എളുപ്പവും വേഗത്തിലും ചെയ്യാവുന്നതുമായ ചർമ്മസംരക്ഷണ ചികിത്സകൾ ഇപ്പോൾ വളരെ ജനപ്രിയമാണ്. സോഷ്യൽ മീഡിയയിൽ നിരവധി സൗന്ദര്യ-ചർമ്മ സംരക്ഷണ ഇൻഫ്ലൂവൻസർമാർ പുതിയ നുറുങ്ങുകളും തന്ത്രങ്ങളും ഹാക്കുകളും പങ്കിടുന്നു. നിങ്ങളുടെ ചർമ്മത്തിന്റെ തരം മനസിലാക്കി വിദഗ്ധനുമായി കൂടിയാലോചിച്ചശേഷം ഇവ പരീക്ഷിക്കുന്നതാണ് ചർമ്മത്തിന് നല്ലത്.
എപ്പോഴും ചർച്ചാവിഷയമായിട്ടുള്ള അത്തരം ഒരു ഹാക്കാണ് ഫേഷ്യൽ സ്റ്റീമിംഗ് അഥവാ മുഖത്ത് ആവി പിടിക്കുന്നത്. ഇവ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളും സെബവും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തെ പോഷിപ്പിക്കാനും ശുദ്ധീകരിക്കാനും സഹായിക്കുമെന്ന് അറിയപ്പെടുന്നു.
“മുഖത്ത് ആവി പിടിക്കുന്നത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സെബം നീക്കാനും ആവി പിടിക്കുന്നത് സഹായിക്കുന്നു,” ഡെർമറ്റോളജിസ്റ്റായ ഡോ. നികേത സോനവാനെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ഫെയ്സ് സ്റ്റീമിങ് “ഡീപ് ക്ലെൻസിംഗ് ഇഫക്റ്റ്”നൽകുന്നു. ഇത് ഭാവിയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ തടയുകയും നിങ്ങളുടെ മുഖത്തിന് മിനുസമാർന്നതും വ്യക്തവും തിളക്കമുള്ളതുമായ രൂപം നൽകുന്നു,” കോസ്‌മെറ്റോളജിസ്റ്റും സ്‌കിൻ ലേസർ സർജനുമായ ഡോ. പർണിത ബൻസാൽ പറഞ്ഞു.
ആവി പിടിക്കുന്നത് രക്തക്കുഴലുകളെ വികസിപ്പിച്ചെടുക്കുമെന്നും മുഖത്തെ രക്തചംക്രമണവും ഓക്‌സിജൻ വിതരണവും വർധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരവും യുവത്വവുമുള്ളതാക്കുകയും ചെയ്യുമെന്നും ഡോ. പർണിത വിശദീകരിച്ചു. “ആവി പിടിക്കുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു, ഇത് പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററാണ്, കൂടാതെ പ്രായമാകുന്നതും തടയുന്നു,” ഡോ. പർണിത പറഞ്ഞു.
എന്നാൽ എത്ര തവണ ആവി പിടിക്കണം?
“മുഖത്ത് ആവി പിടിക്കുന്നതിന് ഗുണങ്ങൾ വളരെ കൂടുതലാണെങ്കിലും, എല്ലാ ദിവസവും ആവി ഉപയോഗിക്കുന്നത് അൽപ്പം കഠിനമാണ്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും, കാരണം അവ ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാൻ വേണ്ടത്ര സമയം നൽകുന്നില്ല,” ഡോ പർണിത മുന്നറിയിപ്പ് നൽകി. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒരിക്കൽ 10 മിനിറ്റ് ആവി പിടിക്കുക.
എന്നാൽ, “മെലാസ്മ, ചുവപ്പ്, റോസേഷ്യ, വരണ്ട ചർമ്മം, പ്രകോപിത ചർമ്മം, മുഖക്കുരു” തുടങ്ങിയ ചർമ്മപ്രശ്നങ്ങളുള്ളവർ മുഖത്ത് ആവി പിടിക്കുന്നത് ഒഴിവാക്കണം. കാരണം “ആവി പിടിക്കുന്നത് ഈ അവസ്ഥകളെല്ലാം കൂടുതൽ വഷളാക്കും,” ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റഗ്രാമിൽ പറയുന്നു. ഓരോ വട്ടം ആവി പിടിച്ചശേഷവും ചർമ്മം മോയ്സ്ചറൈസ് ചെയ്യുന്നത് ഉറപ്പാക്കണമെന്നും അവർ നിർദ്ദേശിച്ചു.