വിയന്ന: സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലം വീട് തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട സ്ത്രീകളിൽ പാതിയിലേറെ പേരും വീട്ടിനകത്ത് സ്വന്തം പങ്കാളിയാലോ, കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടതാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കിയത്.
സത്രീകൾക്ക് നേരെയുളള അക്രമങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ആ റിപ്പോർട്ട് യുഎൻ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 87000 സ്ത്രീകളിൽ 50000 പേരും വീട്ടിനകത്താണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇത് ഏതാണ് 58 ശതമാനത്തോളം വരും.
ഇവരിൽ 30000 പേരെയും കൊലപ്പെടുത്തിയത് പങ്കാളികളാണ്. അതായത് ഒരോ പത്ത് മിനിറ്റ് ഇടവേളയിലും ലോകത്ത് ഒരു സ്ത്രീ സ്വന്തം പങ്കാളിയാൽ കൊല്ലപ്പെടുന്നുണ്ട്. മണിക്കൂറിൽ ആറ് പേരും ദിവസം 144 പേരും ഇത്തരത്തിൽ കൊല്ലപ്പെടുന്നു.
വീട്ടിനകത്ത് സ്ത്രീ പുരുഷ സമത്വം ഇല്ലാത്തതാണ് സ്ത്രീകൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നതിന് പ്രധാന കാരണമായി പറയുന്നത്. ആഫ്രിക്കയിലും അമേരിക്കയിലുമാണ് ഇത്തരത്തിൽ പങ്കാളികൾ തന്നെ സ്ത്രീകളെ കൊല ചെയ്യുന്നതിൽ മുന്നിലുളളത്.
ലോകമാകെ ഏറ്റവും കാര്യക്ഷമവും ഫലപ്രദവുമായ കുറ്റാന്വേഷണവും നിയമനിർമ്മാണവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ അനന്തര ഫലം എന്താകുമെന്നതിനെ കുറിച്ചും പഠിപ്പിക്കണം എന്നാണ് യുഎൻ നിർദ്ദേശിച്ചിരിക്കുന്നത്.