ആരോഗ്യത്തിനും ചർമ്മ പരിപാലനത്തിനും ഒരുപാട് ശ്രദ്ധ നമ്മൾ കൊടുക്കാറുണ്ട്. ചർമ്മവും മുടിയും പരിപാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നഖങ്ങളുടെ പരിചരണം. കെരാറ്റിൻ എന്ന പ്രോട്ടീനാലാണ് നഖം നിർമ്മിച്ചിരിക്കുന്നത്. ആരോഗ്യമുള്ള നഖങ്ങൾ നമ്മുടെ കൈകളെയും കാലുകളെയും മനോഹരമാക്കുക മാത്രമല്ല, അവ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ സൂചകങ്ങൾ കൂടിയാണ്.
“പ്രോട്ടീൻ കുറവുള്ള ഭക്ഷണക്രമം നഖങ്ങൾ ദുർബലമാകാനും പൊട്ടാനും ഇടയാക്കും. കൂടാതെ, വൈറ്റമിൻ ബി-റൈബോഫ്ലേവിൻ, നിയാസിൻ, ബയോട്ടിൻ, വിറ്റാമിൻ ബി-12, വിറ്റാമിൻ സി, വിറ്റാമിൻ എ, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, സെലിനിയം തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളുടെ കുറവുകളും നഖങ്ങൾ പൊട്ടുന്നതിനും മറ്റും കാരണമാകുന്നു,” വോക്കാർഡ് ഹോസ്പിറ്റൽസ് കൺസൾട്ടന്റ് പ്ലാസ്റ്റിക്, റീകൺസ്ട്രെക്ഷൻ, ഏസ്തെറ്റിക് സർജൻ, ഡോ.ശ്രദ്ധ ദേശ്പാണ്ഡെ പറഞ്ഞു.
മൈക്രോ ന്യൂട്രിയൻറിന്റെ അഭാവം നഖങ്ങൾ പൊട്ടുക, കറുപ്പ്-തവിട്ട് നിറത്തിലുള്ള നിറം, പാടുകൾ, എന്നിവ കൂടാതെ മറ്റു പല ലക്ഷണങ്ങളിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ധ അഭിപ്രായപ്പെടുന്നു. “ഇത് കൊണ്ടാണ് പച്ച ഇലക്കറികൾ, ധാന്യങ്ങൾ, ബ്ലൂബെറി, സ്ട്രോബെറി, പേരക്ക, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ പോലുള്ള വിവിധ സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശുപാർശ ചെയ്യുന്നത്. കൂടാതെ, പ്രോട്ടീൻ സ്രോതസ്സുകളായ മുട്ട, മാംസം, ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയും ആരോഗ്യമുള്ള നഖങ്ങൾക്കായി കഴിക്കണം,” ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
നിശ്ചിത സമയങ്ങളിൽ ഉറങ്ങാനും (ഉണരാനും) ശ്രമിക്കണം. കൂടാതെ “നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കൃത്യസമയങ്ങളിൽ കഴിക്കാനും ശ്രദധിക്കുക. ശുദ്ധീകരിച്ച മാവ്, അമിതമായി ഉപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ ജങ്ക് ഫുഡ് ഒഴിവാക്കണം,” ഡോ. ശ്രദ്ധ പറഞ്ഞു.
ആരോഗ്യമുള്ള നഖങ്ങൾക്കായി ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നു.
- നഖം കടിക്കുന്നത് അണുബാധ, ഇൻഗ്രോൺ നഖങ്ങൾ എന്നിവയ്ക്ക് കാരണമാകും.
- നഖത്തിന്റെ പുറംഭാഗങ്ങൾ മുറിക്കുന്നത് ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.
- വരണ്ട ചർമ്മത്തിന്റെ ഫലമാണ് ഹാംഗ്‌നെയിൽസ്. ഇത് ഒഴിവാക്കാൻ നഖത്തിന്റെ പുറംതൊലി ഈർപ്പമുള്ളതാക്കുക.
- നഖത്തെ ഒരു ഉപകരണമായി കണക്കാക്കുന്നത്, നഖങ്ങൾ പൊട്ടുന്നതിനും ആരോഗ്യകരമായ വളർച്ച തടയുന്നതിനും കാരണമാകുന്നു.
- സോപ്പുകളും ഡിറ്റർജന്റുകളും ഇടയ്ക്കിടെ ഉപയോഗിക്കുന്നത് വരണ്ടതും നേർത്തതുമായ നഖങ്ങൾക്ക് കാരണമാകും.
ജെൽ നെയിൽ പോളിഷുകൾ ജാഗ്രതയോടെ ഉപയോഗിക്കുക. പുറംതൊലി വൃത്തിയാക്കുന്നതും അമിതമായ മിനുക്കലും സ്‌ക്രബ്ബിംഗും ഒഴിവാക്കാനും ഡോ.ശ്രദ്ധ ശുപാർശ ചെയ്യുന്നു.