മലിനീകരണവും ചില അനാരോഗ്യകരമായ ജീവിത ശീലങ്ങളും കാരണം മുഖക്കുരു, പാടുകൾ, ചർമ്മത്തിലെ വരൾച്ച, ഇറിറ്റേഷൻ എന്നിവ ഇപ്പോൾ വളരെ സാധാരണമായ ചർമ്മ പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് വിപുലമായ ചർമ്മസംരക്ഷണ ദിനചര്യയിൽ ഏർപ്പെടണമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ചർമ്മത്തിലും മാറ്റം വരുത്താം എന്നത് പല ആളുകളും മനസ്സിലാക്കുന്നില്ല.
“ചർമ്മത്തെ പരിപാലിക്കാൻ എല്ലായ്പ്പോഴും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ല. ദിനചര്യയിൽ നിങ്ങൾക്ക് വരുത്താൻ കഴിയുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്. അത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാനും സ്വാഭാവികമായിതന്നെ തിളങ്ങാനും സഹായിക്കും,” ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിന്, നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട ചില എളുപ്പമുള്ള ദൈനംദിന ശീലങ്ങൾ വിദഗ്ധ പങ്കുവെച്ചു.
സാറ്റിൻ തലയണ: ഘർഷണം കുറയുന്നതിനാൽ, ഒരു സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണകൾ ഉപയോഗിക്കുന്നത് മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം: ധാരാളം വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും മതിയാവില്ല. ടോക്സിക് വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമാണ്,” വിദഗ്ധ പറഞ്ഞു.
ഉറക്കം: ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായത്തിൽ ദിവസം ഏഴ് മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കം ചർമ്മകോശങ്ങളുടെ വളർച്ചയും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുകയും മികച്ച കൊളാജൻ ഉത്പാദനം ഉറപ്പാക്കുകയും ചെയ്യുന്നു.
സമ്മർദം: തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കുന്നതിന് സ്ട്രെസ് മാനേജ്മെന്റ് നിർണായകമാണ്. “മികച്ച ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങൾക്കായി പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം വർദ്ധിപ്പിക്കുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനായി വ്യായാമം, യോഗ എന്നിവ ശീലമാക്കാനും” ഡോ. ഗീതിക നിർദ്ദേശിച്ചു.
മേക്കപ്പ് ബ്രഷുകൾ: മുഖക്കുരുവും ചർമ്മത്തിലെ അണുബാധയും കുറയ്ക്കാൻ, വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ മേക്കപ്പ് ബ്രഷുകൾ മാത്രം ഉപയോഗിക്കാൻ മറക്കരുത്.
എന്നിരുന്നാലും, നിങ്ങളുടെ ചർമ്മത്തിന്റെ തരം ( എണ്ണമയമുള്ള, വരണ്ട, സെൻസിറ്റീവ് ) തിരിച്ചറിയേണ്ടതിന്റെ ആവശ്യകത വിദഗ്ധർ എപ്പോഴും ഊന്നിപ്പറയുന്നു. അങ്ങനെ ചെയ്യുന്നത് റൂട്ട് മുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, പുതിയവ തടയാനും സഹായിക്കും. കൂടാതെ, ഏതെങ്കിലും പുതിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ്, അലർജിയോ ജ്വലനമോ ഒഴിവാക്കാൻ ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്.