scorecardresearch
Latest News

എന്നും ചെറുപ്പമായിരിക്കാം; ലൈഫ്‌സ്‌റ്റൈലിൽ ഈ മാറ്റങ്ങൾ വരുത്തൂ

ഉന്മേഷത്തോടെയും ഉണർവോടെയും ചെറുപ്പത്തോടെയും ഏറെനാൾ മുന്നോട്ടുപോവാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എന്നും ചെറുപ്പമായിരിക്കാം; ലൈഫ്‌സ്‌റ്റൈലിൽ ഈ മാറ്റങ്ങൾ വരുത്തൂ

എക്കാലവും ചെറുപ്പത്തോടെയും ചുറുചുറുക്കോടെയും ഇരിക്കാൻ ആഗ്രഹമുണ്ടോ? ലൈഫ്സ്റ്റൈലിൽ ആദ്യം മുതൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ പ്രായത്തിന്റെ അവശതകളും അടയാളങ്ങളും ശരീരത്തിൽ വീഴാതെ ചെറുപ്പമായി തന്നെ ഇരിക്കാനാവും. കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ ജീവിതരീതിയുമൊക്കെയാണ് പ്രായമാകുമ്പോൾ നിങ്ങളെങ്ങനെ കാണപ്പെടും എന്ന കാര്യത്തെ സ്വാധീനിക്കുന്നത്.

താഴെ പറയുന്ന കാര്യങ്ങൾ ലൈഫ്സ്റ്റൈലിലേക്ക് പകർത്തിനോക്കൂ, ഉന്മേഷത്തോടെയും ഉണർവോടെയും ചെറുപ്പത്തോടെയും ഏറെനാൾ മുന്നോട്ടുപോവാനാവും.

ശരീരത്തിലെ ജലാംശം നിലനിർത്തുക
നിർജ്ജലീകരണം ചർമ്മത്തെ അയഞ്ഞതും ചുളിവുള്ളതുമാക്കുക മാത്രമല്ല, പെട്ടെന്ന് പ്രായം തോന്നാനും കാരണമാവും. അതിനാൽ നിങ്ങൾ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരു ദിവസം കുറഞ്ഞത് 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതുവഴി ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുകയും ആന്തരിക അവയവങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും ഇതുവഴി സാധിക്കും.

cold water, ie malayalam

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ പലവിധ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കും. ക്യാൻസർ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് പരിരക്ഷ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾക്ക് കഴിയും. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും വളരെ പ്രധാനമായ ഒന്നാണ് ആന്റി ഓക്സിഡന്റുകൾ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള കഴിവും ഇവയ്ക്കുണ്ട്. മറ്റൊന്ന്, ഇവയുടെ ആന്റി ഏജിംഗ് ഗുണങ്ങളാണ്.

ചില വൈറ്റമിനുകൾ (വൈറ്റമിൻഎ, സി, ഇ, ബീറ്റാ കരോട്ടിൻ) ധാതുക്കൾ (സെലനിയം). ചില എൻസൈമുകൾ എന്നിവയൊക്കെയാണ് ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നത്. പാൽ, മുട്ട, വെണ്ണ (വൈറ്റമിൻ എ), നിറമുള്ള പഴങ്ങളും പച്ചക്കറികളും, കാരറ്റ്, മധുരകിഴങ്ങ്, മത്തങ്ങ, ചീര (ബീറ്റ കരോട്ടിൻ), ഏത്തയ്ക്ക, ഉരുളകിഴങ്ങ്, തണ്ണിമത്തൻ, ധാന്യങ്ങൾ, തക്കാളി (വൈറ്റമിൻ ബി6), ഓറഞ്ച്, നെല്ലിക്ക, മുന്തിരി, പപ്പായ (വൈറ്റമിൻ സി), ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡ്, നിലക്കടല, സൺഫ്ളവർ എണ്ണ (വൈറ്റമിൻ ഇ), തവിടോടു കൂടിയ ധാന്യങ്ങൾ, ഇറച്ചി (സെലീനിയം), കടൽമത്സ്യം (സിങ്ക്), ഗ്രീൻ ടീ, മഞ്ഞൾ, മുളപ്പിച്ച ധാന്യങ്ങൾ, കുരുമുളക്, വെളുത്തുള്ളി, ബ്ലൂബെറി, സ്ട്രോബെറി എന്നിവയിലെല്ലാം ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്.

fruits, health, ie malayalam

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും. നിങ്ങളുടെ കരളിന്റെയും ആന്തരിക അവയവങ്ങളുടെയും ആരോഗ്യം ശരീരത്തിന്റെ പുറംകാഴ്ചയിലും പ്രതിഫലിക്കും. ഒലിവ്, അവോക്കാഡോ, മാതളനാരങ്ങ, ഇലക്കറികൾ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. കാരറ്റും പഴങ്ങളുമെല്ലാം ജ്യൂസായി കഴിക്കുന്നതും നല്ലതാണ്.

നിത്യവും വ്യായാമം ചെയ്യുക
വ്യായാമം ജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമാക്കുക. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കുക. അത് നടത്തമോ യോഗയോ ഡാൻസോ നീന്തലോ ഷട്ടിൽ കളിയോ സൈക്ക്ലിംഗോ അങ്ങനെ എന്തുമാവാം. ശരീരഭാരം നിയന്ത്രിക്കുക, എല്ലുകളുടെയും പേശികളുടെയും ബലം വർധിപ്പിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നല്ല ഉറക്കം, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനം എന്നിവയ്ക്കെല്ലാം വ്യായാമം നല്ലതാണ്. ലൈംഗിക ശേഷി മെച്ചപ്പെടുത്താനും വ്യായാമത്തിനാവും, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും. വ്യായാമ വേളയിൽ ശരീരം നന്നായി വിയർക്കുന്നത് വഴി ചർമ്മത്തിന്റെ ഉപരിതലത്തിലൂടെ മാലിന്യങ്ങൾ പുറന്തള്ളപ്പെടും. വ്യായാമം ചെയ്യുമ്പോൾ ചർമ്മത്തിലേക്കുള്ള രക്തയോട്ടവും ഉത്തേജിപ്പിക്കപ്പെടുകയാണ്. അതിനാൽ ആരോഗ്യഗുണങ്ങൾക്കൊപ്പം ചർമ്മ സൗന്ദര്യപരിപാലനത്തിലും വ്യായാമം ഗുണകരമാണ്.

Exercise, workout

നല്ല പോസ്ചർ നിലനിർത്തുക

സ്മാർട്ട് ഫോണിനും കമ്പ്യൂട്ടറിനുമൊക്കെ മുന്നിൽ ഏറെ സമയം ചെലവഴിക്കുന്നവരാണ് ആധുനിക മനുഷ്യൻ. കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ പലപ്പോഴും ശരിയായ രീതിയിലല്ല ഇരിക്കുന്നത്, കഴുത്ത് മുന്നോട്ട് ആഞ്ഞ് തെറ്റായ പോസ്ചറിലൊക്കെയുള്ള ഇരിപ്പ് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. അതുകൊണ്ടുതന്നെ ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം നിങ്ങളുടെ പോസ്ചർ ശ്രദ്ധിക്കുക.

പ്രായമാകുമ്പോൾ സ്വാഭാവികമായും ചിലയാളുകളിൽ ‘ഒരു കുനിഞ്ഞ പോസ്ചർ’ രൂപപ്പെടാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ പോസ്ചർ വ്യായാമങ്ങൾ ചെയ്യാം. തലയണ ഉപയോഗം ഒഴിവാക്കുക, നട്ടെല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നതൊക്കെ ഈ അവസ്ഥ ഒഴിവാക്കാനുള്ള മികച്ച മാർഗങ്ങളാണ്. നിൽക്കുമ്പോൾ, നിങ്ങളുടെ ഭാരം തുല്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എപ്പോഴും എവിടെയെങ്കിലും ചാരിയും ഒടിഞ്ഞുതൂങ്ങിയതുപോലെയുമൊക്കെ നിൽക്കുന്ന ശീലമുണ്ടെങ്കിൽ കാലക്രമേണ അതു നിങ്ങളുടെ ശരീരത്തിനെ മോശമായി ബാധിക്കും.

