ഉയർന്ന ശമ്പളമുള്ള ജോലിക്കാരോട് അസൂയയുണ്ടോ? അവരുടെ ജീവിത രീതികൾ കാണുമ്പോൾ അടങ്ങാത്ത നിരാശയുണ്ടോ?.പുതിയ ഒരു പഠനഫലം നിങ്ങൾക്ക് അല്പം ആശ്വാസം നൽകിയേക്കാം.

ഉയർന്ന ശമ്പളമുള്ളവർക്ക് എല്ലാ ജീവിത സൗകര്യങ്ങളും നേടിയെടുക്കാൻ കഴിഞ്ഞേക്കും. അതിനർത്ഥം അവർ തികഞ്ഞ സന്തോഷവാന്മാരാണ് എന്നല്ല. ഏതാണ്ട് 1500 ലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ സന്തോഷത്തിന്റെ അനുപാതം കുറഞ്ഞിരിക്കുന്നതായി വെളിവായത്. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന ജോലിക്കാരുടെ സ്നേഹം, അഭിമാനം, അനുകമ്പ തുടങ്ങിയ മനോഭാവത്തെ അധികരിച്ചു തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് പണമാണ് സന്തോഷത്തിന്റെ മാനദണ്ഡം എന്ന വിശ്വാസം ഖണ്ഡിക്കപ്പെട്ടത്.

പണത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിക്കുന്നവർ ഒരു പക്ഷേ തങ്ങളെ കുറിച്ച് മാത്രമേ ബോധവാന്മാരാകുന്നുള്ളൂ എന്നതാവാം സന്തോഷമില്ലായ്മക്കു പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സംതൃപ്തി, തങ്ങളുടെ അഭിമാനം, തങ്ങളുടെ വിനോദം.. ഇങ്ങനെ പോകുന്നു ഇവരുടെ ചിന്താഗതി. നേരെ മറിച്ച് ചെറിയ വരവിൽ ജീവിക്കുന്നവർ തങ്ങളുടെ ബന്ധങ്ങളിൽ ഊഷ്മളത കാത്തു സൂക്ഷിക്കുന്നവരും ഈ മനോഭാവത്തിൽ സന്തോഷം കണ്ടെത്തുന്നവരുമായിരിക്കും. തന്നെയുമല്ല മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ഇവർ ബോധവാന്മാരായിരിക്കും എന്നും പഠനം പറയുന്നു.

ദരിദ്രരായവരാണ് ചുറ്റുമുള്ള ലോകത്തിന്റെ സൗന്ദര്യം കാണുന്നവരും സമാധാനം അനുഭവിക്കുന്നവരും. ധനം സന്തോഷത്തിലേക്കുള്ള വഴിയല്ലെന്നാണ് പഠനം തെളിയിക്കുന്നതെന്ന് കാലിഫോർണിയ സർവകലാശാലയിലെ പ്രമുഖ ഗ്രന്ഥകാരൻ പോൾ പിഫ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