കണ്ണിനു ചുറ്റുമുള്ള ചുളിവുകൾ പലരെയും വിഷമിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. പ്രായാധിക്യത്താൽ കണ്ണിനു താഴെ ചുളിവുകൾ വരുന്നത് സ്വാഭാവികമാണ്, ഇതിനെ പൂർണ്ണമായും തടയാൻ കഴിയില്ല. എന്നാൽ, മാറിയ കാലത്ത് പ്രായം കൂടുന്നതിന്റെ ഭാഗമായി മാത്രമല്ല, ജീവിതശൈലി പ്രശ്നങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കക്കുറവ്, സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളാലും കണ്ണിനു ചുറ്റും നേരത്തെ തന്നെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
കണ്ണിനു താഴത്തെ ചുളിവുകൾ പൂർണ്ണമായും മാറ്റാനാവില്ലെങ്കിലും ഏജിംഗിന്റെ ഈ ലക്ഷണത്തെ മന്ദഗതിയിലാക്കാനും കാഠിന്യം കുറയ്ക്കാനും സാധിക്കും. കണ്ണുകൾക്ക് താഴെയുള്ള ചുളിവുകൾ ഒഴിവാക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് ചർമ്മരോഗവിദഗ്ധയായ ഡോക്ടർ ആഞ്ചൽ.
കണ്ണുകൾ തിരുമ്മുന്ന സ്വഭാവം ഒഴിവാക്കുക. മസ്കാരയോ കൺമഷിയോ നീണ്ട നേരത്തേക്ക് ഉപയോഗിക്കരുത്. ഉപയോഗിച്ചാലും രാത്രി കിടക്കും മുൻപ് അവ വൃത്തിയാക്കണം. ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയതിനു ശേഷം തൂവാല കൊണ്ട് കണ്ണുകൾ അമർത്തി തുടക്കുകയോ തിരുമ്മുകയോ അരുത്. ഏതെങ്കിലും തരത്തിലുള്ള അലർജികളുണ്ടെങ്കിൽ അവ ചികിത്സിച്ച് ഭേദമാക്കുക. ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യുക. കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ കണ്ണട ധരിക്കുക. വരണ്ട കണ്ണുകളുള്ളവർക്ക് ടിയർ ഡ്രോപ്സ് ഉപയോഗിക്കാം.
കണ്ണിനു താഴത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഏതാനും സെറം, ക്രീം എന്നിവയും ഡോക്ടർ ആഞ്ചൽ നിർദ്ദേശിക്കുന്നു.
ഹൈലൂറോണിക് ആസിഡ് സെറം
ചർമ്മ കോശങ്ങളിൽ തന്നെയുള്ള ഒന്നാണ് ഹൈലൂറോണിക് ആസിഡ്. എന്നാൽ കാലാന്തരത്തിൽ ശരീരത്തിൽ ഹൈലൂറോണിക് ആസിഡിന്റെ സാന്നിധ്യത്തിൽ കുറവ് വരുന്നു. ഹൈലൂറോണിക് ആണ് ചർമ്മത്തിൽ ജലാംശം പകരുവാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നത്. ഹൈലൂറോണിക് ആസിഡ് സെറം ഉപയോഗിക്കുന്നതുവഴി എക്സ്റ്റേണൽ ആയി കൂടി ചർമ്മത്തിന് ഹൈലൂറോണികിന്റെ സപ്പോർട്ട് നൽകുകയാണ്. മികച്ച ഫലത്തിനായി ദിവസേന രാവിലെയും രാത്രിയും ഹൈലൂറോണിക് സെറം ഉപയോഗിക്കുക.
റെറ്റിനോൾ ക്രീം
വിറ്റാമിൻ എയുടെ വകഭേദമാണ് റെറ്റിനോൾ .ഇത് പുതിയ കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ത്വക്കിന് മനോഹാരിത നൽകാൻ സഹായിക്കുന്ന കൊളാജൻ ഉത്പാദനവും റെറ്റിനോൾ വർദ്ധിപ്പിക്കും. കൊളാജന്റെ അളവ് വർദ്ധിക്കുമ്പോൾ ചർമ്മം കൂടുതൽ മിനുസപ്പെടുകയും ചർമത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യും. മികച്ച ഫലത്തിനായി 6 മുതൽ 9 മാസം വരെ റെറ്റിനോൾ ഉപയോഗിക്കേണ്ടതുണ്ട്.
പെപ്റ്റൈഡ് ക്രീം
പെപ്റ്റൈഡുകൾ ഹ്യുമെക്ടന്റായി പ്രവർത്തിക്കുകയും കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. കൂടുതൽ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിന് ചർമ്മത്തെ പ്രചോദിപ്പിക്കുന്നു. ചിലർക്ക് റെറ്റിനോൾ അലർജിയാവാറുണ്ട്. അത്തരം പ്രശ്നങ്ങളുള്ളവർക്കും ഇണങ്ങുന്നതാണ് പെപ്റ്റൈഡ് ക്രീമുകൾ. മാത്രമല്ല, വരണ്ട ചർമ്മം, വരണ്ട കണ്ണുകൾ ഉള്ളവർക്കുംപെപ്റ്റൈഡ് ക്രീം മികച്ചൊരു ഓപ്ഷനാണ്.