സെക്സ് ആസ്വദിക്കുക
സെക്സിന് മനുഷ്യരുടെ ശരീരത്തിൽ അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാക്കാനുള്ള കഴിവുണ്ട്. പങ്കാളിയെ സ്പർശിക്കുന്നതും ആലിംഗനം ചെയ്യുന്നതും സെക്സ് ചെയ്യുന്നതുമൊക്കെ സമ്മർദ്ദത്തെയും വിഷാദത്തെയും മറികടക്കാൻ സഹായിക്കുന്ന ഓക്സിടോസിൻ പോലുള്ള നല്ല ഹോർമോണുകൾ പുറപ്പെടുവിക്കുന്നുണ്ട്. മാത്രമല്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തചംക്രമണം വർധിക്കുകയും അതു നിങ്ങളുടെ ചർമ്മത്തിന് തിളക്കവും പ്രസരിപ്പും സമ്മാനിക്കുകയും ചെയ്യും.

sleep, health, ie malayalam

റെഡ് വൈൻ
റെഡ് വൈനിൽ റെസ്‌വെരാട്രോൾ എന്നറിയപ്പെടുന്ന ഒരു സംയുക്തം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്, ഇത് പ്രായമാകൽ പ്രക്രിയയെ പ്രതിരോധിക്കാൻ സഹായിക്കും. രാത്രി കിടക്കും മുൻപ് ഒരൽപ്പം റെഡ് വൈൻ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങളും പറയുന്നു. റെഡ് വൈൻ മരണനിരക്ക് 34% കുറയ്ക്കുക മാത്രമല്ല, ദീർഘായുസ്സും യുവത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നല്ല ഉറക്കം
ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. കണ്ണിനു താഴെയുള്ള കറുത്തപാടുകൾ, കണ്ണുകൾക്ക് താഴെയുള്ള ചുളിവുകൾ എന്നിവയൊക്കെ പലപ്പോഴും ഉറക്കക്കുറവ്/ഉറക്കമില്ലായ്മ കാരണം വരുന്നതാണ്. വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുമ്പോൾ നിങ്ങളുടെ തലച്ചോറും ശരിയായി പ്രവർത്തിക്കില്ല, നിങ്ങളുടെ പ്രകടനത്തിലും ദൈനംദിന ജീവിതത്തിലുമെല്ലാം ഇത് ദൃശ്യമാകും. പ്രകൃതിദത്തമായി മെലറ്റോണിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളെ എളുപ്പത്തിൽ ഉറങ്ങാൻ സഹായിക്കും.

സമ്മർദ്ദം കുറയ്ക്കുക
സമ്മർദ്ദം വരുമ്പോൾ നിങ്ങളുടെ ശരീരത്തിൽ അഡ്രിനാലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും അവ നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അവയവങ്ങൾ കഠിനമായി പ്രവർത്തിക്കുകയും അത് നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കുകയും ചെയ്യും. പിരിമുറുക്കങ്ങളും സമ്മർദ്ദവും ഒഴിവാക്കാൻ യോഗ, മെഡിറ്റേഷൻ പോലുള്ള കാര്യങ്ങൾ ശീലിക്കാം. ഒപ്പം, മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്ന കാര്യങ്ങൾക്കും സമയം മാറ്റിവയ്ക്കുക.

ഷാംപൂ ദിവസവും ഉപയോഗിക്കരുത്
ഹെയർ ക്ലെൻസറുകളും ഷാംപൂവും നിത്യേന ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം മൂലം മുടിയുടെ ആരോഗ്യത്തിന് ഉപയോഗപ്രദമായ രാസവസ്തുക്കൾ കൂടി നീക്കം ചെയ്യപ്പെടും. പിഎച്ച് ലെവൽ സന്തുലിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും മുടിയുടെ തിളക്കം നിലനിർത്താനും ഹെയർകെയർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി പരിമിതപ്പെടുത്തുക. മറ്റുദിവസങ്ങളിൽ മുടിയുടെയും തലയോട്ടിയുടെയും പരിപാലനത്തിനായി എണ്ണ ഉപയോഗിക്കാം. ഹോട്ട് ഓയിൽ മസാജ് ശിരോചർമ്മത്തിന്റെ ആരോഗ്യത്തിനും തലയിലെ രക്തയോട്ടം വർധിപ്പിക്കാനും നല്ലതാണ്. ഹെയർ ഡ്രയർ, ഹീറ്റ് സ്റ്റൈലിംഗ് ടൂളുകൾ, കേളിംഗ് അയേണുകൾ എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. ഇവയുടെ സ്ഥിരമായ ഉപയോഗം മുടിയെ വരണ്ടതാക്കും, ഒപ്പം മുടി പൊട്ടിപോവാനും കൊഴിഞ്ഞുപോവാനും കാരണമാവും.

