ഭക്ഷണം പോലെ തന്നെ മനുഷ്യന് അത്യന്താപേക്ഷികമായ ഒന്നാണ് നല്ല ഉറക്കവും. ഉറക്കം ശരിയായില്ലെങ്കിൽ ക്ഷീണവും ഒന്നിനുമൊരു ഉത്സാഹമില്ലായ്മയുമൊക്കെയാവും ഫലം. അതുകൊണ്ടുതന്നെ, ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയരുത്.
ഉറക്കക്കുറവും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇന്ന് വ്യാപകമാണ്. ചെറുപ്പക്കാരിലും, കുട്ടികളിലും, മുതിർന്നവരിലും ഒക്കെ ഇത്തരത്തിലുള്ള ഉറക്കപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. സാധാരണ ഗതിയിൽ നമ്മുടെ ജീവിതചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ തന്നെ ഉറക്കപ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും.
മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ജീവിത സാഹചര്യങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ, ജോലിയിലുള്ള സമ്മർദ്ദം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയൊക്കെയാണ് പലരിലും ഉറക്കക്കുറവിനു കാരണമാവുന്ന ബാഹ്യമായ കാരണങ്ങൾ. ഇത്തരം അവസരങ്ങളിൽ മാനസിക സമ്മർദ്ദത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന മുറിയുടെ കാര്യത്തിലും അൽപ്പം ശ്രദ്ധ വേണം. നിങ്ങളുടെ ബെഡ്റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, അമിതമായി വെളിച്ചം, ശബ്ദം, തണുപ്പ്, ചൂട് ഒക്കെ വരാത്ത രീതിയിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കം പ്രദാനം ചെയ്യും.
“നേർത്ത കർട്ടനുകളാണ് ബെഡ് റൂമിൽ എങ്കിൽ അവ മാറ്റി കട്ടിയുള്ള ബ്ലാക്ക് ഔട്ട് കർട്ടനുകൾ പരീക്ഷിക്കാം. ഇത്തരം കർട്ടനുകൾ ബെഡ് റൂമിനകത്തേക്ക് വെളിച്ചമോ നിഴലോ കടത്തിവിടില്ല. മുറിക്കകത്ത് നല്ല ഇരുട്ട് ഫീൽ ചെയ്താൽ അത് ഉറങ്ങാൻ സഹായിക്കും. കാരണം ആ അന്തരീക്ഷം മനസ്സും ശരീരവും റിലാക്സ് ആക്കുകയും ഇത് വഴി മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും വേഗത്തിൽ ഉറക്കം ലഭിക്കുകയും ചെയ്യും. രാത്രി മാത്രമല്ല, പകൽ മുറിയ്ക്ക് അകത്തേക്ക് കനത്ത ചൂട് കടന്നുവരാതിരിക്കാനും ബ്ലാക്ക് ഔട്ട് കർട്ടനുകൾ സഹായിക്കും,” ഫിസിക്കൽ ട്രെയിനറായ ഗുഞ്ചൻ പറയുന്നു.
കഴിയുന്നതും ഒരേസമയം ഉറങ്ങാനായി തിരഞ്ഞെടുക്കുക. മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ, വെളിച്ചം, ശബ്ദ സംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സോഷ്യൽ മീഡിയ, മൊബൈൽ ഫോൺ, ടി വി എന്നിവയുടെ ഉപയോഗം നിർത്തുക.