കാലവസ്ഥയ്ക്ക് അനുസരിച്ചു വേണം ചർമ്മത്തിനു പരിപാലനം നൽകാൻ. വേനൽചൂട് അനുഭവിക്കുന്ന ഈ സമയത്ത് ചർമ്മത്തിനു പ്രത്യേക ശ്രദ്ധ നൽകേണ്ട ആവശ്യകതയുണ്ട്. വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ പൊതുവെ ചർമ്മത്തിനെ മോശമാക്കാറുള്ളത് സൺ ടാൻ തന്നെയാണ്. സൂര്യ രശ്മികൾ ചർമ്മത്തിന്റെ ആരോഗ്യത്തെയും തിളക്കത്തെയും പ്രതികൂലമായി ബാധിക്കുന്നു. വെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ പുരട്ടണം എന്ന് പറയുകയാണ് ഡോക്ടർ ദിവ്യ നായർ.
എസ്പിഎഫ് 50 പ്ലസ് അടങ്ങിയ സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. അധികമായി വെയിൽ കൊള്ളുന്ന ആളുകൾ ഓരോ നാലു മണിക്കൂറിലും ഇത് ചർമ്മത്തിൽ പുരട്ടുക. സൺസ്ക്രീൻ പുരട്ടിയാലും സ്കാഫ് അഥവാ ഷോൾ ഉപയോഗിച്ച് മുഖം മറയ്ക്കുന്നത് ഗുണം ചെയ്യുമെന്നും ഡോക്ടർ പറയുന്നു. ഇതിനൊപ്പം തന്നെ സിൽവർ കോട്ടിങ്ങുള്ള കുടയും പുറത്തിറങ്ങുമ്പോൾ കരുതണം. ഇവ മൂന്നും കൃത്യമായി പിന്തുടർന്നാൽ ഒരുപരിതി വരെ വേനൽ ചൂടിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനാകും.
സൺസ്ക്രീൻ പുരട്ടുമ്പോൾ മുഖത്തും കഴുത്തിലും പുരട്ടുന്നതു പോലെ തന്നെ കൈകളിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൺഗ്ലാസ്സ് ഉപയോഗിക്കുന്നതും വേനൽ ചൂടിൽ നിന്ന് ആശ്വാസം നൽകും. വേനൽകാലത്ത് ബാഗിൽ എപ്പോഴും ഒരു ബ്രാൻഡഡ് സൺഗ്ലാസ് കരുതുക. അതേ സമയം വേനൽകാലത്ത് അധികം മേക്കപ്പ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലിക്വിഡ് ഫൗണ്ടേഷൻ മേക്കപ്പ് ബേസായി പുരട്ടുന്നതാകും നല്ലത്. ക്ലെൻസറും മോയ്സ്ചറൈസറും സ്ഥിരമായി ഉപയോഗിക്കുന്നതും വേനൽകാലത്ത് ഗുണം ചെയ്യും.
വേനൽകാലത്ത് നല്ലവണ്ണം വിയർക്കാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കും. ഉപ്പിട്ട നാരങ്ങവെള്ളം, മോര് എന്നിവ വീട്ടിൽ തന്നെ തയാറാക്കി കുടിക്കുന്നതാകും നല്ലത്.