പ്രശസ്ത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരി മേരി റോബിനെറ്റ് കോവലിന്റെ ട്വീറ്റുകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. ബഹിരാകാശത്ത് എത്തിയാല്‍ എങ്ങനെ മൂത്രമൊഴിക്കാം എന്നതിനെ കുറിച്ചാണ് മേരി തന്റെ ട്വീറ്റുകളിലൂടെ പറയുന്നത്. ശാസ്ത്രീയ സിദ്ധാന്തങ്ങളും വസ്തുതകളും നിരത്തി 27ലധികം ട്വീറ്റുകളിലൂടെയാണ് മേരി ഇക്കാര്യം വിശദീകരിക്കുന്നത്.

ഈ വിവരണങ്ങള്‍ക്ക് പിന്നില്‍ ഒരു കഥയുണ്ട്. നാസയുടെ ബഹിരാകാശ പരിപാടികളിലെ ലിംഗ വിവേചനത്തെക്കുറിച്ച് കോവല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ‘ചന്ദ്രനിലെത്താന്‍ സ്ത്രീകള്‍ ഭൂമിയിലെ ലിംഗ അസമത്വങ്ങളില്‍ നിന്നും രക്ഷനേടണം’ എന്ന തലക്കെട്ടിലാണ് ലേഖനം. 1969 ലെ ചന്ദ്രനിലേക്കുള്ള ദൗത്യം സ്ത്രീകളല്ല, ‘പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ രൂപകൽപന ചെയ്തത്’ എന്നാണ് ലേഖനത്തില്‍ പറയുന്നത്.

ഈ ലേഖനത്തിന്റെ പേരില്‍ മേരി കോവല്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയില്‍ സ്ത്രീകൾക്ക് മൂത്രമൊഴിക്കാന്‍ സാധിക്കുന്നതിനായുള്ള ഒരു സാങ്കേതിക വിദ്യയും ഇതുവരെ കണ്ടു പിടിച്ചിട്ടില്ലാത്തതിനാലാണ് ബഹിരാകാശത്തേക്ക് പറഞ്ഞുവിടാതിരുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന വാദം.

‘ന്യൂയോര്‍ക്ക് ടൈംസിലെ എന്റെ ലേഖനത്തിന് മറുപടിയായി നിരവധി ആളുകള്‍ പറഞ്ഞത് ബഹിരാകാശത്ത് സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ നമുക്ക് ഇല്ലാത്തതിനാലാണ് ഞങ്ങള്‍ക്ക് പോകാന്‍ കഴിയാത്തത് എന്ന്,’ ആദ്യ ട്വീറ്റില്‍ മേരി കോവല്‍ പറയുന്നു. എന്തായാലും മെര്‍ക്കുറി പ്രോഗ്രാം മുന്നോട്ട് വച്ച സമയത്ത്, ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ബഹിരാകാശത്ത് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടാകും എന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ പുരുഷന്മാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടെന്നും ഇത് വിരോധാഭാസമാണെന്നും മേരി കോവല്‍ പറയുന്നു.

1961ലെ ദൗത്യത്തില്‍ ബഹിരാകാശത്തു പോയ ആദ്യ അമേരിക്കക്കാരന്‍ അലന്‍ ഷെപ്പേര്‍ഡിനെ കുറിച്ചും മേരി കോവല്‍ പറയുന്നുണ്ട്. അദ്ദേഹത്തെ സ്വന്തം വസ്ത്രത്തില്‍ തന്നെ പോകാന്‍ അനുവദിച്ചതായും അദ്ദേഹം വസ്ത്രത്തിലൂടെ മൂത്രമൊഴിച്ചതായും പിന്നീട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്ടത്തോട് സാദൃശ്യമുള്ള ഒരു ഉറ വികസിപ്പിച്ചെടുത്തതായും മേരി കോവല്‍ പറയുന്നു.

ചന്ദ്രനിലെത്തിയ രണ്ടാമത്തെ മനുഷ്യന്‍ ബസ് ആല്‍ഡിനാണ് ബഹിരാകാശത്ത് മൂത്രമൊഴിക്കുന്ന ആദ്യ മനുഷ്യന്‍. 1970ലെ അപ്പോളോ 13 ബഹിരാകാശ ദൗത്യത്തെ കുറിച്ചും അവര്‍ പറയുന്നു.

‘ഒടുവില്‍ ഒരു ദശാബ്ദത്തിനു ശേഷം നാസ സ്ത്രീകളെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്ക് പുരുഷ ലിംഗം ഇല്ലെങ്കില്‍ ബഹിരാകാശത്ത് മൂത്രമൊഴിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാരണവും അവര്‍ക്കുണ്ട്.’ ഡയപ്പര്‍ ആണ് പരിഹാരം. അമേരിക്കന്‍ ബഹിരാകാശ യാത്രികയും ഭൗതികശാസ്ത്രജ്ഞയുമായ സാലി ക്രിസ്റ്റന്‍ റൈഡ് 1978 ല്‍ നാസയില്‍ ചേര്‍ന്നു. 1983 ല്‍ അവര്‍ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ അമേരിക്കന്‍ വനിതയായി. സ്ത്രീകള്‍ ഡയപ്പര്‍ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം, പുരുഷന്മാരും അതിലേക്ക് മാറി.

ബഹിരാകാശത്ത് സ്ത്രീകൾ ആർത്തവ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നതിനെ കുറിച്ചും മേരി കോവൽ പറയുന്നുണ്ട്.

മേരി കോവലിന്റെ ഈ വിശദീകരണങ്ങള്‍ക്ക് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമാണ്. വ്യാപകമായി ഇത് ട്വിറ്ററില്‍ പ്രചരിച്ചു.

ഷേഡ്‌സ് ഓഫ് മില്‍ക്ക് ആന്‍ഡ് ഹണി, ഗ്ലാസ് ഇന്‍ ഗ്ലാസ് എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് മേരി റോബിനെറ്റ് കോവല്‍. ഹ്യൂഗോ, നെബുല അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകളും അംഗീകാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook