ള ആളുകളുടെ മടി മാറുമെന്നും താൻ വിശ്വസിക്കുന്നെന്ന് ദീപിക പദുക്കോൺ അഭിപ്രായപ്പെട്ടു.

ടിഎൽഎൽഎഫ് 2017-ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ ആളുകൾ മാനസിക ബുദ്ധിമുട്ടുകൾ തുറന്ന് പറയുന്നതിന്റെ ആവശ്യം മനസ്സിലാക്കി എന്നാണ് അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook