Indri Appam or Pesaha Appam Recipe Kerala Style Recipe: മറ്റൊരു ഈസ്റ്റര്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍. ഓശാന ഞായറില്‍ തുടങ്ങുന്ന വിശുദ്ധവാരം വിഭൂതി ബുധന്‍, പെസഹാ വ്യാഴം, ദുഃഖ വെള്ളി, വിശുദ്ധ ശനി എന്നിവ കടന്നു ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്നു. പീഡാനുഭവങ്ങള്‍ക്ക് മുന്നോടിയായി ക്രിസ്തു, തന്‍റെ പന്ത്രണ്ട് ശിഷ്യന്‍മാരോടൊപ്പമായിരുന്നു അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓർമ്മയ്ക്കായാണ് പെസഹാ ആചരിക്കുന്നത്.

പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഓര്‍മ പുതുക്കലാണ് പുതിയ നിയമത്തിലെ പെസഹാ ആചരണം. അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളാക്കി മാറ്റിയ ഈശോ, പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പെസഹായ്ക്ക് നടത്തിയ അന്ത്യഅത്താഴത്തില്‍ തന്നെയായിരുന്നു.

പെസഹാ അപ്പവും പാലും (ഇന്‍ട്രി അപ്പവും പാലും)

വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പെസഹാ വ്യാഴാഴ്ച. പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുക എന്ന നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണ് പെസഹാ വ്യാഴാഴ്ചയിലെ പെസഹാ അപ്പം അഥവാ ഇന്‍ട്രിയപ്പം. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് അപ്പത്തിനൊപ്പം വീഞ്ഞാണ് വിളമ്പാറുള്ളതെങ്കിലും, കേരള ക്രൈസ്തവര്‍ ശര്‍ക്കരയും തേങ്ങയുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന പാലാണ് അപ്പത്തിനൊപ്പം വിളമ്പുക.

പുളിപ്പില്ലാത്ത അപ്പമുണ്ടാക്കണമെന്നതിനാല്‍ മാവ് കുഴച്ച് അധികം വൈകാതെ തന്നെ അപ്പമുണ്ടാക്കും. പല തരത്തില്‍ അപ്പുമുണ്ടാക്കും. വാഴയിലയില്‍ പൊതിഞ്ഞും ദോശക്കല്ലില്‍ ചുട്ടെടുത്തും പെസഹാ അപ്പം തയ്യാറാക്കാറുണ്ട്. ഏത് രീതിയില്‍ ഉണ്ടാക്കിയാലും കുതിര്‍ത്തിയ ഉഴുന്നും,അരിപ്പൊടിയും,വെളുത്തുള്ളിയും,ഉള്ളിയും, തേങ്ങയും, ജീരകവും ചേര്‍ത്താണ് പെസഹാ അപ്പത്തിന്‍റെ മാവ് തയ്യാറാക്കുന്നത്.

പെസഹാ അപ്പം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുമൊക്കെ പരമ്പരാഗത രീതികളുണ്ട്. വീടും പരിസരവുമൊക്കെ വൃത്തിയാക്കി പ്രാര്‍ഥിച്ച ശേഷമാണ് പെസഹാ അപ്പത്തിനുള്ള മാവ് തയ്യാറാക്കുക. ഈസ്റ്ററിന് മുന്നോടിയായി കുമ്പസാരം കഴിഞ്ഞ് കളങ്കമൊഴിഞ്ഞ മനസോടെ വേണം ഒരുക്കങ്ങള്‍ തുടങ്ങാന്‍. അപ്പം തയ്യാറാക്കുമ്പോള്‍ നടുവില്‍ ഓശാന ഞായറാഴ്ച കിട്ടിയ വെഞ്ചിരിച്ച കുരുത്തോലയുടെ കീറ് കുരിശാകൃതിയില്‍ വയ്ക്കും. പാലിലും കുരുത്തോല കഷ്ണങ്ങള്‍ ചേര്‍ക്കും. പെസഹാ പാല്‍ തയ്യാറാക്കുന്നതിന് അമ്മച്ചിമാര്‍ നേരത്തെ പുത്തന്‍മണ്‍കലം സൂക്ഷിച്ചിട്ടുണ്ടാകും.

Read More: Easter 2019, Maundy Thursday: അന്ത്യ അത്താഴത്തിന്‍റെ സ്മരണകളില്‍ പെസഹാ വ്യാഴം

ക്രൈസ്തവ ഭവനങ്ങളിലെ ഒത്തുചേരല്‍ കൂടിയാണ് പെസഹാ വ്യാഴാഴ്ച നടക്കുന്നത്. സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം, കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി അപ്പം മുറിച്ച് പാലില്‍ മുക്കി, പ്രായമനുസരിച്ച് വിതരണം ചെയ്യും. കുടുംബത്തില്‍ ആ വര്‍ഷം മരണമുണ്ടായിട്ടുണ്ടെങ്കില്‍ ആ വീട്ടില്‍ പെസഹായ്ക്ക് അപ്പമുണ്ടാക്കില്ല. ബന്ധുക്കളോ, അയല്‍പക്കത്തുള്ളവരോ ആണ് അങ്ങനെയുള്ള വീടുകളില്‍ അപ്പം എത്തിക്കുക. പാല്‍ കാച്ചുന്നതിന് കുഴപ്പമില്ലെന്നതാണ് വിശ്വാസം.

‘പെസഹാ അപ്പത്തിന് ഇന്‍ട്രി അപ്പമെന്ന പേര് കിട്ടയത്’

പണ്ട് പണ്ട് പെസഹാ അപ്പവും പാലുമൊക്കെ തയ്യാറാക്കി പള്ളിയില്‍ പോകുന്നതിനിടെ കുറച്ച് അമ്മച്ചിമാര്‍ ഒരുമിച്ച് പെസഹാ അപ്പത്തിന് ഒരു പേരിടണമെന്ന് തീരുമാനിച്ചു. വഴി നീളെ ആലോചിച്ചിട്ടും പേരൊന്നും കിട്ടിയില്ല. പള്ളിയിലെത്തി കര്‍ത്താവിന്‍റെ ക്രൂശിത രൂപത്തില്‍ നോക്കി പ്രാര്‍ഥിക്കുമ്പോഴും ഇത് തന്നെയായിരുന്നു മനസ്സില്‍. കൂട്ടത്തില്‍ അല്‍പ്പം ഇംഗ്ലീഷ് പഠിച്ച ഒരു ചേടത്തി കുരിശില്‍ കര്‍ത്താവിന്‍റെ തലയ്ക്ക് മുകളില്‍ എഴുതി വച്ചത് കൂട്ടി വായിച്ച് നോക്കി, I.N.R.I… അതായത് ഇന്‍ട്രി. പളളിയില്‍ നിന്നിറങ്ങിയപ്പോള്‍ ചേടത്തി താന്‍ കണ്ട് പിടിച്ച പേര് എല്ലാവരോടും പറഞ്ഞ്. അപ്പത്തിന്‍റെ പേരും കര്‍‌ത്താവുമായുള്ള ബന്ധവും അറിഞ്ഞതോടെ ബാക്കിയുള്ളവര്‍ക്കും സമ്മതം. അങ്ങനെ ഇന്‍ട്രിയപ്പത്തിന് പേരും ഇട്ടു. ഈ കഥ നാട്ടിന്‍ പുറങ്ങളില്‍ പഴയ ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്. കഥയൊന്നും ചോദിക്കാതെ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഇഷ്ടം തോന്നി ഇന്‍ട്രിയപ്പം എന്ന പേര് അങ്ങേറ്റെടുക്കുകയാണ് അധികം പേരും ചെയ്യുന്നത്.

 

Indri Appam or Pesaha Appam Recipe Kerala Style Recipe

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതികള്‍

പാചകരീതി 1

ചേരുവകള്‍

തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ഉഴുന്ന് 1/4 കപ്പ്
വറുത്ത അരിപ്പൊടി – 2 1/2 കപ്പ്
ജീരകം – 1/2 ടേബില്‍സ്പൂണ്‍
വെളുത്തുള്ളി – 3 അല്ലി
ചെറിയ ഉള്ളി – 10 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാകപ്പെടുത്തുന്ന വിധം

രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക.

കുടുംബനാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. അങ്ങനെ കുരിശിന്റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതു കൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.

അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യേക സ്വാദും സുഗന്ധവും ഉണ്ടാകും.

