സ്ത്രീകളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ അമിതമായ രോമ വളര്‍ച്ച. പുരുഷന്മാരെ പോലെ ഷേവ് ചെയ്ത് നീക്കുക എന്നത് സ്ത്രീകളിൽ അത്ര പ്രായോഗികമല്ല, മാത്രമല്ല രോമവളർച്ച കൂടുതൽ വേഗത്തിലാക്കാനേ ഷേവിംഗ് സഹായിക്കൂ. വാക്സിംഗ്, ത്രെഡിംഗ് പോലുള്ള രീതികളും അൽപ്പം വേദനാജനകമായതിനാൽ സ്ഥിരമായ ഇടവേളകളിൽ മുഖത്തെ അമിതമായ രോമം നീക്കം ചെയ്യുന്ന കാര്യത്തിൽ പലരും ഉദാസീനത കാണിക്കാറുണ്ട്. എന്നാൽ മുഖത്തെ അമിത രോമവളർച്ച തടയാൻ ആയുർവേദത്തിലൊരു പ്രതിവിധിയുണ്ട്. അതാണ് നാൽപ്പാമരാദി എണ്ണ/ തൈലം.
അത്തി, ഇത്തി, അരയാൽ, പേരാൽ, ത്രിഫല, മഞ്ഞൾ, രാമച്ചം, ചന്ദനം തുടങ്ങിയവയാണ് നാൽപ്പാമരാദി തൈലത്തിന്റെ പ്രധാന ചേരുവകൾ. ചർമസംരക്ഷണത്തിനും സൗന്ദര്യപരിപാലനത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്. അമിത രോമവളർച്ചയെ തടയുക മാത്രമല്ല നിരവധി ചർമ്മപ്രശ്നങ്ങൾക്കുള്ള പരിഹാരമായി ആയുർവേദം നിർദ്ദേശിക്കുന്ന ഒന്നാണ് നാൽപ്പാമരാദി എണ്ണ. നാൽപ്പാമരാദി എണ്ണയുടെ ഗുണങ്ങളെ കുറിച്ചും ഉപയോഗരീതിയെ കുറിച്ചും സംസാരിക്കുകയാണ് ആയുർവേദ ഡോക്ടറായ ജെസ്ന.
“ചർമ്മത്തിലെ കരുവാളിപ്പ് (സൺ ടാൻ), നിറവ്യത്യാസം, കൺതടങ്ങളിലെ കറുപ്പ്, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഉത്തമമായ ഒന്നാണ് നാൽപ്പാമരാദി തൈലം. എണ്ണമയമുള്ള ചർമ്മക്കാർക്ക് നാൽപ്പാമരാദി ഉപയോഗിക്കുമ്പോൾ മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്. അതിനാൽ അത്തരം ചർമ്മമുള്ളവർ ഇതൊഴിവാക്കുക,” ജസ്ന പറയുന്നു.
“സൗന്ദര്യഗുണങ്ങൾ മാത്രമല്ല, ചൂടു മൂലമുണ്ടാകുന്ന കുരുക്കൾ, ചർമ്മത്തിലെ ചുവന്ന തടിപ്പ്, ചൊറിച്ചിൽ, എക്സീമിയ, ഡെർമൈറ്റിസ് പോലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നാൽപ്പാമരാദി തൈലത്തിനുണ്ട്. ശരീരത്തിലെ മുറിപ്പാടുകൾ മങ്ങിപോവാനും പതിവായി നാൽപ്പാമരാദി എണ്ണ ഉപയോഗിക്കുന്നത് സഹായിക്കും. മുഖത്തുള്ള അമിത രോമവളർച്ച ഒഴിവാക്കാനും നാൽപ്പാമരാദി തൈലം നല്ലതാണ്.”
നവജാത ശിശുക്കളെ തേച്ചു കുളിപ്പിക്കാനും നാൽപ്പാമരാദി തൈലം ഉപയോഗിക്കാം. മുതിർന്നവർക്കും ആഴ്ചയിലൊരിക്കലെങ്കിലും നാൽപ്പാമരാദി എണ്ണ തേച്ച് കുളിക്കുന്നത് ശീലമാക്കാം. ചര്‍മത്തില്‍ ഉണ്ടാകുന്ന മൊരി പോലുളള പ്രശ്നങ്ങള്‍ മാറി മിനുസവും തിളക്കവും മാർദ്ദവവും ആരോഗ്യവുമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ ആയുർവേദ എണ്ണ സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം?
നാൽപ്പാമരാദി ശരീരത്തിലോ മുഖത്തോ തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂർ/ഒരു മണിക്കൂർ കഴിഞ്ഞ് മുഖം ചെറുപയർ പൊടിയോ സോപ്പോ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക. കൺതടങ്ങളിലെ കറുപ്പാണ് പ്രശ്നമെങ്കിൽ അൽപ്പം നാൽപ്പാമരാദി എണ്ണ ഉപയോഗിച്ച് കൺതടങ്ങളിൽ ചെറുതായി മസാജ് ചെയ്യുക.