വിണ്ടുകീറിയ പാദങ്ങൾ പലരും അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ്. പാദത്തിലെ വരൾച്ചയും കാലുകളുടെ സംരക്ഷണത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതുമൊക്കെ ഈ പ്രശ്നത്തിന് കാരണമാവാറുണ്ട്. പാദങ്ങൾ വരണ്ടും വരകളോടു കൂടിയും വിണ്ടുകീറിയുമൊക്കെ കിടക്കുന്നത് കാഴ്ചയിലും അഭംഗിയുണ്ടാക്കുന്ന കാര്യമാണ്.വിണ്ടു കീറൽ ഗുരുതരമായ സാഹചര്യങ്ങളിൽ പലർക്കും കാലുകളിൽ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ ഈ പ്രശ്നത്തിൽ നിന്നും വിടുതൽ നേടാവുന്നതേയുള്ളൂ.
കാലുകൾ വരണ്ടതായി കാണപ്പെടുമ്പോൾ തന്നെ ശ്രദ്ധാപൂർവ്വം പരിചരിച്ചു തുടങ്ങുക. പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക. ചെരിപ്പു ധരിക്കാതെ നടക്കാതിരിക്കുക. പാദങ്ങൾക്ക് മൃദുത്വം നൽകാൻ ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുന്നതും നല്ലതാണ്. അതുപോലെ തന്നെ ഗ്ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതവും പാദങ്ങളെ മൃദുവാക്കാൻ സഹായിക്കും.
വരണ്ട പാദങ്ങൾക്ക് മൃദുത്വം നൽകാൻ വീട്ടിൽ തന്നെ ഒരുക്കാവുന്ന ഒരു ക്രീം പരിചയപ്പെടാം. മെഴുക്, വെളിച്ചെണ്ണ, വാസ്‌ലിൻ എന്നിവ അൽപ്പമെടുത്ത് അടുപ്പത്ത് വച്ച് എല്ലാം ഉരുക്കിയെടുക്കുക. ഇതിലേക്ക് കറ്റാർവാഴ ജെൽ ചേർക്കുക. ശേഷം വിറ്റാമിൻ ഇ കാപ്സ്യൂൾ കൂടി ചേർത്ത് നന്നായി ഇളക്കിക. ക്രീം പരുവമാകുന്നതുവരെ ഇളക്കി യോജിപ്പിക്കുക. ഈ ക്രീം ഒരാഴ്ച തുടർച്ചയായി കിടക്കും മുൻപ് തേച്ചു പിടിപ്പിച്ചാൽ തന്നെ പ്രകടമായ വ്യത്യാസം കാണാനാവും.