പാചകരീതി 2

ഇൻട്രി അപ്പം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങള്‍

പച്ചരി നന്നായി അപ്പത്തിന്റെ പാകത്തിനു പൊടിച്ച് വറുത്തത് 500 ഗ്രാം
ഉഴുന്നു നന്നായി മിക്സിയില്‍ അരച്ചത് (എട്ടുമണിക്കൂര്‍കുതിര്‍ത്തശേഷം) 200 ഗ്രാം
ഒരു തേങ്ങ മിക്സിയില്‍ അധികം വെള്ളം ചേര്‍ക്കാതെ അരച്ചത്
വെളുത്തുള്ളി 50 ഗ്രാം ഉപ്പ് ആവശ്യത്തിന്

അപ്പം ഉണ്ടാക്കുന്ന വിധം

അരിപ്പൊടിയിലേക്ക് ഉഴുന്നരച്ചത് ചേര്‍ക്കുക. ഉഴുന്നു കൂടുതല്‍ കുതിര്‍ത്താല്‍ നല്ല മയം കിട്ടും. തേങ്ങാ അരച്ചതും വെളുത്തുള്ളി അരച്ചതും ആവശ്യത്തിന് ഉപ്പും ഇതിലേക്കു ചേര്‍ത്തു കുഴച്ചെടുക്കണം. പാത്രത്തില്‍ കോരി ഒഴിച്ചും ഇലയ്ക്കകത്തും അപ്പം ഉണ്ടാക്കാം. ഇലയ്ക്കകത്ത് ഉണ്ടാക്കിയാല്‍ രുചി കൂടും. ചില സ്ഥലങ്ങളില്‍ അപ്പം ചുട്ടെടുക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇലയ്ക്കകത്ത് ഒഴിച്ച് അപ്പച്ചെമ്പില്‍ പുഴുങ്ങി എടുക്കാറാണുള്ളത്. ഒരു മണിക്കൂര്‍ നേരത്തെ വേവുള്ളതിനാല്‍ പാത്രത്തില്‍ പകുതിയലധികം വെള്ളം വച്ചു വേണം വേവിക്കാന്‍.

പാത്രം ചൂടായിക്കഴിയുമ്പോള്‍ ഇലയില്‍ വച്ചിരിക്കുന്ന അപ്പം പാത്രത്തിലെടുത്തു വച്ചു വേവിക്കണം. ഇതിന്റെ കൂടെ കുരിശപ്പവും ഉണ്ടാക്കും. കുരിശപ്പം തിരിച്ചറിയാന്‍ പ്രത്യേക പാത്രത്തില്‍ വയ്ക്കാം. ഒപ്പം ഓശാന ഞായറാഴ്ച കിട്ടിയ ഓല കുരിശാകൃതിയില്‍ പാത്രത്തിന്റെ മധ്യഭാഗത്ത് മാവിന് മുകളില്‍ വയ്ക്കാം.

പാചകരീതി 3

ചിലയിടങ്ങളില്‍അരിപ്പൊടി വറൂത്ത് അതില്‍ കരിക്ക് അരച്ചതും കരിക്കിന്‍വെള്ളവും, ഏലക്കായും ചേര്‍ത്ത് രാത്രി വെയ്ക്കുന്നു. എന്നിട്ട് രാവിലെ, ദോശക്കല്ലില്‍ചുട്ടെടുക്കുന്നു.

പാചകരീതി 4

ചേരുവകള്‍

പച്ചരിപ്പൊടി വറുത്തത് 1 കി.ഗ്രാം
തേങ്ങ 1
ഉഴുന്നുപരിപ്പ് കാല്‍കി.ഗ്രാം
ജീരകം 2 ടേബിള്‍സ്പൂണ്‍
ചുവന്ന ഉള്ളി 7 എണ്ണം
വെളുത്തുള്ളി 10 എണ്ണം
ഉപ്പ്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും കൂടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. വാഴയില വെയിലത്ത് വാട്ടി കീറിയെടുക്കുക. വാഴയില ഇടതു കൈയ്യില്‍ വച്ച് വലതു കൈകൊണ്ട് കുറച്ച് കുഴച്ച മാവെടുത്ത് അല്പം ഒന്ന് ഉരുട്ടി നീട്ടി വാഴയിലയ്ക്കകത്ത് വച്ച് മടക്കുക. അത്രയും മാവ് എടുത്ത് ഉരുട്ടി നീട്ടി മടക്കിന്റെ പുറത്തു വയ്ക്കുക. അതിനു ശഷം ഇല ഒന്നിച്ച് മടക്കി അപ്പച്ചെമ്പില്‍ വയ്ക്കണം. മൊത്തം മിശ്രിതം ഇതു പോലെ എടുക്കുക. ഒന്നിച്ചു വച്ച് പുഴുങ്ങിയെടുക്കുക.

