രാവിലെ ഉറക്കമുണരുമ്പോൾ ഊർജ്ജസ്വലത നിലനിർത്താനായി പലരും തിരഞ്ഞെടുക്കുന്ന പാനീയമാണ് കോഫി അഥവാ കാപ്പി. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ദിവസം മുഴുവൻ ഊർജം നിലനിർത്താമെങ്കിലും കോഫിയുടെ അമിത ഉപയോഗം ചർമ്മത്തെ മോശമായി ബാധിക്കുന്നു. ആന്റിഓക്സിഡന്റ് ഘടകങ്ങൾ നിറഞ്ഞിട്ടുണ്ടെങ്കിലും കോഫി ചർമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
“ശരീരത്തിലെ ജലത്തിന്റെ അംശം നഷ്ടപ്പെടാൻ കാപ്പിയിലുള്ള ഘടകങ്ങൾ കാരണമാകുന്നു. ഇതു പരിഹരിക്കാനായി അതിനനുസരിച്ച് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ചർമം വരണ്ട് പോവുകയും ചെയ്യുന്നു” ചർമ്മ സംരക്ഷണ വിദഗ്ധയായ ഡോ കാവേരി കർഹാഡേ ഇൻസ്റ്റ്ഗ്രാം പോസ്റ്റിൽ കുറിച്ചു.
കോഫി അമിതമായി കുടിക്കുന്നത് മറ്റു ചില പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു, അത് എന്തെല്ലാമാണെന്ന് നോക്കാം:
- കോഫിയിൽ കൂടുതൽ അളവിൽ അസിഡിറ്റി നിറഞ്ഞിരിക്കുന്നത് നിങ്ങളുടെ ഹോർമോൺസിനെ ബാധിക്കുകയും തുടർന്ന് ചർമത്തിൽ ഉണ്ടാകുന്ന എണ്ണയുടെ അളവ് കൂടുകയും ചെയ്യുന്നു.
- പാൽ ഉത്പന്നങ്ങളിൽ കോഫി ചേർത്ത് കുടിക്കുന്നത് ചർമ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
- മുക്ക്, താടി എന്നിവയ്ക്കു ചുറ്റുള്ള ചർമ്മ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
- കോഫി, സോഡ, മദ്യം പോലുള്ള പാനീയങ്ങൾ കുടിക്കുന്നതു വഴി ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവുകയും , ഇത് ചർമ്മം ചുവന്നു തടിക്കാനും പൊള്ളുന്നതു പോലെയുള്ള സെൻസേഷൻ അനുഭവപ്പെടാനും കാരണമാകും.
കോഫി ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാകുന്നെന്ന് പറയുന്നുണ്ടെങ്കിലും അത് വരണ്ട ചർമ്മത്തിലേക്കു നയിക്കുമെന്ന് പറയാൻ തെളിവുകളില്ലെന്നാണ് ഗുരുഗ്രാം പരാസ് ഹെൽത്തിലെ പ്ലാസ്റ്റിക്ക് സർജറി മേധാവിയായ ഡോക്ടർ മന്ദീപ് സിങ്ങ് പറയുന്നത്. എന്നാൽ ചർമ്മത്തിന്റെ ഈർപ്പത്തെ കോഫി ഉപയോഗം പ്രതികൂലമായി ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ ഉറക്കത്തെ പോലും കോഫിയുടെ അമിത ഉപയോഗം ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. “കൃത്യമായി ഉറക്കം ലഭിക്കാത്തതു വിവിധ ചർമപ്രശ്നങ്ങൾക്കു കാരണമായേക്കാം. ജലാംശം നഷ്ടപ്പെടുന്നതും വരൾച്ചയും അനവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.”
കോഫിയും ചർമ്മത്തിലെ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. “കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കോഫി കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്നു ഇതുവഴി സ്ട്രെസ് വർധിക്കാൻ കാരണമാകും. ഇതേ ഹോർമോൺ സെബം ഉണ്ടാകുന്നതിലേക്കും നയിക്കുന്നതു വഴി ചർമ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.”
“ചർമ പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ കോഫിയുടെ ഉപയോഗം കുറയ്‌ക്കേണ്ടതായുണ്ട്. ഒരു ദിവസം 400 മില്ലിഗ്രാമിൽ അധികം കോഫി കുടിക്കരുത്. ശരീരത്തിന് ആവശ്യമായ വെള്ളം, ചർമ്മ സംരക്ഷണം, കൃത്യമായ ഭക്ഷണ ക്രമം, വ്യായാമം, നല്ല രീതിയിലുള്ള ഉറക്കം എന്നിവ ശീലമാക്കുക. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം കോഫി ഉപയോഗിക്കാൻ ശ്രദ്ധിക്കാം,” വിദഗ്ധർ പറയുന്നു.