കേരളത്തിലേക്ക് വിരുന്നെത്തിയ വിദേശ പഴങ്ങളിലൊന്നാണ് ലിച്ചി. കാഴ്ചയിലും രുചിയിലും ഇഷ്ടം കവരുന്ന ഈ ചെറുപഴങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വേനൽക്കാലത്ത് ലിച്ചി പഴങ്ങൾ കഴിക്കുന്നത് ഏറെ ഗുണകരമാണ്, ഇതിൽ 80 ശതമാനത്തിലധികം വെള്ളമാണുള്ളത്. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ധാരാളം കാര്‍ബോഹൈഡ്രേറ്റും ലിച്ചിയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണപദാർത്ഥങ്ങൾ നമുക്കുണ്ട്. അവയിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമാണ് ലിച്ചി. നാരുകളാൽ സമ്പന്നമായ ലിച്ചി പഴങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി കുറവുള്ള പഴങ്ങളിൽ ഒന്നുകൂടിയാണ് ലിച്ചി. മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്ത ലിച്ചിപ്പഴങ്ങൾ കഴിക്കാം.

നാരുകളാൽ സമ്പന്നമായ ലിച്ചി ദഹനപ്രക്രിയയെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കാൻ ലിച്ചിപ്പഴത്തിനു കഴിവുണ്ട്. ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും.

litchi fruit, health benefits of litchi fruit, ലിച്ചി, ലിച്ചി പഴങ്ങൾ, litchi fruit and weight loss

കൂടാതെ, ധാരാളം അവശ്യ പോഷകങ്ങൾ‌ അടങ്ങിയിരിക്കുന്ന ലിച്ചി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മികച്ച രോഗപ്രതിരോധശേഷി ശരീരം ആരോഗ്യകരമായ രീതിയിലാണ് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.

റംബൂട്ടാൻ പഴങ്ങളുടെ കുടുംബത്തിൽ പെടുന്ന ലിച്ചിയ്ക്ക് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ലിച്ചിയിൽ പൊട്ടാസ്യം കൂടുതലും സോഡിയം കുറവുമാണ്. അവ രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്തും.

പ്രായാധിക്യത്തില്‍ ഉണ്ടാവുന്ന മെറ്റാബോളിസത്തെ നിയന്ത്രിച്ച് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മുഖത്തും ശരീരത്തിലും വീഴുന്ന ചുളിവുകളെയും പാടുകളെയും ഇല്ലാതാക്കാനും ലിച്ചി പഴത്തിനു സാധിക്കുന്നു. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യും. ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ എന്നീ പ്രശ്നങ്ങളെയും തടയും.

Read more: പ്രമേഹമുള്ളവർ കൂൺ കഴിക്കാമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook