പ്രിയങ്ക ചോപ്രയുടെ വസ്ത്രം മാത്രമല്ല ആഭരണങ്ങളും ഫാഷൻ പ്രേമികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ മാസമാദ്യം ദുബായിൽ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബൽഗേറിയയുടെ ജന്ന കളക്ഷൻ പ്രിയങ്ക ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന സമയത്ത് താരം അണിഞ്ഞത് ജന്ന ഫ്ലവർ നെക്ലേസും ജന്ന ഫ്ലവർ കമ്മലുമായിരുന്നു.
പ്രിയങ്കയുടെ നെക്ലേസിന്റെയും കമ്മലിന്റെയും വില കേട്ടാൽ ആരും അതിശയിച്ചുപോകും. 120,000 യുഎഇ ദിർഹം (ഏകദേശം 25 ലക്ഷം) ആണ് നെക്ലേസിന്റെ വില. കമ്മലിന്രെ വില 112,000 യുഎഇ ദിർഹം (ഏകദേശം 23 ലക്ഷം) ആണ്.

അടുത്തിടെ തന്റെ പക്കലുള്ള ഏറ്റവും ആകർഷണീയവും വിലപിടിപ്പുള്ളതുമായ ആഭരണത്തെക്കുറിച്ച് പ്രിയങ്ക പറയുകയുണ്ടായി. വോഗ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും ആകർഷകവും വിലപിടിപ്പുള്ളതുമായ ആഭരണമേതാണെന്നായിരുന്നു ചോദിച്ചത്. ”ഈ ചോദ്യത്തിന് ഞാൻ വിവാഹ മോതിരമെന്നു മറുപടി പറയും. കാരണം ഞാനൊരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല, എനിക്ക് വളരെയധികം ആത്മബന്ധം ഈ മോതിരത്തോടുണ്ട്. അതെനിക്ക് ഒരുപാട് ഓർമ്മകൾ നിറഞ്ഞതാണ്,” പ്രിയങ്ക പറഞ്ഞു. ഏകദേശം 300,000 യുഎസ് ഡോളറാണ് (2.1 കോടി) പ്രിയങ്ക ചോപ്രയുടെ വിവാഹ മോതിരത്തിന്റെ വില.
Read More: നിക് ജൊനാസിന് പ്രിയങ്ക ചോപ്രയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോ