വേനൽ കനക്കുകയാണ്, ഒപ്പം ചൂടും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. അകവും പുറവും വേവിക്കുന്ന വേനൽദിനങ്ങളിൽ അൽപ്പം കൂടി ശ്രദ്ധ ആരോഗ്യകാര്യങ്ങളിലും പുലർത്തേണ്ടതുണ്ട്. വേനൽക്കാല രോഗങ്ങൾ തടയാനും ചൂടിനെ പ്രതിരോധിക്കാനുമായി ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ് ഇതിൽ പ്രധാനം.
നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കുക. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. യാത്രകൾക്ക് ഇറങ്ങുമ്പോൾ ഒരു കുപ്പി വെള്ളവും കയ്യിൽ കരുതുക. വേണ്ടത്ര വെള്ളം ശരീരത്തിനു ലഭിച്ചില്ലെങ്കിൽ നിര്‍ജലീകരണം മൂലം ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം
വേനൽക്കാലത്ത് ആളുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സൂര്യാഘാതമാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയെ ആണ് സൂര്യാഘാതം എന്നു പറയുന്നത്.
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണമായി കാണപ്പെടാം. ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
സൂര്യാതപം
സൂര്യാഘാതത്തോടൊപ്പം തന്നെ സൂര്യാതപം ഏൽക്കാനുള്ള സാഹചര്യങ്ങളും ഏറെയാണ്. സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് ഇത്. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ യാതൊരു കാരണവശാലും പൊട്ടിക്കാന്‍ പാടില്ല.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയൊക്കെ സൂര്യാതപത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
സൂര്യാഘാതം/ സൂര്യാതപം ഏറ്റു എന്നു തോന്നിയാൽ എത്രയും പെട്ടെന്ന് തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക. കട്ടി കൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിൽ അതു നീക്കം ചെയ്യുക. തണുത്ത ജലം ഉപയോഗിച്ച് ശരീരവും മുഖവും തുടയ്ക്കുക.
ഫാന്‍, ഏസി എന്നിവ ഓൺ ചെയ്തോ വിശറി ഉപയോഗിച്ചോ ശരീരം തണുപ്പിക്കുക. വെള്ളമോ ജ്യൂസോ ആയി ധാരാളമായി കുടിക്കുക. പഴങ്ങളും സലാഡുകളും പോലെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ നൽകുക. സൂര്യാഘാതം മൂലം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തുടരുകയാണെങ്കിലും ബോധക്ഷയം പോലുള്ള പ്രശ്നങ്ങൾ കണ്ടാലും ഉടനെ ആശുപത്രിയിൽ എത്തിക്കുക.
എങ്ങനെ പ്രതിരോധിക്കാം
നല്ല രീതിയിൽ വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, ജ്യൂസുകൾ എന്നിവയെല്ലാം ധാരാളമായി കുടിക്കുക. തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും വേനൽക്കാലത്ത് നല്ലതാണ്. പച്ചക്കറി സലാഡുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞതും പരുത്തി കൊണ്ടോ സോഫ്റ്റ് കോട്ടൺ കൊണ്ടോ ഉള്ള വസ്ത്രങ്ങൾ ധരിക്കാം. വെയിലിന്റെ കാഠിന്യം കൂടുതലുള്ള 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കഴിവതും പുറത്തിറങ്ങി ജോലികൾ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ ആ സമയം വിശ്രമിച്ച് ബാക്കി സമയങ്ങളിലേക്ക് ജോലി ക്രമീകരിക്കുകയോ ചെയ്യുക. കുട്ടികളെയും വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക
വീടിനകത്തെ വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. പകൽ സമയങ്ങളിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് ചൂടു കാറ്റ് പുറത്തുപോവാനുള്ള ക്രമീകരണം ഒരുക്കുക. വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്തു പോവുമ്പോൾ അതിിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
കുട്ടികൾ, പ്രായമായവർ, ഗര്‍ഭിണികൾ, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരുടെയെല്ലാം കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഇവരിൽ അപകടസാധ്യത കൂടുതലാണ്.
Read more: ഭക്ഷണം കഴിക്കുന്നതിനിടയിൽ വെളളം കുടിക്കാമോ?