 

പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം

പാചകരീതി 1

തേങ്ങാ പാല് – ഒരു തേങ്ങയുടേത്,  ഒന്നാം പാല് എടുത്തു മാറ്റി വയ്ക്കുക  2, 3 പാല് എടുത്ത് 2 ടേബിള്‍സ്പൂണ്‍ പച്ചരി പൊടി, 100 ഗ്രാം ശര്‍ക്കര, 1 ടേബിൾ സ്പൂണ്‍ജീരകം, 5 ഏലക്കായ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കലക്കി അടുപ്പില്‍വച്ച് ഇളക്കി ഒന്നു കുറുക്കുക.

അല്പം ഒന്ന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍മുക്കി കഴിക്കുക.

പാചകരീതി 2

ഒരു തേങ്ങയുടെ നന്നായി കുറുകിയ പാല്‍, പഴം രണ്ടെണ്ണം, ഒരുണ്ട ശര്‍ക്കര നന്നായി പാനിയാക്കിയത്, ജീരകം, ചുക്ക്, ഏലയ്ക്ക ചൂടാക്കി പൊടിച്ചത് ആവശ്യത്തിന് തേങ്ങാപ്പാലിലേക്ക് ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് പൊടിച്ച ജീരകവും ചുക്കും ഏലയ്ക്കയും ചേര്‍ക്കണം. നന്നായി ഇളക്കിയെടുക്കു തിളപ്പിക്കുക. ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക.തിളച്ചു തുടങ്ങുമ്പോള്‍ പഴം അരിഞ്ഞതു ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കണം. പാലിനു കൊഴുപ്പു കിട്ടാന്‍ അരിപ്പൊടി തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇതിലേക്ക് ഒഴിക്കുക.

പാചകരീതി 3

ചേരുവകള്‍

ശര്‍ക്കര – 500 ഗ്രാം
തേങ്ങാപ്പാല്‍(തലപ്പാല്‍) 1 കപ്പ്
തേങ്ങാപ്പാല്‍(രണ്ടാംപാല്‍) 2 കപ്പ്
കുത്തരി – 1/2 കപ്പ്
ചുക്ക് – ചെറിയ കഷണം
ജീരകം – 1/2 ടേബിള്‍സ്പൂണ്‍
ഏലക്ക – രണ്ടോ മൂന്നോ
പൂവന്‍പഴം – രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത്

പാകപ്പെടുത്തുന്ന വിധം

ഒന്നര കപ്പ് വെള്ളത്തില്‍ ശര്‍ക്കര പാനിയാക്കുക. കരടുണ്ടെങ്കില്‍അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവക്കുക. ശര്‍ക്കരപ്പാനിയില്‍ രണ്ടാം പാല്‍ചേര്‍ത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക.

ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയില്‍ നിന്നു വാങ്ങുക.

തിരുവിതാംകൂര്‍ ശൈലിയില്‍ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശര്‍ക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്‌റ്റോസ് പഞ്ചസാരയുടെ നല്ല ചേര്‍ച്ച സൃഷ്ടികാന്‍ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

പാചകരീതി 4

ചേരുവകള്‍

ശര്‍ക്കര അരകിലോ
തേങ്ങ 2 എണ്ണം
ജീരകം ആവശ്യത്തിന്
ഏലക്ക ആവശ്യത്തിന്
എള്ള് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടി പിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍ തവി കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.

പാചകരീതി 5

ചേരുവകള്‍

ശര്‍ക്കര-400ഗ്രാം
തേങ്ങാപ്പാല്‍കപ്പ് ( രണ്ടാം പാല്‍)
തേങ്ങാപ്പാല്‍കപ്പ്( ഒന്നാം പാല്‍)

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. അതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാല്‍ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക. ഏകദേശം കുറച്ച് വെള്ളം വറ്റുമ്പോള്‍അതിലേയ്ക്ക് ഒന്നാം പാല്‍ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക.

പാചകരീതി 6

ചേരുവകള്‍

തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന് പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍പ്രത്യേകം മാറ്റിവയ്ക്കുക)
ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍പാനിയാക്കി അരിച്ചെടുക്കുക)
ജീരകം രണ്ട ടീസ്പൂണ്‍
ചുക്ക് ഒരു കഷണം
ഏലക്ക നാലെണ്ണം (തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുക്കണം)
കുത്തരി 100 ഗ്രാം

പാല്‍ ഉണ്ടാക്കുന്ന ക്രമം

ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാ പാലും കൂടി തിളപ്പിക്കുക. അരി വറുത്ത് പൊടിക്കുക. അരിപ്പൊടി കട്ട പിടിക്കാതെ കുറച്ച് വെള്ളത്തിലോ തേങ്ങാ പാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട് ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവ പാലില്‍ ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook