ഒട്ടാവ: ലോകം ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. ചർച്ചകൾ പുരോഗമിക്കുന്പോഴും രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കാര്യക്ഷമമായ മുന്നേറ്റങ്ങൾ സാധിക്കാതെ വരുന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തങ്ങൾ ഭൂമിയിൽ ഉണ്ടാക്കാൻ പോകുന്നുവെന്നതിന്റെ സൂചനകൾ പ്രകൃതി നൽകിത്തുടങ്ങിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായ ഒരു ധ്രുവക്കരടിയുടെ വീഡിയോ, കാത്തിരിക്കുന്ന വലിയ വിപത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു സൂചകമാണ്. രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് നാഷണൽ ജ്യോഗ്രഫിക് പുറത്തു വിട്ട വീഡിയോയിലുള്ളത്. മരണാസന്നനായ കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്.

ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാതെ കരടി ഒരു നായയെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്‌ലിന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്‌ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്പോൾ തങ്ങളുടെ സംഘാംഗങ്ങളുടേയെല്ലാം കണ്ണുകൾ നിറഞ്ഞു പോയെന്ന് നിക്ലിൻ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