ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറെ മൂല്യമുള്ള ഒന്നാണ് സമയം എന്നത്. കയ്യിലുള്ള സമയം നന്നായി പ്രയോജനപ്പെടുത്തി കൊണ്ട് മുന്നോട്ടു പോവുക എന്നതാണ് ഓരോ മനുഷ്യനും മുന്നിലുള്ള പ്രധാന വെല്ലുവിളി. കാരണം സമയമാണ് ജീവിതത്തിന്റെ മൂല്യത്തെ കുറിച്ച് മനുഷ്യനെ പഠിപ്പിക്കുന്ന അധ്യാപകൻ. പക്ഷേ പലരുടെയും പരാതി ഒന്നിനും സമയം തികയുന്നില്ല എന്നതാണ്.
ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കാൻ ദിവസം തികയുന്നില്ലെന്നും ചിലർ പരാതിപ്പെടാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒന്നിനും സമയം തികയാതെ വരുന്നത് എന്നറിയാമോ? നിങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് സമയമില്ലെന്നത് പ്രധാന പരാതിയായി ഉയരുന്നതെന്നാണ് യോഗ ഗുരുവും ലൈഫ് കോച്ചുമായ ഡോ. ഹൻസ യോഗേന്ദ്ര പറയുന്നത്.
സമയം ഫലപ്രദമായല്ല വിനിയോഗിക്കപ്പെടുന്നത് എന്ന് തെളിയിക്കുന്ന നാലു കാരണങ്ങളും ഹൻസ ചൂണ്ടികാണിക്കുന്നു.
- വിജയിച്ച മനുഷ്യൻ എന്നാൽ തിരക്കുള്ള മനുഷ്യൻ എന്നാണ് ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നത്. അതിനാൽ തന്നെ തിരക്കിലായിരിക്കുന്നതാണ് വിജയത്തിന്റെ ലക്ഷണമെന്നു കരുതി ആളുകൾ തിരക്കുപിടിച്ച് കാര്യങ്ങൾ ചെയ്യുന്നു.
- നിങ്ങളുടെ ആവശ്യങ്ങളെ നിങ്ങൾ മുൻഗണന ക്രമത്തിൽ കാണുന്നില്ല. ചെയ്യേണ്ട കാര്യങ്ങളെ അതിന്റെ മുൻഗണന ക്രമത്തിൽ ചെയ്തു തീർക്കുക.
- ജോലികൾ അവസാന നിമിഷത്തിലേക്ക് വച്ച്, ധൃതിയിൽ ചെയ്തു തീർക്കാൻ ശ്രമിക്കുന്നു.
- ഇന്നു തീർക്കേണ്ട ജോലികൾ നാളേക്ക് മാറ്റിവയ്ക്കുന്ന സ്വഭാവം.
- നിങ്ങൾ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ഓർത്ത് കൂടുതൽ സമയം ചെലവഴിക്കുന്നു. അമിതമായ ചിന്ത, കാര്യങ്ങൾ ചെയ്യാനുള്ള സമയത്തെ കൂടി നിങ്ങളിൽ നിന്നും അപഹരിക്കുകയാണ്.
മികച്ച ടൈം മാനേജ്മെന്റിനായി ഇക്കാര്യങ്ങൾ ചെയ്യുക
ജോലിയും വീടുമൊക്കെ ഒരുമിച്ച് മാനേജ് ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ കൃത്യമായ ടൈം മാനേജ്മെന്റ് നിങ്ങൾക്ക് അത്യാവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ സമയം ഫലപ്രദമായി വിനിയോഗിക്കാൻ നിങ്ങളെ സഹായിക്കും.
- എല്ലാ ജോലികൾക്കും ഒരു റിമൈൻഡറും സമയപരിധിയും നിശ്ചയിക്കുക.
- ഓരോ ദിവസവും ചെയ്തു തീർക്കേണ്ട ജോലികൾക്ക് ഒരു പ്ലാൻ മനസ്സിൽ വേണം
- ജോലിയിൽ നിന്നും ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കുക.
- കൃത്യമായൊരു ദിനചര്യ പിൻതുടരുക.
- ചെയ്യാനുള്ള കാര്യങ്ങളെ മുൻഗണന ക്രമത്തിൽ സമീപിക്കുക.
- ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ആദ്യം ചെയ്തു തീർക്കുക.
- മൾട്ടി ടാക്സിംഗ് കഴിയുന്നതും ഒഴിവാക്കുക. ഒരേ സമയം പല ജോലികൾ ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധ കവരുന്ന കാര്യമാണ്.
- നോ പറയേണ്ടിടത്ത് പറയുക. ഏറ്റെടുക്കാനാവാത്ത ജോലികൾ ഏറ്റെടുത്ത് ചെയ്തുതീർക്കാനാവാതെ ബുദ്ധിമുട്ടുന്നവരെയും ചുറ്റും കാണാം. അതിനാൽ തനിക്ക് സാധിക്കില്ലെന്നു തോന്നുന്ന കാര്യങ്ങളോട് നോ പറയുക.
- ജോലികൾക്കിടയിൽ ചെറിയ ബ്രേക്കുകൾ എടുക്കുക. ഇടവേളകളില്ലാതെ ഏറെ നേരം ജോലി ചെയ്യുമ്പോൾ ശ്രദ്ധയും പ്രചോദനവും നിലനിർത്തികൊണ്ടുപോവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങളുടെ മനസ്സും തലച്ചോറും ഒന്നു റിലാക്സാകാനും സ്വയം പുതുക്കാനും ചെറിയ ബ്രേക്കുകൾ സഹായിക്കും. അൽപ്പനേരമൊന്നു മയങ്ങുന്നതോ, ഒന്നു നടന്നിട്ടു വരുന്നതോ, മെഡിറ്റേഷൻ ചെയ്യുന്നതോ ഒക്കെ ഏറെ പ്രയോജനം ചെയ്യും.