പിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തിന്റെ നിറവും ഘടനയും വർധിപ്പിക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ ചർമ്മസംരക്ഷണ ഘടകമാണ് റെറ്റിനോൾ. വിറ്റാമിൻ എയുടെ മറ്റൊരു പേര് മാത്രമാണ് റെറ്റിനോൾ, റെറ്റിനോയിഡ് പോലെയുള്ള വ്യത്യസ്ത രൂപങ്ങളുണ്ട്. ഇത് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ചർമ്മത്തെ വരണ്ടതാക്കുന്നു.
വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ള പലരും ഇത് ഉപയോഗിക്കാതിരിക്കുന്നതിന്റെ കാരണം ഇതാണ്. അതല്ലെങ്കിൽ ചർമ്മത്തെ വരണ്ടതാക്കാതെ ഇത് ഉപയോഗിക്കുന്നതിനുള്ള ശരിയായ രീതി അവർക്ക് അറിയില്ലായിരിക്കാം. ഡെർമറ്റോളജിസ്റ്റായ ഡോ.ചൈത്രയുടെ അഭിപ്രായത്തിൽ, റെറ്റിനോൾ ആർക്കും ഉപയോഗിക്കാം, എന്നാൽ അത് പ്രയോഗിക്കുന്ന രീതിയാണ് പ്രധാനം.
റെറ്റിനോൾ പ്രയോഗിക്കുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ ചില വഴികൾ അവർ നിർദേശിച്ചിട്ടുണ്ട്. തുടക്കത്തിൽ ആഴ്ചയിൽ ഒരിക്കൽ ഇത് പ്രയോഗിക്കുക, ഏകദേശം നാലാഴ്ചയ്ക്ക് ശേഷം ആഴ്ചയിൽ രണ്ടുതവണയായി കൂട്ടുക, വരണ്ടതും സെൻസിറ്റീവായതുമായ ചർമ്മത്തിന് ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം. കൂടാതെ, ചർമ്മം വരണ്ടതാകുന്നത് കുറയ്ക്കാൻ സഹായിക്കുന്ന സാൻഡ്‌വിച്ച് രീതി എന്ന രീതിയും അവർ നിർദേശിച്ചു.
വളരെ വരണ്ടതും സെൻസിറ്റീവുമായ ചർമ്മമുള്ള ആളുകൾക്ക് റെറ്റിനോൾ അവരുടെ ചർമ്മത്തെ വഷളാക്കുകയും അത്തരം രോഗികളിൽ ഫോട്ടോസെൻസിറ്റിവിറ്റിക്ക് കാരണമാവുകയും ചെയ്യുമെന്ന് നാനാവതി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ.വന്ദന പഞ്ചാബി പറഞ്ഞു. അവർക്കായി, വിറ്റാമിൻ സി, ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ (AHA) അല്ലെങ്കിൽ പോളി ഹൈഡ്രോക്‌സി ആസിഡുകൾ (PHA) പോലുള്ള മറ്റ് ആന്റി-ഏജിങ് ചേരുവകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നുവെന്ന് ഡോ.പഞ്ചാബി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെന്നും റെറ്റിനോൾ പുരട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും തോന്നുന്നുവെങ്കിൽ, ഡോ.ചൈത്രയുടെ അഭിപ്രായത്തിൽ, ബകുചിയോൾ എന്ന ബദൽ ചേരുവ പരീക്ഷിക്കാവുന്നതാണ്. ചർമ്മം റെറ്റിനോളുമായി പൊരുത്തപ്പെട്ടു കഴിയുമ്പോൾ മാത്രം പതുക്കെ അവയിലേക്ക് മാറാമെന്ന് അവർ വ്യക്തമാക്കി.
ബകുചിയോളിന് വാർധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ടെന്നതിന് തെളിവുകളുടെ അഭാവമുണ്ടെന്ന് ഡോ.പഞ്ചാബി പറഞ്ഞു. വിറ്റാമിൻ സി, ഓറൽ ആൻറി ഓക്സിഡൻറുകൾ തുടങ്ങിയ മറ്റ് ചേരുവകളോടൊപ്പം ഇവ ഉപയോഗിക്കുമ്പോൾ ചർമ്മത്തിന്റെ ദൃഢതയും മിനുസവും വർധിപ്പിക്കുമെന്ന് കുറച്ച് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.