ന്യൂഡൽഹി: സന്തോഷ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 133-ാം സ്ഥാനം. പട്ടികയിൽ ഇന്ത്യയെക്കാൾ വളരെയധികം മുന്നിലാണ് പാക്കിസ്ഥാൻ. യുഎൻ പുറത്തുവിട്ട വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇന്ത്യക്കാരെക്കാൾ പാക്കിസ്ഥാനികൾ സന്തോഷവാന്മാരാണെന്ന് ഉളളത്. മാർച്ച് 20 നാണ് ലോക സന്തോഷദിനം. ഇതിന്റെ മുന്നോടിയായാണ് യുഎൻ പട്ടിക പുറത്തുവിട്ടത്.

156 രാജ്യങ്ങളുളള പട്ടികയിൽ കഴിഞ്ഞ വർഷം ഇന്ത്യ 122-ാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ 11 സ്ഥാനം പുറകിലായി 133-ാമതാണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ 75-ാമതും ഭൂട്ടാൻ 97-ാമതും നേപ്പാൾ 101-ാമതും ബംഗ്ലാദേശ് 115-ാമതുമാണ്. ശ്രീലങ്ക 116-ാം സ്ഥാനത്താണ്.

ഫിൻലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. നോർവേ രണ്ടാം സ്ഥാനത്തും ഡെൻമാർക്ക് മൂന്നാം സ്ഥാനത്തും ഐസ്‌ലാൻഡ് നാലാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് അഞ്ചാം സ്ഥാനത്തുമുണ്ട്. നെതർലാൻഡ്, കാനഡ, ന്യൂസിലൻഡ്, സ്വീഡൻ, ഓസ്ട്രേലിയ എന്നിവയാണ് 6 മുതൽ 10 വരെയുളള സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം 14-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഇത്തവണ 18-ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ബ്രിട്ടൻ 19-ാം സ്ഥാനത്തും യുഎഇ 20-ാം സ്ഥാനത്തുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