Hair Care Tips: കേശസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി മിത്തുകൾ ഓരോരുത്തരും കേട്ടിരിക്കും. ദിവസവും എണ്ണ തേച്ചാല്‍ മുടി തഴച്ചു വളരും എന്നാണ് അതിൽ പ്രധാനപ്പെട്ടൊരു കാര്യം. വെളിച്ചെണ്ണ പോലുള്ള എണ്ണകൾ മുടിയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നവയാണ് എന്നതിൽ തർക്കമില്ല.
എന്നാൽ അതൊരിക്കലും മുടിയുടെ വളര്‍ച്ചക്ക് വേണ്ടി ഉള്ളതല്ല. മുടിയ്ക്ക് ആരോഗ്യവും കരുത്തും നൽകാനും ശിരോചർമ്മം വരണ്ട് താരൻ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനുമൊക്കെയാണ് പ്രധാനമായും എണ്ണ തേയ്ക്കൽ സഹായകരമാവുന്നത്.
ദിവസവും മുടിയിൽ എണ്ണയിടേണ്ടതിന്റെ ആവശ്യകതയുണ്ടോ? ഇല്ലെന്നാണ് ആയുർവേദ ഡോക്ടറായ ഡോ. ജെസ്ന പറയുന്നത്. എല്ലാ ദിവസവും എണ്ണ തേച്ചു കുളിച്ചാൽ മുടികൊഴിച്ചിൽ കൂടാനുള്ള സാധ്യത ഏറെയാണെന്നും ജെസ്ന കൂട്ടിച്ചേർക്കുന്നു.
“ദിവസവും ഏതെങ്കിലും എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് നിങ്ങളുടെ ഹെയർ ഫോളിക്കിളുകൾ അടഞ്ഞുപോകാനും അതുവഴി മുടിയുടെ വളർച്ച കുറയാനും കാരണമാവും. ആഴ്ചയിൽ ഒരു ദിവസം മുടിയിൽ എണ്ണ തേച്ച് കുളിക്കുന്നതാണ് അഭികാമ്യം. താരൻ പോലുള്ള പ്രശ്നങ്ങളും വരണ്ട ശിരോചർമ്മവും ഉള്ളവർ മാത്രം ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എണ്ണ തേച്ചു കുളിക്കാം.”
- ഏതെങ്കിലും രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ആയുർവേദ ഡോക്ടർമാർ നിർദ്ദേശിക്കുന്ന തലയിൽ എണ്ണ പുരട്ടിയുള്ള ചികിത്സകൾക്ക് ഇത് ബാധകമല്ല.
Read more: ഉള്ളി നീര് മുടികൊഴിച്ചിൽ കുറയ്ക്കും, ഷാംപൂ ചെയ്യുന്നത് കൂട്ടും; ചില തെറ്റിദ്ധാരണകൾ