പട്ടിണി ആവാതിരിക്കാൻ സംഭരിച്ചു വെയ്‌ക്കേണ്ടവ

അൽപ്പം ബുദ്ധി ഉപയോഗിച്ച് ആസൂത്രണം ചെയ്താല്‍ ഈ പ്രതിസന്ധിഘട്ടം മറി കടക്കാന്‍ ആവശ്യം വേണ്ട സാധനങ്ങൾ ശേഖരിച്ചുവെയ്ക്കാം

food storage lockdown

പെട്ടെന്നൊരു സുപ്രഭാതത്തിൽ രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ഏവരും പരിഭ്രാന്തിയിലാണ്. 21 ദിവസത്തെ ലോക്ക്ഡൗണിൽ നിന്നും അവശ്യസേവനങ്ങളും പലചരക്ക് കടകളും ഫാര്‍മസികളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആളുകള്‍ വെപ്രാളത്തോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. പരിഭ്രാന്തരാവേണ്ട കാര്യമില്ല, അൽപ്പം ബുദ്ധി ഉപയോഗിച്ച് ആസൂത്രണം ചെയ്താല്‍ ഈ പ്രതിസന്ധിഘട്ടം മറി കടക്കാന്‍ ആവശ്യം വേണ്ട സാധനങ്ങളുടെ ശേഖരം തയ്യാറാക്കാമെന്നാണ് ഫുഡ് ആന്‍ഡ് ട്രാവല്‍ എഴുത്തുകാരിയും ന്യൂയോര്‍ക്കിലെ ഫ്രെഞ്ച് ക്യുലീനറി ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ റോഷ്നി ബജാജ് സാങ്വി പറയുന്നത്.

സാധനങ്ങള്‍ എങ്ങനെ സംഭരിച്ചുവെയ്ക്കാം; റോഷ്നി ബജാജ് സാങ്വി പരിചയപ്പെടുത്തുന്ന ഏതാനും ചില ടിപ്സ്

പോഷകാംശമേറിയ ഭക്ഷണപദാർത്ഥങ്ങൾ ശേഖരിക്കുക

ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാന്നിധ്യമാണ് ധാന്യങ്ങളും പയറുവർഗങ്ങളും. അരി, പരിപ്പ് എന്നിവയെ കൂടാതെ രാജ്മ, ചനക്കടല തുടങ്ങിയവരും ശേഖരിച്ചു വയ്ക്കാം. മറ്റൊന്നുമില്ലെങ്കിലും ലഘുഭക്ഷണമായി ഇവ ഉപയോഗിക്കാനാവും. പയർ മുളപ്പിച്ച് ഉപയോഗിക്കുന്നതും ഫലപ്രദവും പോഷകപ്രദവുമാണ്. പച്ചക്കറികൾ അത്ര ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവ ഉപയോഗിക്കാനാവും. പോഷകം നിറഞ്ഞ ഭക്ഷണം സംഭരിക്കുന്നതിന് അധികം സ്ഥലം ആവശ്യമില്ലെന്ന് മാത്രമല്ല, രുചികരമായ ഭക്ഷണം കൂടിയാണ് ഇതുവഴി ലഭിക്കുന്നത്.

ഏതൊക്കെ മസാലകള്‍ കരുതണം?

മഞ്ഞള്‍, മല്ലി, ജീരകം, മുളക്, കായം, കടുക് എന്നിങ്ങനെ അടിസ്ഥാനപരമായ ചില മസാലകളില്ലാതെ ഒരു ഇന്ത്യന്‍ അടുക്കളയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകില്ല. ഇന്ത്യയുടെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ഓരോ സമൂഹവും അവരവരുടേതായ സുഗന്ധവ്യഞ്ജനങ്ങളും മസാലക്കൂട്ടുകളും കരുതിവയ്ക്കുന്നവരാണ്. ഉദാഹരണത്തിന് ഇന്ത്യയുടെ കിഴക്കുള്ള അടുക്കളകളില്‍ അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുള്ള മസാലക്കൂട്ട് ഉണ്ടായിരിക്കും.

” നിങ്ങളൊരു ഗുജറാത്തി ആണെങ്കില്‍ മല്ലി-ജീരകം കൂട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കും, ദക്ഷിണേന്ത്യയില്‍ കറിവേപ്പില ഒഴിച്ചുകൂടാന്‍ പറ്റില്ല. ഞാനൊരു സിന്ധി ആയതിനാല്‍ എന്‍റെ അടുക്കളയില്‍ ആംചൂര്‍‌ (ഉണങ്ങിയ മാങ്ങാപ്പൊടി) ഉണ്ടായിരിക്കും” സാങ്വി മസാലക്കൂട്ടുകളുടെ വൈവിധ്യത്തെക്കുറിച്ച് പറയുന്നതിനൊപ്പെം ചന മസാല, തന്തൂരി മസാല എന്നിവ ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില മസാലക്കറികളും പരിചയപ്പെടുത്തുന്നു. “ചന വേവിച്ച് തക്കാളി മുറിച്ചിട്ട് ചോളം മസാല ചേര്‍ക്കുക. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് വേവിച്ച് സവാളയും തക്കാളിയും ചേര്‍ത്ത് തന്തൂരി മസാല കൊണ്ട് പൊതിയുക” ഇതു രണ്ടുമാണ് സാങ്വി പരിചയപ്പെടുത്തുന്ന മസാലക്കറികള്‍.

പെട്ടെന്ന് കേടുവരാത്ത പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാം

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഫ്രഷ് പച്ചക്കറികൾ കിട്ടുക എളുപ്പമല്ലാത്തതിനാല്‍ പെട്ടെന്ന് കേടാകാത്ത പച്ചക്കറികള്‍ വാങ്ങി സൂക്ഷിക്കാം. സവാള, ഉരുളക്കിഴങ്ങ്, ചേമ്പ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, ചേന തുടങ്ങിയ പച്ചക്കറികള്‍ ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. ദീര്‍ഘനാള്‍ സൂക്ഷിക്കാവുന്ന ചേമ്പ് രുചിവൈവിധ്യം കൊണ്ടും ഗുണം കൊണ്ടും മികച്ചതാണ്.

പഴങ്ങളും പച്ചക്കറികളും വേവിച്ചതിനുശേഷം തണുപ്പിച്ച് സംഭരിച്ച് വയ്ക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സാങ്വിക്ക് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കാനുണ്ട്. തക്കാളി വേവിച്ച് ഉടച്ച് തണുപ്പിച്ച് വെയ്ക്കാം, ഇത് ആവശ്യം പോലെ കറികളില്‍ ചേര്‍ക്കാം. പഴം ഉടച്ച് ഫ്രിഡ്ജില്‍ വയ്ക്കുക, യോഗര്‍ട്ടിനൊപ്പം ഉപയോഗിക്കാം. ആപ്പിള്‍ മുറിച്ച് ശര്‍ക്കര ഉരുക്കി ആ നീരിലിട്ട് വച്ചാല്‍ ബ്രെഡ്ഡിന്‍റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം. ഓറഞ്ച് ഉപയോഗിച്ച് എളുപ്പത്തില്‍ ജാമുണ്ടാക്കി വയ്ക്കാം. കുറച്ചധികം തേങ്ങകള്‍ ഒരുമിച്ച് ചിരണ്ടി ഫ്രിഡ്ജില്‍ വച്ചാല്‍ ആവശ്യാനുസരണം ചട്നികളും കറികളും എളുപ്പത്തില്‍ ഉണ്ടാക്കാം.

“ശൈത്യകാലത്തേക്ക് സാധനങ്ങള്‍ സംഭരിച്ചുവയ്ക്കുന്നതിന് മനുഷ്യര്‍ ധാരാളം വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഫ്രിഡ്ജില്ലാതെ ജീവിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നോക്കുക,” സാങ്വി പറയുന്നു.

ജങ്ക് ഫുഡുകളൊഴിവാക്കി, ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങള്‍ ഉണ്ടാക്കാം. വികൃതിക്കുട്ടികള്‍ക്ക് ഇടയ്ക്കിടെ വീട്ടിലുണ്ടാക്കുന്ന മിഠായികള്‍ കൊറിക്കാന്‍ കൊടുക്കുന്നത് അവരെ സന്തോഷിപ്പിക്കുമെന്നാണ് സാങ്വിയുടെ അഭിപ്രായം.

“എള്ള്, കശുവണ്ടി, നിലക്കടല, തേങ്ങ എന്നിങ്ങനെ പല ചേരുവ കൊണ്ടാണ് ഇന്ത്യയില്‍ മിഠായികളുണ്ടാക്കുന്നത്. ധാരാളം ശര്‍ക്കര ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ചോക്ക്ലേറ്റുകള്‍ക്കും ബിസ്ക്കറ്റുകള്‍ക്കും പകരം വയ്ക്കാവുന്നവയാണ് ഈ മിഠായികള്‍”. നിലക്കടലകളും ചനക്കടലയും ലഘുഭക്ഷണങ്ങളാണ്. അവ സംസ്ക്കരിച്ചതും ഉപ്പ് രസമുള്ളതുമായിരിക്കാം. പക്ഷേ, അവ നിങ്ങള്‍ക്ക് കഴുകി ഉണക്കി കഴിക്കാവുന്നതാണ്. ഉണങ്ങിയ പഴങ്ങള്‍ പോഷകങ്ങളുടെ കലവറയാണ്. ഈന്തപ്പഴം, ഫിഗ് എന്നിവയൊക്കെ ചെറിയ അളവില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

‘ഭക്ഷണത്തെ മരുന്നാക്കുക, മരുന്ന് ഭക്ഷണമാക്കുക

ടിന്‍ ഫുഡുകള്‍( ബേക്ക്ഡ് ബീന്‍സ്, പൈനാപ്പിള്‍, ഉണക്കിയ ഇറച്ചി)ധാരാളം ഇപ്പോള്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്യ ഇവ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുമെങ്കിലും അവ നന്നായി പാകം ചെയ്തതാണെന്ന് ഉറപ്പാക്കണം. “ശരിയായി പാകം ചെയ്യാത്ത ഇറച്ചിയും മീനും മുട്ടയും കഴിക്കുന്നത് അപകടകരമാണ്. വയറിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയുന്ന അവസ്ഥയല്ല”. പ്രോട്ടീന്‍ കലവറയായ മുട്ടയും ചീസും സംഭരിച്ച് വയ്ക്കുന്നത് ഗുണം ചെയ്യുമെന്നും സാങ്വി ചൂണ്ടിക്കാട്ടുന്നു.”ചീസ് ദീര്‍ഘകാലം കേട് കൂടാതെ ഇരിക്കുമെന്ന് മാത്രമല്ല അതുകൊണ്ട് വൈവിധ്യം നിറഞ്ഞ ധാരാളം വിഭവങ്ങളും തയ്യാറാക്കാം.”

സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ സൗകര്യപ്രദമാണെങ്കിലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണവസ്തുക്കളും പ്രധാനപ്പെട്ടതാണ്. “ഞങ്ങള്‍ക്ക് ഒരു കിലോ ഇഞ്ചി ലഭിച്ചു- ആന്‍റിവൈറസായി പ്രവര്‍ത്തിക്കുന്ന ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് ധാരാളം ശാസ്ത്രീയപഠനങ്ങള്‍ ലഭ്യമാണ്,” സാങ്വി ഇഞ്ചിയുടെ പ്രത്യേകതകള്‍ വിവരിക്കുന്നു. ഇഞ്ചിയും പച്ചമഞ്ഞളും ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിക്കുന്നവയാണ്. ഇഞ്ചി ചതച്ച് ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെയധികം നല്ലതാണെന്നും സാങ്വി നിര്‍ദേശിക്കുന്നു.

ആവശ്യമുള്ള പാത്രങ്ങള്‍

ലോക്ക് ഡൗണ്‍, പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ക്ക്, ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത മേഖലയായ അടുക്കളയില്‍ കയറാന്‍ നിര്‍ബന്ധിത സാഹചര്യമൊരുക്കുന്ന സമയമാണ്. തുടക്കത്തില്‍ അല്‍പം ഭയപ്പെടുത്തുമെങ്കിലും അടിസ്ഥാനപരമായി മൂന്നോ നാലോ പാത്രങ്ങളുടെ ആവശ്യമുള്ളൂവെന്നാണ് സാങ്വി പറയുന്നത്. ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഒരു തവ അല്ലെങ്കില്‍ ദോശക്കല്ല്, സാധനങ്ങള്‍ ചൂടാക്കാന്‍ പല വലുപ്പത്തിലുള്ള സോസ് പാന്‍, ഓംലെറ്റും മറ്റുമുണ്ടാക്കാന്‍ നീളമുള്ളതും ചെറുതുമായ ഒരു സെറ്റ് സ്പൂണുകള്‍, ചായയുണ്ടാക്കാന്‍ ഒരു കെറ്റില്‍ ഇത്രയും മതി.

അധികമാളുകള്‍ക്കും പരീക്ഷണം നടത്താന്‍ യോജിച്ച സമയമാണിത്.”എന്നെ സംബന്ധിച്ചിടത്തോളം അപ്പാര്‍ട്ട്മെന്‍റില്‍ അടച്ചിരിക്കുമ്പോള്‍ ഒരു കാര്യമേ ചെയ്യാനുള്ളൂ, അത് പാചകമാണ്. പല തരത്തിലുള്ള പാചക കൂട്ടുകളും രുചികളും പരീക്ഷിക്കാനും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും താല്‍‌പര്യമുള്ള ആളാണ് ഞാന്‍”

Read more: കൊറോണക്കാലത്ത് വീട്ടിൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: How to stock an indian pantry during a lockdown food storage tips

Next Story
കൊറോണക്കാലത്ത് വീട്ടിൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾstretching exercise
The moderation of comments is automated and not cleared manually by malayalam.indianexpress.com