പൊള്ളുന്ന വെയിലാണ് പകൽ. പുറത്തിറങ്ങിയാൽ വാടി തളരുന്ന കാലാവസ്ഥ. കൂടുതൽ സമയം വെയിലിൽ ചിലവഴിക്കേണ്ടി വന്നാലാവട്ടെ വെയിലേറ്റ് ചർമ്മം കരുവാളിക്കും. വേനൽക്കാലം പൊതുവെ ചർമ്മത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന കാലമാണ്. ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്താനും സൺ ടാനിനെ അകറ്റാനുമെല്ലാം നിരവധി സൗന്ദര്യപരിപാലന മാർഗ്ഗങ്ങൾ സ്ത്രീകൾ തിരഞ്ഞെടുക്കാറുണ്ട്.
സൺ ടാൻ പൂർണ്ണമായി മാറ്റാൻ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ടു നുറുങ്ങുവിദ്യകൾ പരിചയപ്പെടാം.
അടുക്കളയിൽ സർവ്വസാധാരണമായി ലഭ്യമാവുന്ന ഒന്നാണ് പപ്പായ. സ്വാദിഷ്ടമായ പഴമെന്ന രീതിയിൽ മാത്രമല്ല, സൗന്ദര്യപരിപാലന ഗുണങ്ങളുടെ കാര്യത്തിലും പപ്പായ മുന്നിലാണ്. പഴുത്ത പപ്പായ ഒരു കഷ്ണമെടുത്ത് നന്നായി ഉടച്ച് അതിലേക്ക് 2 സ്പൂൺ തക്കാളി നീരും ചേർത്ത് മുഖത്തും കൈകാലുകളിലും പുരട്ടാം. അടുപ്പിച്ച് അഞ്ചുദിവസം ഇങ്ങനെ ചെയ്താൽ സൺ ടാൻ പ്രശ്നം പൂർണ്ണമായി മാറി കിട്ടും. പപ്പായ പൾപ്പ് ഉപയോഗിച്ച് ഇടയ്ക്ക് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്. പപ്പായയിൽ അടങ്ങിയ പപ്പെൻ എന്ന എൻസൈമുകളാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്. ഒപ്പം ചർമ്മത്തിലെ ജലാംശം, ഈർപ്പം എന്നിവ സംരക്ഷിക്കുകയും ചെയ്യും. പപ്പായ പൾപ്പ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്ന രീതി പിന്തുടരാം.
ഒരു പകുതി നാരങ്ങാനീരിൽ ഒരു സ്പൂൺ ഗ്ലിസറിനും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മിക്സി ചെയ്ത് പുരട്ടുക. കൈകാലുകളിൽ പുരട്ടി 20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം. സൺ ടാൻ മൂലമുള്ള നിറവ്യത്യാസം പൂർണ്ണമായി മാറി കിട്ടും. ചർമ്മത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്തമായ ചേരുവയാണ് നാരങ്ങ. നാരങ്ങാനീര് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്ത് സൺ ടാൻ നീക്കം ചെയ്യും.