വേനൽക്കാലമായാലും ശൈത്യകാലമായാലും പതിവായി മുഖം വൃത്തിയാക്കേണ്ടത് ചർമ്മാരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ, ഒരു ദിവസം എത്ര തവണ മുഖം കഴുകാം. ഡെർമറ്റോളജിസ്റ്റ് ഡോ.രാശ്മി ഷെട്ടീറയുടെ അഭിപ്രായത്തിൽ ഒരു ദിവസം നാലു തവണ മുഖം കഴുകാം. ചർമ്മത്തിന്റെ തരവും ജീവിതശൈലിയും അനുസരിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഫെയ്സ് വാഷ് ഉപയോഗിച്ചും ഒരു തവണ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാനും അവർ നിർദേശിച്ചു.
- രാവിലെ എഴുന്നേറ്റ ഉടൻ
രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. ഇതിലൂടെ രാത്രിയിൽ ചർമ്മം പുറത്തുവിടുന്ന വിഷാംശം, മുഖത്ത് തങ്ങിനിൽക്കുന്ന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, തലയിണയിലെ പൊടി മുതലായവ നീക്കം ചെയ്യും.
- ദിവസത്തിൽ പുറത്തു പോകാൻ റെഡിയാകുന്നതിന് മുൻപായി
മോയ്സ്ച്യുറൈസർ, സൺസ്ക്രീൻ, മേക്കപ്പ് എന്നിവ പ്രയോഗിക്കുന്നതിന് മുമ്പ് മുഖം വീണ്ടും കഴുകുക. ജിമ്മിൽ പോയാലോ എണ്ണമയമുള്ള ചർമ്മമുള്ളവരോ ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക അല്ലെങ്കിൽ സാധാരണ, വരണ്ട, സെൻസിറ്റീവ്, ഡീഹൈഡ്രേറ്റഡ് ചർമ്മമുള്ളവർ വെള്ളത്തിൽ കഴുകുക.
- വൈകീട്ട് 5 മണിയോടെ അല്ലെങ്കിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ
മേക്കപ്പ്, പൊടി, വിയർപ്പ് എന്നിവ നീക്കാനായി ഈ സമയം ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മേക്കപ്പ് ഉപയോഗിക്കുകയോ, പുറത്ത് ജോലി ചെയ്യുകയോ, എണ്ണമയമുള്ള ചർമ്മമോ, പകൽ സമയത്ത് ധാരാളം വിയർപ്പോ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ലെൻസിങ് ബാം അല്ലെങ്കിൽ സൂപ്പർ മൈൽഡ് ക്രീം എക്സ്ഫോളിയേറ്റർ ഉപയോഗിച്ച് ഡബിൾ ക്ലെൻസിങ് ചെയ്യുക.
- ഉറങ്ങാൻ പോകുന്നതിനു മുൻപായി
ഉറങ്ങാൻ പോകുന്നതിനു മുൻപായി നിർബന്ധമായും ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം, നിങ്ങളുടെ ചർമ്മ സംരക്ഷണ ഉൽപ്പന്നം പ്രയോഗിക്കുക.
മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന മുഖത്തെ അഴുക്ക്, എണ്ണ, പൊടി, അണുക്കൾ, നിർജ്ജീവമായ ചർമ്മകോശങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ പതിവായി മുഖം കഴുകുന്നത് സഹായിക്കുന്നു. മുഖം കഴുകുന്നത് ചർമ്മത്തിന് ഒരു ഫ്രഷ് ലുക്ക് നൽകുകയും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾക്ക് ചർമ്മത്തിൽ പ്രവർത്തിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.