വാലന്റൈൻസ് വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇന്ന്. ഫെബ്രുവരി 12 ന് ‘ഹഗ് ഡേ’യായാണ് കമിതാക്കൾ ആഘോഷിക്കുന്നത്. കെട്ടിപ്പിടിത്തം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെങ്കിലും ഗുണങ്ങൾ ചില്ലറയല്ല. കെട്ടിപ്പിടിത്തം കൊണ്ട് മാനസികമായും ശാരീരികമായും നമുക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കെട്ടിപ്പിടിത്തം കൊണ്ട് ലഭിക്കുന്ന ഏതാനും ഗുണങ്ങൾ അറിഞ്ഞിരിക്കാം:
- കെട്ടിപ്പിടിത്തം മനുഷ്യന്റെ മാംസപേശികൾക്ക് അയവ് നൽകുന്നു. ടെൻഷൻ കുറയ്ക്കും.
- ‘ഒറ്റപ്പെട്ടു’ എന്ന തോന്നൽ ഇല്ലാതാക്കാൻ കെട്ടിപ്പിടിത്തം സഹായിക്കുന്നു. കൂടുതൽ സന്തോഷിപ്പിക്കും. ശരീരത്തിൽ ഓക്സിടോസിന്റെ അളവ് കൂടുതൽ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ മാനസികമായ പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും.
- കൂടെ ഒരാളുണ്ട് എന്ന തോന്നലും അതുവഴി കൂടുതൽ സുരക്ഷിതത്വവും നമുക്ക് അനുഭവപ്പെടും. സുഹൃത്തുക്കൾക്കിടയിലെ ആശ്രയബോധം വർധിപ്പിക്കുന്നു.
Read Also: കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ; പ്രിയഗാനം പങ്കുവച്ച് ഭാവന
- വളരെ മോശം മൂഡിലിരിക്കുമ്പോൾ സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ നിങ്ങളെ കെട്ടിപ്പിടിക്കുന്നത് മാനസികമായി ഏറെ ഗുണം ചെയ്യും. കൂടുതൽ സന്തോഷം ലഭിക്കുകയും മോശം മൂഡിൽ നിന്ന് മുക്തി നേടുകയും ചെയ്യും.
- കെട്ടിപ്പിടിത്തം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും നിർണായ പങ്ക് വഹിക്കുന്നുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ അകന്നുനിൽക്കും.
- ഹൃദയത്തിന്റെ ആരോഗ്യത്തിനും കെട്ടിപ്പിടിത്തം ഏറെ ഗുണം ചെയ്യും. രക്തസമ്മർദം കുറയ്ക്കുകയും ഹൃദയത്തിനു കൂടുതൽ കരുത്ത് നൽകുകയും ചെയ്യും.
- നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ പരിപോഷിപ്പിക്കാനും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും കെട്ടിപ്പിടിത്തം സഹായിക്കും.
ഫെബ്രുവരി 14 നാണ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്. ‘വാലന്റൈൻസ് ഡേ’യ്ക്ക് തൊട്ടുമുൻപുള്ള രണ്ട് ദിവസങ്ങളാണ് ‘ഹഗ് ഡേ’യും ‘കിസ് ഡേ’യും. ഫെബ്രുവരി 12 ന് ‘ഹഗ് ഡേ’ ആഘോഷിക്കുമ്പോൾ ഫെബ്രുവരി 13 നാണ് ‘കിസ് ഡേ’.