ചോക്ലേറ്റിൽ രണ്ടു കിലോ ഭാരമുള്ള പിയാനോ നിർമ്മിച്ച് അമ്പരപ്പിക്കുകയാണ് കാഡ്ബെറി കമ്പനി. ഒർജിനൽ പിയാനോയെ വെല്ലുന്ന രീതിയിൽ 88 പിയാനോ കീകളും ഓപ്പൺ ലിഡും സ്ട്രിങ്ങും സൗണ്ട്ബോർഡുമെല്ലാം ചോക്ലേറ്റ് പിയാനോയിലും നൽകിയിട്ടുണ്ട്. 44 കാഡ്ബെറി ചോക്ലേറ്റ് ബാറുകൾക്ക് തത്തുല്യമായ ചോക്ലേറ്റ് ആണ് പിയാനോയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്റെ നാഷണൽ യൂത്ത് ഓർക്കസ്ട്ര ആഘോഷങ്ങൾക്ക് അനുബന്ധമായാണ് കാഡ്ബെറി പിയാനോ ചോക്ലേറ്റ് നിർമ്മിച്ചത്. ബിർമിങ്ഹാമിലെ സിംഫണി ഹാളിലെ പ്രത്യേക വേദിയിലാണ് പിയാനോ ചോക്ലേറ്റ് പ്രദർശിപ്പിച്ചത്.
പൂർണമായും ചോക്ലേറ്റിൽ നിർമ്മിച്ച ഈ പിയാനോയ്ക്ക് പിറകിൽ രണ്ടു ഷെഫുകളാണ് പ്രവർത്തിച്ചത്. രണ്ടു ദിവസം കൊണ്ടാണ് ഇവർ ചോക്ലേറ്റ് പിയാനോ നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിലോഗ്രാമാണ് ചോക്ലേറ്റ് പിയാനോയുടെ ഭാരം.
പ്രത്യേക ആഘോഷവേളകൾ മുൻനിർത്തി, കൗതുകം സമ്മാനിക്കുന്ന നിരവധി ഡിസൈനുകൾ കാഡ്ബെറി മുൻപും നിർമ്മിച്ചിട്ടുണ്ട്.. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള ‘ഡിപ്പി എന്ന ദിനോസറിന്റെ (ഫോസിലിന്റെ) വരവോട് അനുബന്ധിച്ച് നിർമ്മിച്ച ചോക്ലേറ്റ് ദിനോസറും ഹാരി രാജകുമാരന്റെയും മേഗന് മാര്ക്കലിന്റെയും രാജകീയ വിവാഹത്തോട് അനുബന്ധിച്ച് ചോക്ലേറ്റിൽ നിർമ്മിച്ച വിൻഡ്സർ കാസ്റ്റിൽ മോഡലുമൊക്കെ ഇവയിൽ ചിലതുമാത്രം.
ബിർമിങ്ഹാമിലെ സിംഫണി ഹാളിലാണ് 164 മെമ്പർമാർ പെർഫോം ചെയ്ത യൂത്ത് ഓർക്കെസ്ട്ര അരങ്ങേറിയത്. ഗ്രാമി അവാർഡിന് നോമിനേഷൻ ലഭിച്ച കന്പോസറായ സാർ ജോർജ് ബെഞ്ചമിനും സോളോ പിയാനിസ്റ്റ് ടമര സ്റ്റിഫനോവിച്ചും ചേർന്നാണ് ഓർക്കസ്ട്രയെ നയിച്ചത്.