ചർമ്മത്തിനെ പരിരക്ഷിക്കാം
റെറ്റിനോൾ അടങ്ങിയിരിക്കുന്ന സ്കിൻ ക്രീമുകൾ ചുളിവുകൾ ഇല്ലാതാക്കാനും ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും. ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, ചിയ വിത്തുകൾ എന്നിവ പോലുള്ള ആൽഫ ലിപ്പോയിക് ആസിഡ് (ALA) അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ എടുക്കുന്നതും ചെറുപ്പമായിരിക്കാൻ സഹായിക്കും.

ക്രിയേറ്റീവ് ആയിരിക്കുക
ജീവിതം യാന്ത്രികമായി ജീവിക്കാതെ ക്രിയാത്മകമായ കാര്യങ്ങളിൽ കൂടി മുഴുകാൻ സമയം കണ്ടെത്താം. സംഗീതം, പെയിന്റിംഗ്, അഭിനയം എന്നിങ്ങനെ നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾക്കും അൽപ്പസമയം മാറ്റിവയ്ക്കുക. മനസ്സ് ക്രിയാത്മകമായിരുന്നാൽ നിങ്ങൾക്ക് മാനസികമായും ചെറുപ്പം തോന്നും.

ബ്രെയിൻ ഗെയിമുകൾ കളിക്കുക
ബ്രെയിൻ ഗെയിമുകളും മെന്റൽ എയറോബിക് വ്യായാമം ചെയ്യുന്നതുമൊക്കെ നിങ്ങളുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ​ഒപ്പം ഓർമശക്തി കൂടാനും സഹായിക്കും. ബ്രെയിൻ ഗെയിമുകൾ ലഭ്യമായ നിരവധി ആപ്പുകൾ ഇന്ന് ഇന്നുണ്ട്. അതുമല്ലെങ്കിൽ, പത്രങ്ങളിലെ ക്രോസ്‌വേഡ് / സുഡോകു പോലുള്ളവയും ഇടയ്ക്ക് കളിക്കാം. വെല്ലുവിളി നിറഞ്ഞ പസിലുകൾ, റൂബിക്സ് ക്യൂബ്, നിങ്ങളുടെ യുക്തി പരിശോധിക്കുന്ന ഗെയിമുകൾ എന്നിവയും പരീക്ഷിക്കാം.

യാത്ര ചെയ്യുക
യാത്ര ചെയ്യുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുന്നതുമൊക്കെ മനസിന് ഉണർവു തരുന്ന കാര്യങ്ങളാണ്. ഇവ നിങ്ങളുടെ കാഴ്ചപ്പാടുകളെയും ജീവിതശൈലിയേയുമെല്ലാം സ്വാധീനിക്കും. വിരക്തിയില്ലാതെ ജീവിതം ആസ്വദിച്ച് മുന്നോട്ടുപോവാൻ ഇത്തരം കാര്യങ്ങൾ സഹായിക്കും.

ആരോഗ്യകരമായ ശീലങ്ങൾ പിൻതുടരുക
ഒന്നിനും എളുപ്പവഴിയില്ല എന്ന് ആദ്യമേ തിരിച്ചറിയുക. ചിട്ടയോടെയും ആരോഗ്യത്തോടെയുമുള്ള ജീവിതരീതികൾ എത്ര നേരത്തെ പിൻതുടരുന്നുവോ അത്രത്തോളം മുന്നോട്ടുള്ള യാത്ര നിങ്ങൾക്ക് സഹായകരമായിരിക്കും. അതിനാൽ, ലൈഫ്സ്റ്റൈലിലെ തെറ്റായ പ്രവണതകൾ എന്തൊക്കെയെന്ന് മനസ്സിലാക്കി ഇന്നു തന്നെ പുതിയൊരു തുടക്കം കുറിക്കൂ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How to look younger than your age reverse skin ageing tips everyday habits