കഴിഞ്ഞ രണ്ട് വർഷങ്ങളായി സൗന്ദര്യ പ്രവണതകൾ ധാരാളം വർധിച്ചുവരുന്നുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ സ്വയം പരിചരണ ദിനചര്യകൾ പലർക്കും ആശ്വാസം നൽകുന്ന ഉറവിടമായി മാറി.
എന്നിരുന്നാലും, നിരവധി ഉൽപന്നങ്ങളും ചേരുവകളും മാറിമാറി ഉപയോഗിച്ചിട്ടും ചർമ്മത്തിൽ കാര്യമായ മാറ്റം കാണാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. കാരണം, ചർമ്മസംരക്ഷണത്തിലെ ഫലങ്ങൾ കണ്ടുതുടങ്ങാൻ സമയമെടുക്കും എന്നതാണ്. ചർമ്മത്തിൽ ഉപയോഗിക്കുന്ന ഏതൊരു ഉൽപന്നവും അവയിൽ പ്രവർത്തിച്ചു തുടങ്ങാൻ സമയമെടുക്കുന്നു. അതിനുശേഷം മാത്രമാണ് മാറ്റങ്ങൾ കണ്ടു തുടങ്ങുക.
ചില ജനപ്രിയ ചർമ്മസംരക്ഷണ ഘടകങ്ങൾ ചർമ്മത്തിൽ പ്രവർത്തിക്കാൻ എത്ര സമയമെടുക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. ഗുർവീൻ വാരൈച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നു.
ഹൈലൂറോണിക് ആസിഡ്
“ഹൈലൂറോണിക് ആസിഡ് ചർമ്മത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു”, വിദഗ്ധ പറഞ്ഞു. ഉപയോഗം കഴിഞ്ഞയുടനെ ജലാംശം ഉള്ള ചർമ്മം നിങ്ങൾക്ക് ലഭിക്കും. എന്നാൽ രണ്ടു മൂന്നു മാസം തുടർച്ചായി ഉപയോഗിച്ചാൽ മാത്രമേ ചർമ്മത്തിൽ കൂടുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. കൂടുതൽ തിളക്കമുള്ളതായി കാണപ്പെടും.
സാലിസിലിക് ആസിഡ്
ഇത് എണ്ണകളെ നിയന്ത്രിക്കുകയും ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. സാലിസിലിക് ആസിഡ് 2-3 ആഴ്ചകൾക്കുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു, പൂർണ്ണ ഫലം കാണിക്കാൻ ഏകദേശം 2-3 മാസമെടുക്കും.
വിറ്റാമിൻ സി
ഈ ശക്തമായ ആന്റിഓക്‌സിഡന്റ് പിഗ്മെന്റേഷൻ കുറയ്ക്കുകയും ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 4-6 ആഴ്‌ചയ്‌ക്കുള്ളിൽ തിളക്കമാർന്ന നിറം കാണാൻ തുടങ്ങും. എന്നാൽ ഇരുണ്ട പാടുകൾ കുറയുന്നതിന് ഏകദേശം 3-4 മാസമെടുക്കും.
ഗ്ലൈക്കോളിക് ആസിഡ്
ഒരു മൾട്ടിപർപ്പസ് തന്മാത്രയായ ഇവ എക്സ്ഫോളിയന്റായി പ്രവർത്തിക്കുകയും പിഗ്മെന്റേഷൻ കുറയ്ക്കുകയും ചർമ്മത്തിൽ കൊളാജൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഫലങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുമെങ്കിലും, 6-8 മാസത്തെ തുടർച്ചയായ ഉപയോഗത്തിന് ശേഷമേ യഥാർത്ഥ ഫലം ലഭിക്കുകയുള്ളൂ.
റെറ്റിനോൾ
പ്രായമാകൽ തടയുന്ന ചർമ്മസംരക്ഷണ ഘടകമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ഘടകമാണ് റെറ്റിനോൾ. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപയോഗപ്രദമായ ഘടകമാണിത്. മുഖക്കുരുവിന് റെറ്റിനോൾ ഉപയോഗിക്കുകയാണെങ്കിൽ, 8-10 ആഴ്‌ചകൾക്കുള്ളിൽ അതിന്റെ ഫലം കണ്ടുതുടങ്ങുന്നു.